തിരുവനന്തപുരം: അവധിക്കാലത്ത് കുടുംബസമേതം നാട്ടിലേക്കും വിദേശത്തേക്കും പറക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയായി എയർഇന്ത്യ എക്‌സ്‌പ്രസ് കുട്ടികളുടെ ടിക്കറ്റ് നിരക്കിലെ ഇളവ് പിൻവലിച്ചു.
രണ്ട് മുതൽ 12 വയസുവരെയുള്ള കുട്ടികൾക്ക് 20 ശതമാനം വരെ ഇളവ് നൽകിയിരുന്നു. എയർഇന്ത്യ എക്‌സ്‌പ്രസ് ടാറ്റ ഏറ്റെടുത്ത ശേഷമുള്ള പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ഇത് പിൻവലിച്ചത്. ഇതോടെ 12വയസിന് താഴെയുള്ള കുട്ടികൾക്കും സാധാരണ ടിക്കറ്റ് എടുക്കണം.
ബഡ്‌ജറ്റ് എയർലൈനുകളിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് മാത്രമാണ് കുട്ടികൾക്ക് ഇളവ് നൽകിയിരുന്നത്.
എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെയും എയർ ഏഷ്യ ഇന്ത്യയുടെയും ടിക്കറ്റ് ബുക്കിംഗ് ഒരു പ്ലാറ്റ്‌ഫോമിലാക്കാൻ ബുക്കിംഗ് വെബ്‌സൈറ്റ് പരിഷ്‌കരിച്ചിരുന്നു. അതിന് ശേഷമാണ് കുട്ടികൾക്കും മുതിർന്നവർക്കും ഒരേ നിരക്ക് ഈടാക്കുന്നത്. ദുബായ്, ഷാർജ വിമാനത്താവളങ്ങളിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ സർവീസുകൾ നിർത്തലാക്കി പകരം എക്‌സ്‌പ്രസിന്റെ സർവ്വീസുകൾ ആരംഭിച്ചു. എയർഇന്ത്യ നിർത്തിയതോടെ ആഴ്ചയിൽ 2,200 സീറ്റുകൾ കുറയുന്നതിന്റെ നഷ്ടം നികത്താൻ കൂടിയാണ് കുട്ടികളുടെ ഇളവ് റദ്ദാക്കിയത്.
രണ്ട് വയസുവരെയുള്ള കുട്ടികൾക്ക് ടിക്കറ്റിന്റെ ടാക്‌സ് മാത്രം അടച്ചാൽ മതി ഈ ആനുകൂല്യവും മാറ്റി ഫുൾടിക്കറ്റ് ആക്കാനുള്ള ആലോചനയിലാണ് എക്‌സ്‌പ്രസ്. അതേസമയം, കൊവിഡ് കാലത്ത് റദ്ദാക്കിയ വിമാനങ്ങളിൽ ടിക്കറ്റ് എടുത്തവർക്ക് പകരം ടിക്കറ്റോ റീഫണ്ടോ നൽകാൻ എയർഇന്ത്യ തയ്യാറായിട്ടില്ല. തവണകളായി നൽകാമെന്ന വാഗ്ദാനവും പാലിച്ചില്ല. എയർഇന്ത്യക്കും എക്പ്രസിനും ഗൾഫിലേക്ക് എറ്റവും കൂടുതൽ യാത്രക്കാർ കേരളത്തിൽ നിന്നാണ്. അവരോട് എയർഇന്ത്യ അവഗണയാണ് കാട്ടുന്നത്.
Content Highlights: Child concession on ticket fare cancelled: Air India Express


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !