കോട്ടക്കൽ: (Mediavisonlive.in) ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് രണ്ടത്താണി നിവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് അറുതി വരുത്തണമെന്നും ജനങ്ങൾ വളരെയധികം ആശ്രയിക്കുന്ന രണ്ടത്താണി ടൗൺ ഭാഗത്ത് തന്നെ ഒരു അണ്ടർപാസ് / ബോക്സ് കൾവർട്ട് നിർമ്മിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമാരമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവരെ നേരിൽ കണ്ട് കത്ത് നൽകി.
അണ്ടർ പാസ് / ബോക്സ് കൾവർട്ട് എന്നതിൻ്റെ ആവശ്യകതയെക്കുറിച്ചും ഇതിന് വേണ്ടി പ്രദേശവാസികൾ നടത്തുന്ന തുടർ സമരങ്ങളെക്കുറിച്ചുള്ള കാര്യങ്ങളും എം എൽ.എ മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവർക്ക് മുമ്പാകെ അവതരിപ്പിച്ചു. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിലാണ് എം.എൽ.എ മുഖ്യമന്ത്രിയെ കണ്ടത് .
ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായി രണ്ടത്താണി ടൗണിൽ ഇരു ഭാഗങ്ങളിലുമുള്ള ജനങ്ങൾക്ക് വിവിധ ആവശ്യങ്ങൾക്കായി ആശ്രയിക്കുന്നതിന് ടൗണിൽ തന്നെ സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ട് മാറാക്കര പഞ്ചായത്ത് മെമ്പർമാരുടേയും ആക്ഷൻ കമ്മിറ്റി അംഗങ്ങളുടെയും സാന്നിധ്യത്തിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ തിരുവനന്തപുരത്ത് എൻ.എച്ച്.എ.ഐ റീജിയണൽ ഓഫീസർ ബി.എൽ മീണയുമായി മുമ്പ് പലതവണ കൂടിക്കാഴ്ച നടത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു.
ടൗണിൽ അണ്ടർ പാസ് നിർമ്മാണം എന്നത് പ്രായോഗികല്ലെങ്കിൽ സ്കൂൾ , മദ്റസ വിദ്യാർത്ഥികൾക്കും ജനങ്ങൾക്കും ഇരു ഭാഗങ്ങളിലേക്കും നടന്ന് പോകാനുള്ള ബോക്സ് കൾവർട്ട് എങ്കിലും നിർമ്മിക്കണമെന്ന് എം.എൽ.എ അന്നെല്ലാം എൻ. എച്ച്.എ. ഐ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
രണ്ടത്താണി പ്രദേശത്തെ ആളുകൾക്ക് പള്ളി, മദ്റസ, സ്കൂൾ , വ്യാപാര സ്ഥാപനങ്ങൾ , ഓഫീസുകൾ എന്നിവിടങ്ങളിലേക്ക് എത്തിപ്പെടാൻ ടൗണിൽ തന്നെ സംവിധാനമൊരുക്കണമെന്ന ആവശ്യം നേരത്തെ പല ജില്ലാ വികസന സമിതി യോഗങ്ങളിലും കളക്ടറുടെ സാന്നിധ്യത്തിൽ വിളിച്ച് ചേർത്ത എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥരുടെ യോഗങ്ങളിലും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ശക്തമായി ഉന്നയിച്ചിരുന്നു.
ഇത് സംബന്ധിച്ച് അധികൃതർക്ക് പല തവണ കത്തുകളും നൽകിയിരുന്നു. എം.പിയും എം.എൽ.എയും ആവശ്യപ്പെട്ടതനുസരിച്ച് ദേശീയ പാത വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ രണ്ടത്താണിയിലെത്തിയപ്പോൾ നാട്ടുകാരുടെയും ജനപ്രതിനിധികളുടേയും സാന്നിധ്യത്തിൽ തന്നെ ടൗണിൽ ഇരു ഭാഗങ്ങളിലേക്കും സഞ്ചരിക്കാനുള്ള സംവിധാനം നിർമ്മിക്കേണ്ടതിൻ്റെ ആവശ്യകതയും ഗൗരവവും എം.എൽ.എ അധികൃതരെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാൽ ദേശീയപാത അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടികൾ ഒന്നും ഇല്ലാത്തതിനാൽ ഇപ്പോൾ ജനങ്ങൾ സമരരംഗത്തിറങ്ങിയ സാഹചര്യത്തിലാണ് ഇപ്പോൾ എം എൽ എ വീണ്ടും മുഖ്യമന്ത്രിയേയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയേയും നേരിൽ കണ്ട് രണ്ടത്താണിയിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ അവതരിപ്പിച്ചത്.
ബുധനാഴ്ച നടന്ന ബജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യർത്ഥനകളെ സംബന്ധിക്കുന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലും എം.എൽ.എ ഈ വിഷയം നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. എം.എൽ.മാരായ പി. ഉബൈദുള്ള , ടി.വി. ഇബ്രാഹീം എന്നിവരും സന്നിഹിതരായിരുന്നു
Content Summary: National Highway Construction: Need permanent solution to Randathani problems, Prof. Abid Hussain Thangal MLA met the Chief Minister
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !