കരിപ്പൂര്‍: (mediavisionlive.in) വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി. നരിക്കുനി സ്വദേശി അസ്മാ ബീബിയെ (32) കസ്റ്റംസ് അറസ്റ്റ് ചെയ്തു. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.
ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവര്‍ എത്തിയത്. രണ്ട് പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.
കഴിഞ്ഞ ദിവസങ്ങളില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് വന്‍തോതില്‍ സ്വര്‍ണം പിടികൂടിയിരുന്നു. ഞായറാഴ്ച എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ ഒളിപ്പിച്ചുകടത്തിയ 50 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടിയിരുന്നു. റിയാദില്‍ നിന്നും ബഹ്റൈന്‍ വഴി ഗള്‍ഫ് എയര്‍ വിമാനത്തിലെത്തിയ പാലക്കാട് കൊടുന്തിരപുള്ളി സ്വദേശിയായ ജബ്ബാര്‍ അബ്ദുല്‍ റമീസില്‍ (30) നിന്നുമാണ് ഈ സ്വര്‍ണം പിടികൂടിയത്.
അടുത്തകാലത്തായി കരിപ്പൂരിൽനിന്നു കോടിക്കണക്കിന് രൂപയുടെ സ്വർണമാണ് പോലീസും കസ്റ്റംസും പിടികൂടിയിരുന്നത്. വിമാനത്താവളത്തിന് അകത്തും പുറത്തും കർശന പരിശോധനയാണ് ഉദ്യോഗസ്ഥർ നടത്തിവരുന്നത്. ഉദ്യോഗസ്ഥരുടെ ശ്രദ്ധതിരിക്കാനായാണ് കള്ളക്കടത്ത് സംഘം യുവതികളെയും സ്വർണം കടത്താൻ ഉപയോഗിക്കുന്നത്. മുമ്പും കരിപ്പൂർ വഴി സ്വർണം കടത്താൻ ശ്രമിച്ച യുവതികൾ പിടിയിലായിരുന്നു.
ഡെപ്യൂട്ടി കമ്മിഷണർ ആനന്ദ് കുമാറിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ടി എസ് ബാലകൃഷ്ണൻ, അനൂപ് പൊന്നാരി, ജീസ് മാത്യു, എബ്രഹാം കോശി, ഷാജന ഖുറേഷി, വിമൽ കുമാർ, വിനോദ് കുമാർ, ഇൻസ്‌പെക്ടർ ധന്യ കെ പി, ഹെഡ് ഹവൽദാർമാരായ അലക്സ് ടി എ, ലില്ലി തോമസ് എന്നിവർ ചേർന്നാണ് യുവതിയെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: One crore worth of gold in underwear; Woman arrested in Karipur