എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. ഇത് സംബന്ധിച്ച് നേരത്തേ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതി ഷാറൂഖ് സെയ്ഫിയെ റിമാന്റ് ചെയ്തു. ഇയാളുടെ കസ്റ്റഡി പൊലീസ് ആവശ്യപ്പെട്ടിരുന്നില്ല. കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്ത സാഹചര്യത്തില്‍ ഇനി ഇതുവരെയുള്ള കണ്ടെത്തലുകളെല്ലാം എന്‍ഐഎ സംഘത്തിന് കേരളാ പൊലീസ് കൈമാറും. കേസിന്റെ തീവ്രവാദ സ്വഭാവവും ഗൂഢാലോചനയുമാകും എന്‍ ഐ എ പരിശോധിക്കുക. കേസ് ഏറ്റെടുക്കാന്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം വിജ്ഞാപനം ഇറക്കിയതിന് പിന്നാലെയാണ് നടപടി. എന്‍ഐഎ കൊച്ചി യൂണിറ്റ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇത് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു. യു എ പി എ അടക്കമുളള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേസില്‍ വലിയ ദുരൂഹത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പ്രതി ഒറ്റയ്ക്കാണോ കൃത്യം നടത്തിയതെന്നാണ് പ്രധാന ചോദ്യം. കേസന്വേഷണത്തിന്റെ തുടക്കം മുതല്‍ എന്‍ഐഎ സംഘം ഇതില്‍ സഹായിക്കുന്നുണ്ടായിരുന്നു. ഷഹീന്‍ബാഗ് മുതല്‍ കേരളം വരെ നീളുന്ന ഒട്ടേറെ കണ്ണികള്‍ ഇതിലുണ്ടോയെന്ന് ദേശീയ അന്വേഷണ ഏജന്‍സി സംശയിക്കുന്നുണ്ട്. ഇതുമായെല്ലാം ബന്ധപ്പെട്ട അന്വേഷണം നടക്കും.
എന്‍ഐഎ കേസ് ഏറ്റെടുക്കുമെന്ന സൂചന നേരത്തേ തന്നെയുണ്ടായിരുന്നു. പ്രത്യേകിച്ചൊരു പ്രകോപനവും ഇല്ലാതെയുള്ള ആക്രമണം തീവ്രവാദ സ്വഭാവമുള്ളതാണെന്ന വിലയിരുത്തലായിരുന്നു. പ്രതി പൊലീസ് അന്വേഷണത്തോടും ചോദ്യങ്ങളോടും നിസഹകരിച്ചിരുന്നു. പ്രതിക്ക് പ്രാദേശിക സഹായം കിട്ടിയോ എന്നടക്കം ഏറെ കാര്യങ്ങള്‍ ഇതില്‍ ഇനിയും കണ്ടെത്തേണ്ടതുണ്ട്.
Content Highlights: NIA has taken over the Kozhikode train arson case investigation
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !