വളാഞ്ചേരി:കഞ്ഞിപുര - മൂടാൽ ബൈപ്പാസിന് സംസ്ഥാ സർക്കാർ ഇപ്പോൾ അനുവദിച്ച 5 കോടിയും കൂടി ചേർത്ത് കോട്ടക്കൽ - തിരൂർ എം.എൽ.എ.മാർ ചേർന്ന് സാധാരണ ടാറിംഗ് നടത്തി തൽക്കാലം പ്രവൃത്തി പൂർത്തിയാക്കണമെന്നും അത് കഴിഞ്ഞ് റബ്ബറൈസ്ഡ് ചെയ്യുന്നത് ആലോചിക്കുന്നതാണ് ബുദ്ധിയെന്നും ഡോ.കെ .ടി.ജലീൽ എം.എൽ.എ പറഞ്ഞു. ആദ്യം ഇരുന്ന് പിന്നീട് കാൽ നീട്ടുന്നതാകും നല്ലത്.. അല്ലങ്കിൽ ഇരിക്ക കുത്തനെ വീഴുമെന്നും ജലീൽ പരിഹസിച്ചു..
ഡോ.കെ .ടി.ജലീൽ പറഞ്ഞ് വെക്കുന്നത് ഇങ്ങനെ...
കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസിന് 5 കോടി അനുവദിച്ചു.
16.2.2012 നാണ് കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസിന് 25 കോടി UDF സർക്കാർ അനുവദിച്ചത്. ഇതിൽ 10 കോടി സ്ഥലമേറ്റെടുക്കാനും 15 കോടി റോഡ് നിർമ്മാണത്തിനുമായിരുന്നു. ഇതുപ്രകാരം ആതവനാട് പഞ്ചായത്തിലെ കഞ്ഞിപ്പുര മുതൽ അമ്പലപ്പറമ്പ് വരെ സ്ഥലമേറ്റെടുത്ത് പ്രവൃത്തി തുടങ്ങി. പിന്നീട് ഇതിലേക്കായി ഒരു രൂപയും അനുവദിക്കാതെയാണ് UDF സർക്കാർ ഭരണം വിട്ടത്.
15 മീറ്റർ വീതിയിൽ വളാഞ്ചേരി, കുറ്റിപ്പുറം പഞ്ചായത്തുകളിൽ സ്ഥലമേറ്റെടുക്കാൻ, നാട്ടുകാരനെന്ന നിലയിലും മലപ്പുറം ജില്ലയുടെ ചാർജുള്ള മന്ത്രി എന്ന നിലയിലും ഈ വിനീതൻ്റെ കൂടി ഇടപെടലിനെ തുടർന്ന് ഒന്നാം പിണറായി സർക്കാർ 3.6.2016 ന് 10 കോടിയും 28.3.2018 ന് 23.64 കോടിയും അനുവദിച്ചു. അതോടെയാണ് മുഴുവൻ സ്ഥലവും ഏറ്റെടുത്ത് സ്ഥലമുടമകൾക്ക് പണം പൂർണ്ണമായും നൽകിയത്.
തുടർന്ന് 13.43 കോടിയുടെ സാങ്കേതികാനുമതി കിട്ടുകയും പ്രവൃത്തി ടെൻഡർ ചെയ്യുകയും ചെയ്തു. മലപ്പുറം മലബാർ അസോസിയേറ്റ്സ് എന്ന കമ്പനിയാണ് കരാർ എടുത്തത്. റോഡ് നിർമ്മാണം പുനരാരംഭിച്ചു. ഏകദേശം എർത്ത് വർക്കുകൾ പൂർത്തിയായി. അപ്പോഴാണ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് മാറ്റാനും ഇലക്ട്രിക്ക് പോസ്റ്റുകൾ മാറ്റിക്കുഴിച്ചിടാനും അഡീഷണൽ എർത്ത് വർക്കുകൾ നടത്താനും അധികപണം ആവശ്യമായി വന്നത്.
സത്യത്തിൽ തിരൂർ-കോട്ടക്കൽ MLA മാർക്ക് അവരവരുടെ അയ്യഞ്ച് കോടി മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് 2.5 കോടി വീതം ഇതിലേക്കായി നീക്കിവെച്ചിരുന്നെങ്കിൽ രണ്ട് വർഷം മുമ്പുതന്നെ കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് യാഥാർത്ഥ്യമായേനെ. മന്ത്രി എന്ന നിലയിൽ ഒരു വർഷം കൊണ്ട് പണി പൂർത്തിയാക്കുമെന്ന് ഞാൻ പ്രഖ്യാപിച്ചിരുന്നു. സമയബന്ധിതമായി റോഡ് പണി തീർന്നാൽ അതിൻ്റെ ക്രെഡിറ്റ് എനിക്ക് വന്നാലോ എന്ന ഭയവും ചിലർക്കുണ്ടായിരുന്നു.
അതുകൊണ്ടുകൂടിയാവാം സർക്കാർ തന്നെ അധിക തുക അനുവദിക്കണമെന്ന് ബന്ധപ്പെട്ടവർ ശാഠ്യം പിടിച്ചത്. മകൻ മരിച്ചാണെങ്കിലും മരുമകളുടെ കണ്ണീര് കാണാൻ ആഗ്രഹിച്ച അമ്മായിഅമ്മയെപ്പോലെ. അതോടെ ബൈപ്പാസ് പ്രവൃത്തി അനന്തമായി നീണ്ടുപോയി. ഇപ്പോഴിതാ രണ്ടാം പിണറായി സർക്കർ 2023-24 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തി കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് പൂർത്തിയാക്കാൻ 5 കോടി അനുവദിച്ചിരിക്കുന്നു.
കിട്ടിയ പണം ഉപയോഗിച്ച് എത്രയും വേഗം റോഡ് ടാർ ചെയ്ത് കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് പൂർത്തിയാക്കാൻ ബന്ധപ്പെട്ട MLA മാർ മുന്നിട്ടിറങ്ങണം. ബഹുജനങ്ങൾ MLA മാരെ അതിന് പ്രേരിപ്പിക്കണം. ഇനി റബറൈസ് ചെയ്യാനുള്ള പണം കിട്ടട്ടെ എന്നിട്ടാകാം റോഡ് പ്രവൃത്തി ആരംഭിക്കൽ എന്നും പറഞ്ഞ് കാത്തിരുന്നാൽ കിട്ടിയ അഞ്ച് കോടിയും പ്രയോജനപ്പെടാതെ പോകും.
ഇപ്പോൾ അനുവദിച്ച 5 കോടിയും കൂടി ചേർത്ത് സാധാരണ ടാറിംഗ് നടത്തി കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് തൽക്കാലം പൂർത്തിയാക്കുക. അതു കഴിഞ്ഞ് റബറൈസ് ചെയ്യുന്നത് ആലോചിക്കലാകും ബുദ്ധി. ആദ്യം ഇരുന്ന് പിന്നീട് കാൽനീട്ടിയാൽ കാര്യം നടക്കും. അല്ലെങ്കിൽ ഇരിക്കെക്കുത്തനെ വീഴും. ഏതു വേണമെന്ന് ബന്ധപ്പെട്ടവർക്ക് തീരുമാനിക്കാം.
Content Highlights:Kanjipura-Moodal Bypass: MLAs to complete the work quickly.. Dr.K.T.Jalil
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !