![]() |
| പ്രതീകാത്മക ചിത്രം |
പാലക്കാട്: കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്‌സ്പ്രസ് പാലക്കാട് സ്റ്റേഷനിലെത്തിച്ചു. ട്രെയിന്‍ എത്തുന്ന വിവരമറിഞ്ഞ് നിരവധി ആളുകളാണ് സ്റ്റേഷനില്‍ തടിച്ചുകൂടിയിരുന്നത്.
ട്രെയിനിലെ ജീവനക്കാരെ മാലയിട്ടും മധുരം നല്‍കിയുമാണ് ഇവിടെയുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. വൈകുന്നേരത്തോടെ ട്രെയിന്‍ കൊച്ചുവേളിയിലെത്തിക്കും.
വ്യാഴാഴ്ച രാത്രി 11.15 ഓടെയാണ് ചെന്നൈയില്‍നിന്നും ട്രെയിന്‍ പാലക്കാട്ടേയ്ക്ക് തിരിച്ചത്. 16 കോച്ചുകളാണ് ട്രെയിനിലുള്ളത്. 160 കിലോമീറ്ററാണ് വന്ദേ ഭാരത് ട്രെയിനിന്‍റെ വേഗതയെങ്കിലും കേരളത്തില്‍ ഈ സ്പീഡ് ഉണ്ടാകില്ല. 110 കിലോമീറ്റര്‍ വരെ വേഗത ലഭിക്കുമെന്നാണ് പ്രതീക്ഷ.
തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് വരെ പരീക്ഷണ ഓട്ടം നടത്തിയ ശേഷമാണ് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുക. ഈ മാസം 22നാണ് പരീക്ഷണ ഓട്ടം. 25ന് പ്രധാനമന്ത്രി ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേയ്ക്കാണ് ട്രെയിന്‍ സര്‍വീസ് നടത്തുക.
കേരളാ വന്ദേ ഭാരത് ട്രെയിനിന്‍റെ ടീസര്‍ റെയില്‍വേ ഉടന്‍ പുറത്തിറക്കും. റെയില്‍വേയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും പ്രധാനമന്ത്രിയുടെ പേജിലുമായി ടീസര്‍ റിലീസ് ചെയ്യും. ട്രെയിനിന്‍റെ സ്റ്റോപ്പുകളും ചാര്‍ജും സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ടീസറിലുണ്ടാകും.
ഒമ്പത് സ്റ്റോപ്പുകളുള്ള സര്‍വീസാണ് ആലോചിക്കുന്നത്. കോട്ടയം വഴിയുള്ള സര്‍വീസില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും. ഇതിന് പുറമെ ഷൊര്‍ണൂര്‍, തിരൂര്‍, ചെങ്ങന്നൂര്‍ ഇവയില്‍ ഏതെങ്കിലും രണ്ട് സ്റ്റേഷനുകൾ കൂടി ഉള്‍പ്പെടുത്തിയേക്കാനും സാധ്യതയുണ്ട്.
Content Highlights: Vande Bharat Express allotted to Kerala reached Palakkad station


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !