തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും. നിയമസഭയെ അപമാനിക്കുന്ന നടപടിയാണ് ഗവർണറുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത് നിയമസഭയോടുള്ള അവഹേളനമാണെന്നാണ് വി ഡി സതീശൻ പറഞ്ഞത്.
'ഇന്നിപ്പോൾ സംഭവിച്ച കാര്യങ്ങൾ കണ്ട് എല്ലാവരും സർപ്രൈസായിരിക്കുകയാണ്. ഗവർണർ നിയമസഭയിലേക്ക് വരുന്നത് കണ്ടു. വാണം വിട്ടത് പോലെ തിരികെ പോകുന്നതും കണ്ടു. പ്രതിപക്ഷ നിരയെ അഭിവാദ്യം ചെയ്യുന്ന കീഴ്‌വഴക്കവും ഗവര്‍ണര്‍ പാലിച്ചില്ല. നിയമസഭയെ അപമാനിക്കുന്ന നടപടിയാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായത്. ഗവര്‍ണര്‍മാരുടെ ഇത്തരത്തിലുള്ള നടപടി അംഗീകരിക്കാനാകില്ല. അപമാനകരമായ സ്ഥിതി ഉണ്ടായതില്‍ സര്‍ക്കാരിനും ഉത്തരവാദിത്തമുണ്ട്. നയപ്രഖ്യാപന പ്രസംഗവും ബ‌്ഡജറ്റും വെറും ചടങ്ങ് മാത്രമായി മാറിയിരിക്കുന്നു. പ്രഖ്യാപിക്കുന്നതല്ലാതെ ഒന്നും നടപ്പാക്കാനുള്ള പണമില്ലാത്ത സ്ഥിതിയാണ് കേരളത്തില്‍. സാമ്പത്തിക സ്ഥിതി മോശമായതിനെതിരെ സമരം ചെയ്യുന്നവര്‍ കേന്ദ്ര സഹായം നേരാംവണ്ണം വിനിയോഗിച്ചോയെന്നും പരിശോധിക്കണം.' - കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വി ഡി സതീശൻ പറഞ്ഞത്:
നയപ്രഖ്യാപന പ്രസംഗം നടത്താന്‍ ഭരണഘടനാപരമായ ബാദ്ധ്യതയുള്ള ഗവര്‍ണര്‍ അവസാന ഖണ്ഡിക മാത്രം വായിച്ച് മടങ്ങിയത് നിയമസഭയോടുള്ള അവഹേളനമാണ്. നിയമസഭാ നടപടി ക്രമങ്ങളോടും ഭരണഘടനാ നിര്‍ദ്ദേശങ്ങളോടും അവഗണനയും അവഹേളനവുമായി ഗവര്‍ണര്‍ നടത്തിയത്. ഇതില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു. സര്‍ക്കാരും ഗവര്‍ണറും നടത്തുന്ന രാഷ്ട്രീയ നാടകത്തിന്റെ പരിതാപകരമായ അന്ത്യമായാണ് നിയമസഭയിലുണ്ടായത്.
സര്‍ക്കാരിന്റെ സ്ഥിതി പ്രതിഫലിക്കുന്ന നയപ്രഖ്യാപന പ്രസംഗമാണ് ഗവര്‍ണര്‍ക്ക് നല്‍കിയത്. നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തിനെതിരെ ഒരു വിമര്‍ശനവുമില്ല. കേന്ദ്രത്തിനെതിരായി ഡല്‍ഹിയില്‍ സമരം ചെയ്യാന്‍ പോകുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികളെ ഭയന്ന് സമരം സമ്മേളനമാക്കി മാറ്റിയ ദയനീയ കാഴ്ചയാണ് കാണുന്നത്. ഒന്നിച്ചുള്ള സമരത്തിന് തയാറല്ലെന്ന് പ്രതിപക്ഷം അറിയിച്ചപ്പോള്‍ ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് എല്‍.ഡി.എഫ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് സമരം പൊതുസമ്മേളനമാക്കി മാറ്റിയത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ ഭയന്നാണ് ഇങ്ങനെ ചെയ്തത്. ധനകാര്യ സംബന്ധിയായ ചില കാര്യങ്ങള്‍ പറയുന്നതല്ലാതെ കേന്ദ്രത്തിനെതിരെ കാര്യമായ ഒരു വിമര്‍ശനവും നയപ്രഖ്യാപനത്തിലില്ല. തെരുവില്‍ പറയുന്നതൊക്കെ വെറുതെയാണെന്ന് വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രി ജീവിക്കുന്നതു തന്നെ കേന്ദ്ര സര്‍ക്കാരിനെയും കേന്ദ്ര ഏജന്‍സികളെയും ഭയന്നാണ്.
കേരളീയത്തെ കുറിച്ചും നവകേരള സദസിനെ കുറിച്ചും പറയുന്നുണ്ടെങ്കിലും സ്‌പോണ്‍സര്‍ഷിപ്പും ചെലവും സംബന്ധിച്ച ഒരു വിവരങ്ങളുമില്ല. വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടു പോലും കണക്ക് നല്‍കിയിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ ലൈഫ് മിഷന് 717 കോടി രൂപ അനുവദിച്ചിട്ട് 18 കോടി മാത്രമാണ് ചെലവഴിച്ചത്. ലൈഫ് ഭവന പദ്ധതിയെ സര്‍ക്കാര്‍ പൂര്‍ണമായും തകര്‍ത്തു. സപ്ലൈകോയില്‍ 13 ഇന അവശ്യസാധനങ്ങള്‍ പോലും ഇല്ല. പണം നല്‍കാത്തതിനാല്‍ നാല് മാസമായി കരാറുകാര്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്നില്ല. നാലായിരം കോടിയുടെ ബാദ്ധ്യതയാണ് സപ്ലൈകോയ്ക്കുള്ളത്. വിലക്കയറ്റം പിടിച്ചു നിര്‍ത്തേണ്ട അഭിമാന സ്ഥപനമായ സപ്ലൈകോ തകര്‍ന്നു പോയി. സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ വിതരണം ചെയ്തിട്ട് ആറ് മാസമായി. പെന്‍ഷന്‍ ലഭിക്കാതെ ആത്മഹത്യ ചെയ്ത സംഭവം വരെ കേരളത്തിലുണ്ടായി. പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് മരുന്നും ഭക്ഷണവും ഇല്ലാതെ ലക്ഷക്കണക്കിന് പേരാണ് കഷ്ടപ്പെടുന്നത്. എന്നിട്ടാണ് ഗവര്‍ണറെക്കൊണ്ട് നയപ്രഖ്യാപന പ്രസംഗം നടത്തിച്ചത്. ഒന്നും അവകാശപ്പെടാനില്ലാത്ത സര്‍ക്കാരിന്റെ പൊള്ളയായതും യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധമില്ലാത്തതുമായ പ്രഖ്യാപനങ്ങള്‍ മാത്രമാണ് നയപ്രഖ്യാപന പ്രസംഗത്തിലുള്ളത്.
വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ വിദേശങ്ങളിലേക്ക് പോകുമ്പോഴും ഇതിനെ ഉന്നതവിദ്യാഭ്യാസ മേഖല എങ്ങനെയാണ് നോക്കിക്കാണുന്നതെന്നും നയപരമായ എന്ത് മാറ്റമാണ് വരുത്താന്‍ പോകുന്നതെന്നതും സംബന്ധിച്ച് ഒരു പ്രഖ്യാപനവുമില്ല. പൊതുവിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലെ നയരൂപീകരണം സംബന്ധിച്ചും ഒന്നുമില്ല. എങ്ങനെ മുന്നോട്ട് പോകുമെന്ന് അറിയാതെ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണ്. ധനപ്രതിസന്ധിക്ക് പുറമെ കൃഷി, വിദ്യാഭ്യാസം, വിദ്യാഭ്യാസം, ആരോഗ്യം ഉള്‍പ്പെടെയുള്ള സുപ്രധാന മേഖലകളില്‍ സര്‍ക്കാര്‍ അപകടത്തിലാണ്. എന്നിട്ടും ഇതു സംബന്ധിച്ച ഒന്നും നയപ്രഖ്യാപനത്തില്‍ ഇല്ല. ഇത്രയും മോശമായ നയപ്രഖ്യാപനം കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.
സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള നാടകം തുടങ്ങിയിട്ട് കുറേക്കാലമായി. സര്‍ക്കാര്‍ പ്രതിരോധത്തിലാകുമ്പോഴൊക്കെ ഗവര്‍ണര്‍ രക്ഷിക്കാന്‍ ഇറങ്ങും. ഇവര്‍ ഒന്നിച്ച് ചേര്‍ന്നാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ ഉള്‍പ്പെടെ നിയമവിരുദ്ധ പ്രവര്‍ത്തങ്ങള്‍ ചെയ്തത്. ഇവര്‍ തമ്മില്‍ ഇപ്പോള്‍ പിണങ്ങിയത് എന്തിന്റെ പേരിലാണെന്ന് അറിയില്ല. കേന്ദ്രത്തിനെതിരെ സമരം ചെയ്യും എന്നു പറഞ്ഞതു പോലുള്ള രാഷ്ട്രീയ നാടകമാണ് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നടക്കുന്നത്.
Content Summary: Saw the governor coming and leaving as if he had left: PK Kunhalikutty
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !