ഭരിക്കുമ്പോൾ മലപ്പുറത്തിൻ്റെ വിദ്യാഭ്യാസ ആവശ്യത്തിന് നേർക്ക് കണ്ണടച്ചു.. പ്രതിപക്ഷത്താകുമ്പോൾ കണ്ണ് മിഴിക്കുന്നു.. ഇത് 'സമുദായ സ്നേഹികളുടെ ' കാപട്യമെന്ന് ഡോ.കെ .ടി.ജലീൽ

0

ഇന്നത്തെ ദേശാഭിമാനിയിൽ വന്ന ലേഖനം.
ഭരിക്കുമ്പോൾ മലപ്പുറത്തിൻ്റെ വിദ്യാഭ്യാസ ആവശ്യത്തിനു നേർക്ക് കണ്ണടക്കുകയും പ്രതിപക്ഷത്താകുമ്പോൾ കണ്ണ് മിഴിക്കുകയും ചെയ്യുന്ന ''സമുദായ സ്നേഹികളുടെ" കാപട്യമാണ് ഇതിൽ തുറന്നു കാട്ടുന്നത്. 
--------------------------------------------
മലപ്പുറവും പ്ലസ്ടുവും: ഒരു ഫ്ലാഷ്ബാക്ക്
 *ഡോ:കെ.ടി.ജലീൽ* 
1990 ലാണ് ഹയർസെക്കൻ്ററി സ്കൂളുകൾ ആദ്യമായി കേരളത്തിൽ ആരംഭിച്ചത്. കോളേജുകളിൽ നിന്ന് പ്രീഡിഗ്രി ഡീലിങ്ക് ചെയ്യുന്നതിൻ്റെ ഭാഗമായി പ്ലസ്ടു എന്ന പേരിൽ സ്കൂൾ പഠനത്തിൻ്റെ ഭാഗമായുള്ള പുതിയ സമ്പ്രദായത്തിന് അതോടെ തുടക്കമായി. അന്ന് മുതൽ 2023 വരെയായി UDF-ഉം LDF-ഉം മാറി മാറി കേരളത്തിൽ അധികാരത്തിൽ വന്നു. LDF ഭരിച്ച 18 വർഷ കാലയളവിൽ (1990-91, 1996-2001, 2006-2011, 2016-2023) 671 പ്ലസ്ടു ബാച്ചുകളാണ് മലപ്പുറം ജില്ലയിൽ അനുവദിച്ചത്. UDF ഭരിച്ച 15 വർഷങ്ങളിൽ (1991-96, 2001-2006, 2011-2016) മലപ്പുറത്തിന് നൽകിയത് 449 പ്ലസ്ടു ബാച്ചുകളാണ്. മലപ്പുറം ജില്ലയിൽ ഇന്ന് നിലവിലുള്ള 85% അൺ എയ്ഡഡ് പ്ലസ്ടു ബാച്ചുകളും അനുവദിച്ചത് UDF ഭരണ കാലത്താണെന്ന് അതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ പരിശോധിച്ചാൽ ബോദ്ധ്യമാകും.
മലപ്പുറം ഉൾപ്പടെ മലബാർ മേഖലയിൽ മാത്രമായി എം.എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 2010-ൽ 179 പുതിയ ഹയർസെക്കൻ്റെറി സ്കൂളുകളാണ് തുടങ്ങിയത്. അന്നാണ് പഴയ കുറ്റിപ്പുറം മണ്ഡലത്തിലെ മാറാക്കര എയ്ഡഡ് ഹൈസ്കൂൾ പ്ലസ്ടു പഠനം സാദ്ധ്യമായ ഹയർസെക്കൻ്ററി സ്കൂളായി മാറിയത്. ആവശ്യമായ പരിശോധന നടത്തി മലബാറിൽ മാത്രം ഹയർസെക്കൻ്റെറി സ്കൂൾ അനുവദിച്ചതിനെതിരെ കോൺഗ്രസ്സും ചില സമുദായ സംഘടനകളും വി.എസ് സർക്കാരിനെതിരെയും മന്ത്രി ബേബിക്കെതിരെയും ഉറഞ്ഞു തുള്ളിയത് ആരും മറക്കരുത്. 179 പുതിയ ഹയർ സെക്കൻ്ററി സ്കൂളുകൾ ഗവൺമെൻ്റ്-എയ്ഡഡ് മേഖലകളിൽ മലപ്പുറമടക്കമുള്ള വടക്കൻ ജില്ലകളിൽ വന്നതോടെയാണ് മലബാറും തിരുകൊച്ചിയും തമ്മിലുള്ള ഹയർ സെക്കൻ്റെറി പഠനത്തിലെ അസന്തുലിതാവസ്ഥക്ക് ഏതാണ്ടൊരു പരിഹാരമായത്. 
എന്നാൽ 2011 ൽ അധികാരത്തിൽ വന്ന UDF സർക്കാർ 2014-15, 2015-16 അദ്ധ്യായന വർഷങ്ങളിൽ കൃത്യമായ പഠനമോ അന്വേഷണമോ നടത്താതെ തെക്കും വടക്കും ഒരുപോലെ തോന്നും പ്രകാരം പ്ലസ് ടു ബാച്ചുകൾ അനുവദിച്ചു. അന്ന് അബ്ദുറബ്ബായിരുന്നു വിദ്യാഭ്യാസമന്ത്രി. അതോടെ പ്ലസ്ടു പഠന രംഗത്തെ മലബാർ-തിരുകൊച്ചി മേഖലയിലെ അന്തരം വീണ്ടും വലിയ തോതിൽ ഉയർന്നു.
അഡീഷണൽ ബാച്ചുകൾ ഒറ്റപ്പെട്ട് അനുവദിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഈ കണക്കിൽ ചെറിയ വ്യത്യാസം വന്നേക്കാം. എങ്കിലും മലപ്പുറം ജില്ലയിലെ പ്ലസ്ടു പഠന സൗകര്യങ്ങൾക്ക്‌ കളമൊരുക്കിയത് കൂടുതലും LDF കാലത്താണെന്നത് മറക്കരുത്. മലപ്പുറം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഓപ്പൺ സ്കൂളിൽ രജിസ്റ്റർ ചെയ്യുന്നതെന്ന് ''വീരസ്യം" പറഞ്ഞ് "സ്കോൾ കേരള"യുടെ സ്റ്റേറ്റ് ഓഫീസ് മലപ്പുറത്തേക്ക് മാറ്റാൻ ശ്രമിച്ചത് 2011-16-ൽ UDF കാലത്താണെന്നതും സമര ഭടൻമാർക്ക് ഓർമ്മ വേണം.
2006-വരെ മലപ്പുറം ജില്ലയിൽ ഒരേയൊരു ഗവ: ഐ.ടി.ഐയേ (അരീക്കോട്) ഉണ്ടായിരുന്നുള്ളൂ. 2009 ൽ വി.എസ് സർക്കാരാണ് മൂന്ന് പുതിയ ഗവ: ഐ.ടി.ഐകൾ മലപ്പുറം ജില്ലയിൽ ആരംഭിച്ചത്. മക്കരപ്പറമ്പ്, ചെറിയമുണ്ടം, മാറഞ്ചേരി എന്നിവിടങ്ങളിൽ. ചെറിയമുണ്ടം അന്ന് പഴയ കുറ്റിപ്പുറം മണ്ഡലത്തിൻ്റെ ഭാഗമായിരുന്നു.
മലപ്പുറം ജില്ലയിലെ +2 പഠന സൗകര്യം ഇനിയും വർധിപ്പിക്കാനുള്ള നടപടികൾ ഇടതുപക്ഷ സർക്കാർ സ്വീകരിച്ചു വരികയാണ്. UDF വരുത്തിവെച്ച തെക്കു-വടക്ക് ഏറ്റവ്യത്യാസം സമയബന്ധിതമായി പൂർണ്ണമായും പരിഹരിക്കാനാണ് രണ്ടാം പിണറായി സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ശിവൻകുട്ടി ഒരു സംഭാഷണ മദ്ധ്യെ വ്യക്തമാക്കി.
മലപ്പുറം ജില്ലയിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ മുഴുവൻ കുട്ടികൾക്കും ഏതെങ്കിലും ഒരു സ്കൂളിൽ ഓപ്ഷൻ നൽകിയ പ്രകാരം പ്രവേശനം കിട്ടിക്കഴിഞ്ഞു. പ്രശസ്തമായ മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലന കേന്ദ്രങ്ങളുടെ അടുത്തുള്ള ഹയർ സെക്കൻഡറി സ്കൂളിൽ തന്നെ മുഴുവൻ A+കാർക്കും പ്രവേശനം വേണമെന്ന് ശഠിച്ചാൽ അത് നടക്കുന്ന കാര്യമല്ലല്ലോ? താമസിക്കുന്ന വില്ലേജ്,  എസ്.എസ്.എൽ.സി പഠിച്ച വിദ്യാലയം, താലൂക്ക് എന്നിവക്കൊക്കെയുള്ള വെയ്റ്റേജ് പരിഗണിക്കുമ്പോൾ അതിനുള്ള സാദ്ധ്യതയും കുറവാണ്. 
സപ്ലിമെൻ്റെറി അലോട്ട്മെൻ്റുകൾ അവസാനിക്കുന്നതോടെ ഏതാണ്ടെല്ലാ വിദ്യാർത്ഥികൾക്കും പ്ലസ്ടു പഠനം മലപ്പുറം ജില്ലയിൽ ഉറപ്പാക്കാനാകും. ശേഷിക്കുന്നവരുണ്ടെങ്കിൽ അവരുടെ കാര്യം സർക്കാർ പരിശോധിച്ച് പരിഹരിക്കുക തന്നെ ചെയ്യും. അതും പറഞ്ഞ് കലക്കു വെള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങിത്തിരിച്ചവർ നിരാശരാകും. യു.ഡി.എഫ് ഭരിക്കുമ്പോൾ തളർന്നുറങ്ങുകയും എൽ.ഡി.എഫ് അധികാരത്തിലെത്തുമ്പോൾ സടകുടഞ്ഞെണീക്കുകയും ചെയ്യുന്ന ചിലരുടെ "സമുദായപ്രേമവും" മറ്റുചിലരുടെ "മലപ്പുറം പ്രണയവും" പച്ചയായ കാപട്യമാണെന്ന് ആർക്കാണറിയാത്തത്? 
കുടിയൊഴിപ്പിക്കൽ നിരോധന നിയമത്തിലൂടെ മലപ്പുറത്തെ പതിനായിരക്കണക്കിന് പാവപ്പെട്ട കർഷകർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നൽകിയ ഇടതുപക്ഷം, KSSR കൊണ്ടുവന്ന് മുസ്ലിങ്ങളുൾപ്പടെ കേരളത്തിലെ ഈഴവരടക്കമുള്ള പിന്നോക്ക വിഭാഗങ്ങൾക്ക് സർക്കാർ ജോലിയിൽ സംവരണം ഉറപ്പാക്കിയ ഇടതുപക്ഷം, മസ്ജിദുകൾ പണിയാൻ ബ്രിട്ടീഷുകാർ കൊണ്ടുവന്ന കളക്ടറുടെ മുൻകൂട്ടിയുള്ള അനുവാദം വേണമെന്ന വ്യവസ്ഥ അറബിക്കടലിലേക്ക് മുക്കിത്താഴ്ത്തിയ ഇടതുപക്ഷം, മലപ്പുറം ജില്ലക്ക് രൂപം നൽകിയ ഇടതുപക്ഷം, കാലിക്കറ്റ് സർവകലാശാല സ്ഥപിച്ച ഇടതുപക്ഷം, സംസ്ഥാനത്തെ ഏറ്റവുമധികം സർക്കാർ വിദ്യാലയങ്ങൾ മലപ്പുറം ജില്ലയിൽ സ്ഥാപിച്ച ഇടതുപക്ഷം, അലീഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ ഓഫ് ക്യാമ്പസ് പെരിന്തൽമണ്ണയിൽ യാഥാർത്ഥ്യമാക്കിയ ഇടതുപക്ഷം, +2 ബാച്ചുകൾ യു.ഡി.എഫിനേക്കാൾ മലപ്പുറം ജില്ലയിൽ അനുവദിച്ച ഇടതുപക്ഷം വൈകാതെ മലപ്പുറത്തിൻ്റെ ഉപരിപഠന സൗകര്യങ്ങളുടെ കുറവും പരിഹരിക്കും. സംശയം വേണ്ട.
സകോൾ കേരളയിൽ മലബാറിൽ നിന്നും മലപ്പുറത്ത് നിന്നും കുട്ടികൾ വർധിച്ചത് കഴിഞ്ഞ ഏഴു വർഷമായിട്ടാണെന്ന രൂപേണ ചില പ്രചാരണം നടക്കുന്നുണ്ട്. സ്കോൾ കേരള ഉണ്ടായ കാലം മുതൽക്ക് ഇന്നോളം സ്കോൾ കേരളയിൽ ഏറ്റവും കൂടുതൽ കുട്ടികൾ റജിസ്റ്റർ ചെയ്ത് പഠിക്കുന്നത് മലബാറിൽ നിന്നും മലപ്പുറത്ത് നിന്നുമാണ്.  
അത് കഴിഞ്ഞ ഏഴു കൊല്ലമായി മാത്രമുള്ള പ്രതിഭാസമല്ല. 2011 മുതൽ 16 വരെ UDF ഭരിച്ചിരുന്ന കാലത്തും സ്ഥിതി സമാനമായിരുന്നു. അതെന്തേ കുപ്രചാരകരുടെ "ഗവേഷണപട്ടിക"യിൽ വന്നില്ല? അന്ന് വിദ്യാഭ്യാസ മന്ത്രി ലീഗുകാരനായ അബ്ദുറബ്ബായത് കൊണ്ടാണോ? 2001-2006 വരെയുള്ള UDF കാലത്തും സ്ഥിതി ഭിന്നമായിരുന്നില്ലല്ലോ? അതും ഇമ്മിണി വലിയ കണ്ടുപിടുത്തത്തിൽ ഇടം കാണാതെ പോയത് എന്തു കൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. അന്നത്തെ വിദ്യാഭ്യാസ മന്ത്രിമാർ മുസ്ലിംലീഗ് നേതാക്കളായ സൂപ്പി സാഹിബും ബഷീർ സഹിബുമായതിനാലാണോ?
സ്കോൾ കേരളയിൽ കൂടുതൽ കുട്ടികൾ റജിസ്റ്റർ ചെയ്തത് മലപ്പുറത്ത് നിന്നാണെന്ന "മേനി" പറഞ്ഞാണ് സ്കോൾ കേരളയുടെ ആസ്ഥാനം തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് മാറ്റാൻ തകൃതിയായ നീക്കം അബ്ദുറബ്ബിൻ്റെ കാലത്ത് (2011-16) നടന്നത്. കോൺഗ്രസ് എതിർത്തതിനെ തുടർന്ന് ആ ശ്രമം വിജയിച്ചില്ല. സ്കോൾ കേരളയുടെ ആസ്ഥാനം തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് മാറ്റി അതിനെ ശക്തിപ്പെടുത്താനല്ലേ "സമുദായപ്രേമികൾ" അന്ന് ഒരുമ്പെട്ടിറങ്ങിയത്. തെറ്റിദ്ധാരണ പരത്താൻ ലക്ഷ്യമിട്ടിറങ്ങിയവർ അതൊന്നും കാണില്ല. കാണാൻ അവർക്ക് കഴിയില്ല. കാരണം, അത്രമാത്രമാണ് അവരെ കമ്മ്യൂണിസ്റ്റ് വിരോധവും പിണറായി വിരോധവും വരിഞ്ഞ് മുറുക്കിയിരിക്കുന്നത്. UDF ൻ്റെ പ്രീതി പിടിച്ചുപറ്റി എങ്ങിനെയെങ്കിലും വെൽഫെയർ പാർട്ടിക്ക് ഐക്യമുന്നണിയിൽ ഒരിടം നേടിക്കൊടുക്കാനുള്ള പിടച്ചിലിൽ വസ്തുതകൾ "വഴിത്തിരിവു"കാർക്ക് മറച്ചു വെക്കേണ്ടി വരുന്നത് സ്വാഭാവികം.
+2 വിന് വേണ്ടത്ര വിദ്യാർത്ഥികളില്ലാത്ത ബാച്ചുകൾ ജോസഫ് അനുവദിച്ച കാലത്ത് ഉണ്ടായിരുന്നില്ല. SSLC പൂർത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാർത്ഥികളുടെ എണ്ണം ഓരോ വർഷവും കുറഞ്ഞു വരികയാണ്. ഈ കുറവ് ഓരോ വർഷം കഴിയുന്തോറും +2 ബാച്ചുകളിലെ വിദ്യാർത്ഥികൾ കുറയുന്നതിന് ഇടയാക്കുന്നുണ്ട്. തെക്കൻജില്ലകളിൽ SSLC കുട്ടികളുടെ കുറച്ചിലും +2 ബാച്ചുകളിലെ കുട്ടികളുടെ കുറച്ചിലും മലബാറിനെ അപേക്ഷിച്ച്  കൂടുതലാണ്. 
2014-15, 2015-16 വർഷങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം കൃത്യമായി പഠിക്കാതെ പ്ലസ്ടു ബാച്ചുകൾ അനുവദിച്ചപ്പോൾ മുമ്പുണ്ടായിരുന്ന ബാച്ചുകളിലും പുതിയ ബാച്ചുകളിലുമായി വിദ്യാർത്ഥികൾ വിഭജിക്കപ്പെടുന്ന സാഹചര്യം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായി. അത് പഴയബാച്ചുകളിലും വിദ്യാർത്ഥികളിലും പുതിയ ബാച്ചുകളിലും കുട്ടികൾ കുറയുന്നതിന് കാരണമായി. "ജോസഫ് ബാച്ചുകളി"ൽ വിദ്യാർത്ഥികൾ കുറഞ്ഞതിന് ഒരു കാരണം ആവശ്യമില്ലാതെ അബ്ദുറബ് ബാച്ചുകൾ" വന്നത് കൊണ്ടാണ്. 2010 ലേത് പോലെ 2014-16 ലും വടക്കൻ ജില്ലകൾക്ക്, വിദ്യാർത്ഥികളുടെ എണ്ണം കണക്കിലെടുത്ത് +2 ബാച്ചുകൾ അനുവദിച്ചിരുന്നെങ്കിൽ ഇത്രമാത്രം അന്തരം തെക്കും വടക്കും തമ്മിൽ ഉണ്ടാകുമായിരുന്നില്ല.
നിലവിലുള്ള വിദ്യാർത്ഥികൾ വിഭജിക്കപ്പെടുന്ന സാഹചര്യം പ്രധാനമായും പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലാണുണ്ടായത്. മറ്റ് ചില ജില്ലകളിലും ചിലയിടങ്ങളിൽ അങ്ങനെ സംഭവിച്ചിട്ടുണ്ട്. അത് മനസ്സിലാക്കിയിട്ടാണ് 2016 ന് ശേഷം ബാച്ചനുവദിക്കാനുള്ള സമ്മർദ്ദങ്ങൾ പലഭാഗത്തു നിന്നും ഉണ്ടായിട്ടും വിദ്യാർത്ഥികൾ കുറഞ്ഞ ബാച്ചുകൾ ഷിഫ്റ്റ് ചെയ്ത് ക്രമീകരണം കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നത്. ഇതുവരെ കുട്ടികൾ തീരെ കുറഞ്ഞ 36 ബാച്ചുകൾ മലബാറിലേക്ക് മാറ്റിയിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും മലപ്പുറത്തിനാണ് ലഭിച്ചത്.  വിദ്യാർത്ഥികളുടെ എണ്ണം കുറവാണെങ്കിലും ദൂരപരിധി നോക്കുമ്പോൾ ഇടുക്കി പോലുള്ള ജില്ലകളിൽ നിന്ന് എല്ലാബാച്ചുകളും ഷിഫ്റ്റ് ചെയ്യാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഈ വർഷത്തെ അഡ്മിഷൻ സ്റ്റാറ്റിസ്റ്റിക്സും അടുത്ത വർഷങ്ങളിൽ SSLC എഴുതുന്നവരുടെ എണ്ണവും കൂടി കണക്കിലെടുത്ത് വരും വർഷങ്ങളിലേ ഇത്തരം ബാച്ചുകൾ മാറ്റാൻ കഴിയൂ. 
കോർപ്പറേറ്റ് മാനേജ്മെൻ്റുകൾക്ക് കീഴിലെ +2 ബാച്ചുകൾ ആവശ്യമുള്ളേടത്തേക്ക് എളുപ്പത്തിൽ മാറ്റാനാകും. എന്നാൽ സിംഗിൾ മാനേജ്മെൻ്റ് എയ്ഡഡ് സ്കൂളുകളിലെ ബാച്ചുകളെയും അധ്യാപകരെയും മലബാറിലേക്ക് ഷിഫ്റ്റ് ചെയ്യുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിന് പ്രത്യേക പാക്കേജ് തയ്യാറാക്കേണ്ടിവരും. അത് വളരെ സങ്കീർണ്ണമായ പ്രക്രിയയുമാണ്. ഈ വസ്തുതകളൊന്നും പരിഗണിക്കാതെ ബാച്ച് മാറ്റ ആവശ്യം ഉന്നയിക്കുന്നവർക്ക് കൃത്യമായ ചില അജൻഡകളുണ്ട്. 2011-16 കാലയളവിൽ തെക്ക്-വടക്ക് അസമത്വം ക്രമപ്പെടുത്താൻ എല്ലാ സാധ്യതയും സർവ്വാധികാരവും കൈവശം വെച്ചവരാണ് ഇത്തരം നുണപ്രചരണങ്ങളുടെ പ്രചാരകർ എന്നതാണ് ഏറെ കൗതുകകരം.
33 വർഷമായി നിലനിൽക്കുന്ന ഒരു പ്രശ്നം സമയബന്ധിതമായി പരിഹരിക്കാനുള്ള ശ്രമങ്ങളാണ് രണ്ടാം പിണറായി സർക്കാരിലെ പൊതുവിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടക്കുന്നത്. കഴിയുന്നത്ര സർക്കാർ സ്കൂളുകളിലും അതില്ലാത്തിടത്ത് എയ്ഡഡ് സ്കൂളുകളിലും പുതിയ ബാച്ചുകൾ നൽകാനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്. അതിനദ്ദേഹത്തെ അനുവദിക്കുന്നതിന് പകരം വഴിതടഞ്ഞ് ബലം പ്രയോഗിച്ച് കാര്യം നേടാമെന്ന് കരുതുന്നവർ മലബാറിൻ്റെ വിദ്യാഭ്യാസ പുരോഗതിയല്ല, സ്വാർത്ഥമായ രാഷ്ട്രീയ ലാഭമാണ് ലാക്കാക്കുന്നത്.
2011 ൽ വി.എസ് അച്ചുതാനന്ദൻ നേതൃത്വം നൽകിയ ഭരണം അവസാനിക്കുമ്പോൾ മലപ്പുറം ജില്ലയിൽ സ്കോൾ കേരളയിൽ റജിസ്റ്റർ ചെയ്ത കുട്ടികളുടെ എണ്ണം 19,735 ആയിരുന്നു. UDF ഭരിച്ച് അഞ്ച് വർഷം പൂർത്തിയാക്കിയ 2016 ൽ അത് 25,733 ആയി ഉയർന്നു. ഇടതു ഭരണം 6 വർഷം പൂർത്തിയാക്കിയ 2022 ൽ സ്കോൾ കേരളയിൽ പ്രൈവറ്റായി റജിസ്റ്റർ ചെയ്ത കുട്ടികളുടെ എണ്ണം 15,988 ആയി വീണ്ടും താഴ്ന്നു. ഈ രണ്ടു ടേബിളുകളും ശ്രദ്ധിച്ചാൽ മനസ്സിലാകുന്നത് ഇടതുപക്ഷ ഭരണം അവസാനിക്കുമ്പോൾ പ്രൈവറ്റായി +2 പഠിച്ച കുട്ടികളുടെ എണ്ണം മലപ്പുറത്ത് കുറയുന്നു എന്നും UDF ഭരണം പൂർത്തിയാക്കുമ്പോൾ ക്രമാതീതമായി സ്വകാര്യമായി +2 പൂർത്തിയാക്കിയ കുട്ടികളുടെ എണ്ണം വർധിക്കുന്നു എന്നുമാണ്. LDF ഭരണകാലത്താണ് മലപ്പുറം ജില്ലയിലെ ഗവൺമെൻ്റ്-എയ്ഡഡ് സ്കൂളുകളിൽ കൂടുതൽ പഠനാവസരങ്ങൾ സൃഷ്ടിച്ചത് എന്നാണ് ഇതിൻ്റെ പച്ചമലയാളത്തിലുള്ള അർത്ഥം. സത്യം ഇതായിരിക്കെ പച്ചക്കള്ളം പ്രചരിപ്പിച്ച് നാട്ടിൽ കുഴപ്പമുണ്ടാക്കാൻ ഒരുമ്പെടുന്നവർ ജനങ്ങളുടെ സ്വൈര ജീവിതമാണ് തകർക്കുന്നത്.



Content Highlights: Dr. K. T. Jalil said that he turned a blind eye to the educational needs of Malappuram when he was in power.
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !