പരിന്തൽമണ്ണ: കാറില്‍ ഒളിപ്പിച്ച് കടത്തിയ 166 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പെരിന്തല്‍മണ്ണയില്‍ പൊലീസിന്‍റെ പിടിയില്‍. വയനാട് മുട്ടില്‍ ഇല്ലിക്കോട്ടില്‍ മുഹമ്മദ് ഷാഫി (34), ചെര്‍പ്പുളശ്ശേരി കൈലിയാട് കുന്നപ്പുള്ളി മുഹമ്മദ് അഷറഫ് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ ചെര്‍പ്പുളശ്ശേരി റോഡില്‍ സ്ക്കൂളിന് സമീപം പരിശോധനയിലാണ് കാർ പിടികൂടിയത്.
കാറിനുള്ളില്‍ പായ്ക്കറ്റുകളിലാക്കി അടുക്കിവച്ച നിലയിലായിരുന്നു കഞ്ചാവ്. കര്‍ണാടക രജിസ്ട്രേഷനിലുള്ള കാറില്‍ കഞ്ചാവു കടത്തി വരുന്നതായുള്ള രഹസ്യവിവരത്തെതുടര്‍ന്നാണ് പരിശോധന നടത്തിയത്. ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളില്‍നിന്നും ആഡംബര കാറുകളിലും ചരക്കു ലോറികളിലും വന്‍തോതില്‍ കഞ്ചാവ് കേരളത്തിലെത്തിച്ച് തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, ജില്ലകളില്‍ വില്‍പന നടത്തുന്ന മൊത്തവില്‍പ്പന സംഘത്തിലെ കണ്ണികളെ കുറിച്ച് ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് പ്രത്യേക അന്വേഷണം നടക്കുന്നുണ്ടായിരുന്നു. ഇത്തരത്തിലുള്ള സംഘത്തിലെ ഏജന്‍റുമാരെ രഹസ്യമായി നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവുകടത്തു സംഘത്തിലെ മുഖ്യകണ്ണികളായ രണ്ടുപേരെ പിടികൂടാനായത്.
ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്‍റുമാര്‍ മുഖേന ലഭിക്കുന്ന ഓര്‍ഡറനുസരിച്ച് കമ്മീഷന്‍ വ്യവസ്ഥയില്‍ വലിയ അളവില്‍ കഞ്ചാവ് കേരളത്തിലും പുറത്തും എത്തിച്ച് രഹസ്യകേന്ദ്രങ്ങളില്‍ സംഭരിച്ച് മലബാര്‍ ജില്ലകളിലേക്ക് ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് എത്തിച്ച് കൊടുക്കുന്ന സംഘത്തില്‍ പെട്ടവരാണ് പിടിയിലായത്. മുഹമ്മദ് ഷാഫി ബംഗളൂരുവിൽനിന്നും എത്തിക്കുന്ന കഞ്ചാവ് മുഹമ്മദ് അഷറഫ് മുഖേനയാണ് പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ മൊത്തക്കച്ചവടക്കാര്‍ക്ക് വില്‍പന നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു. മുഹമ്മദ് ഷാഫിയുടെ പേരില്‍ പടിഞ്ഞാറേത്തറ പൊലീസ് സ്റ്റേഷനില്‍ ലഹരി പാര്‍ട്ടി നടത്തിയതിന് കേസുണ്ട്.
മുഹമ്മദ് അഷറഫ് ഒറ്റപ്പാലത്ത് ഒരു കൊലപാതകക്കേസിലും ചെര്‍പ്പുളശ്ശേരി എക്സൈസ് ഒന്നര കിലോ കഞ്ചാവു പിടിച്ച കേസിലും ജാമ്യത്തിലാണ്. സംഘത്തിലുള്‍പ്പെട്ട മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഡി.വൈ.ഐസ്.പി എം. സന്തോഷ്കുമാര്‍, ഇൻസ്പെക്ടർ പ്രേംജിത്ത് എസ്.ഐ ഷിജോ സി. തങ്കച്ചന്‍ എന്നിവരുടെ നേതൃത്വത്തിൽ സി.പി.ഒമാരായ സജീര്‍, ഉല്ലാസ്, സല്‍മാന്‍, സജി എന്നിവരും ജില്ല ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്.
Content Highlights: Massive cannabis poaching in Perinthalmanna; Two persons were arrested and 166 kg seized
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !