മുംബൈ: വായ്പ തിരിച്ചടയ്ക്കാൻ വില്‍പ്പനയ്ക്കു തയാറെടുത്ത് എഡ്ടെക് കന്പനിയായ ബൈജൂസ്. കന്പനിക്കു കീഴിലുള്ള റീഡിംഗ് പ്ലാറ്റ്ഫോമായ എപ്പിക്കും ഹയര്‍ എജ്യൂക്കേഷൻ പ്ലാറ്റ്ഫോമുമായ ഗ്രേറ്റ് ലേണിംഗും വില്‍ക്കാനാണ് ബൈജൂസിന്‍റെ പദ്ധതി.
800 ദശലക്ഷം ഡോളര്‍ മുതല്‍ 100 കോടി ഡോളര്‍ വരെ വില്പനയിലൂടെ സമാഹരിക്കാനാകുമെന്നാണു കന്പനിയുടെ പ്രതീക്ഷ. ഈ തുക വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനായി ഉപയോഗിക്കും. 2,200 കോടി ഡോളര്‍ സാമ്രാജ്യത്തിലേക്കു കന്പനിയെ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി 2021ലാണ് ബൈജൂസ് എപ്പിക്കും ഗ്രേറ്റ് ലേണിംഗും ഏറ്റെടുക്കുന്നത്.
വായ്പാ തിരിച്ചടവ് സംബന്ധിച്ച് ഒരു വര്‍ഷത്തോളമായി ബൈജൂസ് നിയമപോരാട്ടത്തിലാണ്. ഇതിനുമുന്പു നിരവധി തവണ തിരിച്ചടവു സംബന്ധിച്ച് ബൈജൂസ് വായ്പാദാതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.
ജൂണ്‍ മുതല്‍ വായ്പയുടെ പലിശ തിരിച്ചടവും ബൈജൂസ് മുടക്കി. ഇതോടെ വായ്പാദാതാക്കള്‍ കോടതിയില്‍ കേസ് നല്‍കിയിരിക്കുകയാണ്.
ആറു മാസത്തെ സാവകാശം അനുവദിച്ചാല്‍ 120 കോടി ഡോളറിന്‍റെ (ഏകദേശം 9,800 കോടി രൂപ) കടം തിരിച്ചടയ്ക്കാമെന്നു ബൈജൂസ് വായ്പാദാതാക്കളെ അറിയിച്ചതായാണു സൂചന. 30 കോടി ഡോളര്‍ (2,450 കോടി രൂപ) ആദ്യ മൂന്നു മാസത്തിനകവും ശേഷിക്കുന്ന തുക തുടര്‍ന്നുള്ള മൂന്നുമാസംകൊണ്ടും വീട്ടാമെന്നാണ് ബൈജൂസിന്‍റെ വാഗ്ദാനം. പുതിയ നീക്കത്തോട് ബൈജൂസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഒരുകാലത്ത് 2,200 കോടി ഡോളര്‍ (1.80 ലക്ഷം കോടി രൂപ) മൂല്യവുമായി ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പായിരുന്നു ബൈജൂസ്. എന്നാല്‍, കുറച്ചുകാലമായി കന്പനി സാന്പത്തിക പ്രതിസന്ധിയിലാണ്. അടുത്തിടെ, 2,000ലേറെ ജീവനക്കാരെ ബൈജൂസ് പിരിച്ചുവിട്ടിരുന്നു.
Content Highlights: Byjus, an edtech company, is preparing for sale to repay the loan
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !