ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്നാമത്തേയും അവസാനത്തേയും പോരാട്ടത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയാണ് ഇന്ത്യയുടെ പരമ്പര നേട്ടം. അവസാന പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ വെറും 99 റണ്‍സില്‍ ഓള്‍ ഔട്ടാക്കിയ ഇന്ത്യ വിജയത്തിനാവശ്യമായ റണ്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ആദ്യ പോരില്‍ തോല്‍വി വഴങ്ങിയ ഇന്ത്യ രണ്ടും മൂന്നും പോരാട്ടം ജയിച്ചാണ് പരമ്പര പിടിച്ചത്.
ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണ് ടീമിന്റെ ടോപ് സ്‌കോറര്‍. താരം 57 പന്തില്‍ 49 റണ്‍സെടുത്തു. കഴിഞ്ഞ കളിയിലെ സെഞ്ച്വറിക്കാരന്‍ ശ്രേയസ് അയ്യര്‍ 23 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 28 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ട് റണ്ണുമായി സഞ്ജു സാംസണും പുറത്താകാതെ ക്രീസില്‍ നിന്നു.
ശുഭ്മാന്‍ ഗില്ലിന് പുറമെ ക്യാപ്റ്റനും ഓപ്പണറുമായ ശിഖര്‍ ധവാന്‍ (എട്ട്), ഇഷാന്‍ കിഷന്‍ (10) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ദക്ഷിണാഫ്രിക്കയായി ലുന്‍ഗി എന്‍ഗിഡി, ബ്യോണ്‍ ഫോര്‍ച്യുന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ധവാന്‍ റണ്ണൗട്ടായി.
നേരത്തെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്ക പൊരുതാന്‍ പോലും നില്‍ക്കാതെ കീഴടങ്ങി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ വെറും 99 റണ്‍സിന് ഓള്‍ ഔട്ടായി.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ തീരുമാനം ശരിയാണെന്ന് ബൗളര്‍മാര്‍ തെളിയിച്ചു. ബൗളിങ് ഓപ്പണ്‍ ചെയ്തത് തന്നെ സ്പിന്നറായിരുന്നു. വാഷിങ്ടന്‍ സുന്ദറാണ് ഇന്ത്യക്കായി ബൗളിങ് തുടങ്ങിയത്. ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായ പത്തില്‍ എട്ട് വിക്കറ്റുകളും പോക്കറ്റിലാക്കിയത് സ്പിന്നര്‍മാര്‍.
4.1 ഓവറില്‍ വെറും 18 റണ്‍സ് മാത്രം വഴങ്ങി കുല്‍ദീപ് യാദവ് നാല് വിക്കറ്റുകള്‍ വീഴ്ത്തി ദക്ഷിണാഫ്രിക്കയെ വട്ടം കറക്കി. വാഷിങ്ടന്‍ സുന്ദര്‍, ഷഹബാസ് അഹ്മദ്, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി സന്ദര്‍ശക ഇന്നിങ്‌സിന് തിരശ്ശീലയിട്ടു.
34 റണ്‍സെടുത്ത ഹെന്റിച് ക്ലാസനാണ് പിടിച്ചു നിന്ന ഏക ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍. ജന്നെമന്‍ മാലന്‍ (15), മാര്‍ക്കോ ജെന്‍സന്‍ (14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. മറ്റെല്ലാവരും പൊരുതാന്‍ പോലും നില്‍ക്കാതെ മടങ്ങി. ഇന്ന് വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാകും.
Content Highlights: India won the ODI series against South Africa
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !