കരിപ്പൂര്‍ വിമാനത്താവളം വഴി ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച 80 ലക്ഷം രൂപ വില മതിക്കുന്ന 1.3 കിലോഗ്രാം സ്വര്‍ണം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി.
കഴിഞ്ഞ ദിവസം രാത്രി അബുദാബിയില്‍ നിന്നും മസ്‌കറ്റില്‍നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്.
മസ്‌കറ്റില്‍നിന്നും എത്തിയ മലപ്പുറം പൊന്നാനി സ്വദേശി ബാദിഷയില്‍ (38) നിന്നും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന 1256 ഗ്രാം സ്വര്‍ണമിശ്രിതമടങ്ങിയ നാലു ക്യാപ്സ്യൂളുകളാണ് കണ്ടെത്തിയത്. എയര്‍ അറേബ്യ എയര്‍ലൈന്‍സ് വിമാനത്തില്‍ അബുദാബിയില്‍ നിന്നും എത്തിയ കോഴിക്കോട് താമരശ്ശേരി സ്വദേശി മുഹമ്മദ് അഹ്നാസില്‍ (28) നിന്നും അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക്കിനുള്ളില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന 274 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതമടങ്ങിയ ഒരു പാക്കറ്റുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
കള്ളക്കടത്തു സംഘം വാഗ്ദാനം ചെയ്ത പ്രതിഫലത്തിന് വേണ്ടിയാണ് സ്വര്‍ണക്കടത്തിനു കൂട്ടുനിന്നതെന്ന് ഇവര്‍ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്. അഹ്നാസിന് 15000 രൂപയും ബാദിഷക്ക് ടിക്കറ്റിനുപുറമേ 40000 രൂപയുമാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് അന്വേഷണം നടത്തിവരികയാണ്.
ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ ഇന്നുവരെ 149 കേസുകളിലായി ഏകദേശം 67 കോടി രൂപ വിലമതിക്കുന്ന 120 കിലോഗ്രാമോളം സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിട്ടുണ്ട്. പിടികൂടിയ 141 യാത്രക്കാരില്‍ ആറു പേര്‍ സ്ത്രീകളാണ്. പിടികൂടിയ 149 കേസുകളില്‍ 46 എണ്ണത്തോളം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് പിടികൂടിയത്. മറ്റു കേസുകളെല്ലാം ഉദ്യോഗസ്ഥര്‍ നടത്തിയ വിശദ പരിശോധനകളുടെ അടിസ്ഥാനത്തിലുമാണ്.
സ്വര്‍ണം കടത്തുന്നവരെക്കുറിച്ച് രഹസ്യ വിവരം നല്‍കുന്നവര്‍ക്ക് കിലോഗ്രാമിന് 1.5 ലക്ഷം രൂപ വരെ കസ്റ്റംസ് പ്രതിഫലം നല്‍കുന്നുണ്ട് . വിവരം തരുന്നവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ തീര്‍ത്തും രഹസ്യമായി സൂക്ഷിക്കുന്നതാണ്. വിവരം നല്‍കുവാനായി 0483 2712369 എന്ന നമ്ബറില്‍ ബന്ധപ്പെടുക. ഇതുകൂടാതെ 14 കേസുകളിലായി വിദേശത്തേക്ക് കടത്തുവാന്‍ ശ്രമിച്ച ഏകദേശം 1.3 കോടി രൂപയുടെ വിദേശ കറന്‍സിയും ഈ കാലയളവില്‍ എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിട്ടുണ്ട്.
Content Highlights: Gold worth Rs 80 lakh seized from 2 passengers in Karipur
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !