ഇടുക്കി: മാങ്ങ മോഷ്‌ടിച്ച കേസിലെ പ്രതിയായ ഇടുക്കി എ ആർ ക്യാമ്പിലെ സി പി ഒ പി വി ഷിഹാബിനെ പൊലീസിൽ നിന്ന് പിരിച്ചുവിട്ടു. ഇടുക്കി ജില്ലാ പൊലീസ് മേധാവിയാണ് നടപടി സ്വീകരിച്ചത്. പിരിച്ചുവിടാനുള്ള പൊലീസുകാരുടെ പട്ടികയിൽ ഷിഹാബിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. പിന്നാലെ പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി പൊലീസ് സൂപ്രണ്ട് വി യു കുര്യാക്കോസ് ഇയാൾക്ക് നോട്ടീസ് നൽകിയിരുന്നു. ഡിജിപിയുടെ നിർദേശപ്രകാരമാണിത്.
മാങ്ങാമോഷണത്തിന് പുറമേ മറ്റ് രണ്ട് കേസുകളിൽ അച്ചടക്കനടപടി നേരിട്ടിട്ടുള്ളതും പിരിച്ചുവിടാനുള്ള പട്ടികയിലേയ്ക്ക് ഷിഹാബിന്റെ പേര് വരുന്നതിന് കാരണമായിരുന്നു. കഴിഞ്ഞ വർഷം സെപ്തംബറിലാണ് കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പച്ചക്കറി മൊത്തവ്യാപാര സ്ഥാപനത്തിന് മുന്നിൽ സൂക്ഷിച്ചിരുന്ന മാങ്ങ മോഷ്ടിച്ച കേസിൽ ഇയാൾ പിടിയിലായത്. കടയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ആളിനെ തിരിച്ചറിഞ്ഞത്. 600 രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴം മോഷണം പോയെന്നാണ് കടയുടമയുടെ പരാതിയിൽ പറഞ്ഞിരിക്കുന്നത്. മോഷണത്തിന് കേസെടുത്തെങ്കിലും പിന്നീട് പഴക്കടക്കാരൻ പരാതിയില്ലെന്ന് അറിയിച്ചതോടെ കോടതി കേസ് ഒത്തുതീർപ്പാക്കി.
2019ൽ പാക്കാനം സ്വദേശിനി മുണ്ടക്കയം പൊലീസിന് നൽകിയ പരാതിയിൽ ഷിഹാബ് അറസ്റ്റിലായിരുന്നു. പീഡനക്കേസിൽ ഇയാൾ സസ്പെൻഷനിലായിട്ടുണ്ട്. സ്ത്രീകളെ ശല്യം ചെയ്ത കേസിലും മുണ്ടക്കയം പൊലീസ് ഷിഹാബിനെതിരെ കേസെടുത്തിരുന്നു. സേനയുടെ ഭാഗമാകുന്നതിന് മുമ്പ് വീടുകയറി ആക്രമിച്ചെന്ന കേസിലും ഇയാൾ പ്രതിയായിരുന്നു.
Content Highlights: The policeman who stole the mango was dismissed from service
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !