കരമന – കളിയിക്കാവിള ദേശീയപാതയിൽ അപകടകരമായ രീതിയിൽ നമ്പർ പ്ലേറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ച ശേഷം വിഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച യുവാവിനെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ബൈക്കും പിടിച്ചെടുത്തു. പാറശാല മുര്യങ്കരയിൽ നിന്നു നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു പിൻവശം കടവട്ടാരത്ത് വാടകയ്ക്ക് താമസിക്കുന്ന അഭിജിത്തിനെ(22) ആണ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ മാസം 21ന് ആണ് സംഭവം. അമരവിളയിൽ നിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്കുള്ള റോഡിലൂടെ അമിത വേഗത്തിൽ ആണ് അഭിജിത്തിന്റെ യാത്ര.
എതിർ ദിശയിൽ നിന്ന് വരുന്ന കെഎസ്ആർടിസി ബസ്, കാറുകൾ എന്നിവയുടെ അരികിലൂടെ പായുന്ന ഇയാൾ പലയിടത്തും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടു പോകുന്നതെന്ന് വിഡിയോയിൽ കാണാം. എഐ ക്യാമറകളിൽ കുടുങ്ങാതിരിക്കാൻ ആണ് നമ്പർ പ്ലേറ്റ് ഘടിപ്പിക്കാത്തതെന്ന് പ്രതി പൊലീസിനു മൊഴി നൽകി. സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിച്ച ഈ വിഡിയോ, ‘ആക്ഷൻ ഹീറോ ബിജു’ എന്ന സിനിമയിലെ എസ്ഐ ബിജു പൗലോസ് ‘എട മോനെ, നമുക്ക് ഉടനെ കാണാം’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ചതിനു പിന്നാലെയാണ് നെയ്യാറ്റിൻകര പൊലീസ് കേസ് റജിസ്റ്റർ ചെയ്തതും പ്രതിയെ വലയ്ക്കുള്ളിലാക്കിയതും.
അഭിജിത്തിന്റെ ബൈക്കിനു തൊട്ടു പിന്നാലെ അതേ വേഗത്തിൽ പാഞ്ഞ മറ്റാരോ ആണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. അവരെ കണ്ടെത്തി അവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. അഭിജിത്തിന്റെ പേരിൽ മറ്റെന്തെങ്കിലും പരാതികളോ കേസുകളോ ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചെങ്കിലും ബൈക്ക് പൊലീസ് കസ്റ്റഡിയിൽ തന്നെയുണ്ട്. കേസ് മോട്ടർ വാഹന വകുപ്പിന് കൈമാറുമെന്നാണ് അറിയുന്നത്.
Content Summary: Dangerous bike riding video shared; The young man was picked up by the police
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !