അബുദാബി: ലോകത്തിലെ ഏറ്റവും വലിയ മറൈൻ തീം പാർക്കായ 'സീ വേൾഡ് അബുദാബി' നാളെ മുതൽ പൊതുജനങ്ങൾക്കായി തുറക്കും. വിനോദസഞ്ചാര മേഖലയിലെ ഏറ്റവും പുതിയ ആകർഷണമായ യാസ് ഐലൻഡിലെ സീവേൾഡ് അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു.
ഇതോടനുബന്ധിച്ച് ഒരുക്കിയ ഗവേഷണ, പുനരധിവാസ കേന്ദ്രവും അദ്ദേഹം നടന്നുകണ്ടു. സമുദ്രജീവികളെ തനത് ആവാസ വ്യവസ്ഥയൊരുക്കിയാണ് ഇവിടെ സംരക്ഷിച്ചുവരുന്നത്. അബുദാബി സാംസ്കാരിക, ടൂറിസം വിഭാഗം ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്, മിറൽ ചെയർമാൻ മുഹമ്മദ് അബ്ദുല്ല അൽ സാബി എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
അബുദാബി ചരിത്രത്തിലെ പുതിയ നാഴികക്കല്ലാണ് സീ വേൾഡ് എന്ന് മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു. മേഖലയിലെയും ലോകത്തിലെയും പ്രധാന ആകർഷണങ്ങളിൽ ഒന്നായിരിക്കും ഇത്. വ്യത്യസ്ത പ്രമേയങ്ങളിൽ 8 സോണുകളാക്കി തിരിച്ചു 5 നിലകളിലായി 1.83 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഈ കടൽ കൊട്ടാരം.
2.5 കോടി ലീറ്റർ ജലം ഉൾക്കൊള്ളുന്ന സീ വേൾഡിൽ വിവിധ ഇനം ഡോൾഫിൻ, കടൽ നക്ഷത്രം, അരയന്നം, പെൻഗ്വിൻ, വ്യത്യസ്ഥ ഇനം സ്രാവുകൾ, മത്സ്യങ്ങൾ, കടലാമകൾ, ഉരഗങ്ങൾ തുടങ്ങി 150ലേറെ ഇനങ്ങളിലായി ഒരു ലക്ഷത്തിലേറെ കടൽജീവികളെ കാണാം.
ചില്ലു ടണൽ പാതയിലൂടെയും എൻഡ് ലസ് വിസ്തൃതിയിലൂടെയുമുള്ള സഞ്ചാരം അവിസ്മരണീയ അനുഭവം പകരും.
അബുദാബി സമുദ്രം, ഉഷ്ണമേഖലാ സമുദ്രം എന്നീ 2 മേഖലകളിൽ കണ്ടറിയാൻ ഒട്ടേറെ. അബുദാബി ഓഷ്യനിൽ സമുദ്ര ജീവികളുടെ വിവിധ തലമുറകളെയും അവയിലെ മാറ്റങ്ങളും കാണാം.
കണ്ടൽക്കാടുകൾ, ഫോസിൽ ഡ്യൂൺസ്, പർവ്വതങ്ങൾ, ഗുഹകൾ, പാറക്കെട്ടുകൾ, പവിഴപ്പുറ്റുകൾ തുടങ്ങി തനത് ആവാസ വ്യവസ്ഥകളിലാണ് ഇവയെ സംരക്ഷിച്ചിരിക്കുന്നത്. ഉഷ്ണമേഖലയിലെ സമുദ്ര ജീവികളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൈക്രോ ഓഷ്യൻ, എൻസ് ഓഷ്യൻ, ട്രോപ്പിക്കൽ ഓഷ്യൻ, റോക്കി പോയിന്റ് തുടങ്ങി ആഴക്കടലിന്റെ സൗന്ദര്യം ആസ്വദിക്കാം.
Content Highlights: World's largest marine theme park in Abu Dhabi: to open tomorrow
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !