ജനസംഖ്യയിൽ ചൈനയെ പിന്നിലാക്കാൻ ഇന്ത്യ. ഈ വർഷം മധ്യത്തോടെ ജനസംഖ്യയിൽ ഇന്ത്യ ഒന്നാമതെത്തുമെന്ന് ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ റിപ്പോർട്ടാണ് വ്യക്തമാക്കുന്നത്. അപ്പോഴേക്കും ചൈനയേക്കാൾ 30ലക്ഷം ജനങ്ങൾ ഇന്ത്യയിൽ അധികമായുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇരു രാജ്യങ്ങളിൽ നിന്നുമുള്ള ഔദ്യോഗിക കണക്കുകൾ കൃത്യമായി ലഭിക്കാത്തതിനാൽ ഇന്ത്യ ഏത് തീയതിൽ ചൈനയെ മറികടക്കുമെന്ന് കൃത്യമായി പ്രവചിക്കുക അസാധ്യമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം 2023 മധ്യത്തോടെ ഇന്ത്യയിൽ ജനസംഖ്യ 142.86 കോടിയാകും. കഴിഞ്ഞ വർഷം രാജ്യത്ത് 1.56 ശതമാനം വർധനയാണ് ജനസംഖ്യയിൽ ഉണ്ടായതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 142.57 കോടി ജനസംഖ്യയുമായി ചൈന ഇന്ത്യയ്ക്ക് തൊട്ടുപിന്നിലാകുമെന്നും '8 ബില്യൺ ലൈവ്സ്, ഇൻഫിനിറ്റ് പോസിബിലിറ്റീസ്: ദി കേസ് ഫോർ റൈറ്റ്സ് ആൻഡ് ചോയ്‌സസ്" എന്ന റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയുടെ ജനസംഖ്യയിൽ വലിയ വർധനയുണ്ടാകുമ്പോൾ ചൈനയിൽ ഇടിവ് രേഖപ്പെടുത്തുമെന്ന് റിപ്പോർട്ട് പറയുന്നു. 1978 മുതൽ എല്ലാവർഷവും ഐക്യരാഷ്ട്രസഭ ജനസംഖ്യാ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നുണ്ട്. 2022 ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ 140.66 കോടിയും ചൈനയിലേത് 144.85 കോടിയുമായിരുന്നു. ഇവിടെ നിന്നാണ് ഇന്ത്യ ചൈനയെ മറികടക്കുന്നത്.
പുതിയ കണക്ക് പ്രകാരം രാജ്യത്തെ സ്ത്രീകളുടെ പ്രത്യുത്പാദന നിരക്ക് രണ്ടാണ്. പുരുഷന്റെ ശരാശരി ആയുർദൈർഘ്യം 71 ഉം സ്ത്രീകളുടേത് 74 ഉം ആണെന്നും റിപ്പോർട്ട് പറയുന്നു. രാജ്യത്തെ ജനസംഖ്യയുടെ 68 ശതമാനവും 15 നും 64 നും ഇടയിൽ പ്രായമുള്ളവരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക, ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക, ആരോഗ്യ സംരക്ഷണത്തിന് അവസരം തേടുക തുടങ്ങിയ കാര്യങ്ങളിൽ തീരുമാനം എടുക്കാൻ 68 രാജ്യങ്ങളിലെ 44 ശതമാനം സ്ത്രീകൾക്കും അവകാശമില്ലെന്ന് റിപ്പോർട്ട് കണ്ടെത്തി. ലോകമെമ്പാടുമുള്ള 25.7 കോടി വരുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കാനും അവസരം ലഭിക്കില്ലെന്നാണ് റിപ്പോർട്ടിലുള്ളത്.
1950 മുതൽ ഐക്യരാഷ്ട്രസഭ ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നുണ്ട്. ഇതാദ്യമായാണ് പട്ടികയിൽ ഇന്ത്യ ഒന്നാമതെത്തുന്നത്. ഈ മാസം തന്നെ ഇന്ത്യ, ചൈനയെ മറികടന്നേക്കാമെന്നും, കൃത്യം തീയതി പ്രവചിക്കുക അസാധ്യമെന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 1960 ന് ശേഷം ആദ്യമായി കഴിഞ്ഞ വർഷം ചൈനയിൽ ജനസംഖ്യാ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
Content Highlights: India to overtake China in population


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !