മുന്‍ ഇന്ത്യന്‍ താരവും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളുമായ സുരേഷ് റെയ്‌ന ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. നേരത്തെ 2020 ഓഗസ്റ്റ് 15 ന് റെയ്‌ന അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. അന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണിക്കൊപ്പം വിരമിക്കല്‍ പ്രഖ്യാപിച്ച റെയ്‌ന 2022 പിന്നീട് ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനായി പാഡണിഞ്ഞു വരികയായിരുന്നു.
ആക്രമണോത്സുകമായ ബാറ്റിങ് രീതിയാണ് ഈ ഇടങ്കയ്യന്‍ മധ്യനിര ബാറ്റർ പിന്തുടര്‍ന്നത്. എം എസ് ധോണിയുടെ നേതൃത്വത്തില്‍ 2011 ല്‍ ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നു റെയ്‌ന. 'മിസ്റ്റര്‍ ഐപിഎല്‍' എന്ന് വിളിക്കപ്പെടുന്ന റെയ്‌ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിശ്വസ്ത താരവുമായിരുന്നു. 2021 ഒക്ടോബറില്‍ അബുദാബിയില്‍ നടന്ന മത്സരത്തില്‍ സിഎസ്‌കെ യ്ക്കു വേണ്ടി രാജസ്ഥാന്‍ റോയല്‍സിനെതിരെയായിരുന്നു അവസാന മത്സരം.
'' എന്റെ രാജ്യത്തെയും സംസ്ഥാനമായ യുപിയെയും പ്രതിനിധീകരിക്കാന്‍ സാധിച്ചത് വലിയ ബഹുമതിയാണ്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുന്നു. ബിസിസിഐ, യുപിസിഎ ക്രിക്കറ്റ്, ടീം സിഎസ്‌കെ, ശുക്ല രാജീവ് സര്‍ എന്നിവരോടും എന്റെ എല്ലാ ആരാധകരോടും നല്‍കിയ പിന്തുണയ്ക്കും എന്റെ കഴിവിലുള്ള അചഞ്ചലമായ വിശ്വാസത്തിലും ഞാന്‍ നന്ദി പറയുന്നു'', വിരമിക്കല്‍ പ്രഖ്യാപിച്ചു കൊണ്ട് റെയ്‌ന ട്വിറ്ററില്‍ കുറിച്ചു.
13 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറിനിടയില്‍ റെയ്‌ന 18 ടെസ്റ്റുകളിലും 226 ഏകദിനങ്ങളിലും 78 ടി 20 കളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടിയ റെയ്‌ന, ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും സെഞ്ചുറി നേടുന്ന ആദ്യ താരം കൂടിയാണ്. ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ തിളങ്ങി നിന്ന റെയ്‌ന 205 ഐപിഎല്‍ കളില്‍ നിന്ന് ഒരു സെഞ്ചുറിയും 39 അര്‍ദ്ധ സെഞ്ചുറികളും ഉള്‍പ്പടെ 136.76 സ്‌ട്രൈക്ക് റേറ്റില്‍ 5528 റണ്‍സ് നേടിയിട്ടുണ്ട്.
It has been an absolute honour to represent my country & state UP. I would like to announce my retirement from all formats of Cricket. I would like to thank @BCCI, @UPCACricket, @ChennaiIPL, @ShuklaRajiv sir & all my fans for their support and unwavering faith in my abilities 🇮🇳
— Suresh Raina🇮🇳 (@ImRaina) September 6, 2022
ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും റെയ്‌ന മിടുക്ക് കാണിച്ച അവസരങ്ങളുണ്ട്. ടെസ്റ്റ്, ഏകദിനം, ടി 20 ഫോര്‍മാറ്റുകളില്‍ നിന്നായി യഥാക്രമം 13, 36, 13 എന്ന രീതിയില്‍ വിക്കറ്റ് വീഴ്ത്തി. ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിന്റെ ക്യാപ്റ്റനായും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വൈസ് ക്യാപ്റ്റനായും ഇറങ്ങിയിട്ടുണ്ട്. ധോണിയുടെ അഭാവത്തില്‍ ഇടയ്ക്ക് ഇന്ത്യന്‍ ടീമിന്റെ സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്ന റെയ്‌ന ഇന്ത്യയെ നയിച്ച ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ കളിക്കാരനാണ്.
Content Highlights: Suresh Raina has announced his retirement from all formats of cricket



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !