'സ്നേഹത്തിൻ്റെ മണമുള്ള നാട്ടുവഴികളിലൂടെ..' വായിക്കുകയാണ്..
തൻ്റെ ഓർമ്മകളും അനുഭവങ്ങളും യാത്രകളും അദ്ദേഹം വിശദമായി, കൃത്യതയോടെ പുസ്തകത്തിൽ പങ്കുവെക്കുന്നു.
രണ്ടു ഭാഗങ്ങളായാണ് ഉള്ളടക്കം.ഒന്നാം ഭാഗത്തിൽ ഓർമ്മകളും അനുഭവങ്ങളും വിവരിക്കുന്നു.രണ്ടാം ഭാഗത്തിൽ, എഴുത്തുകാരൻ നടത്തിയ യാത്രകളുടെ അനുഭവങ്ങളാണ്.
അക്കത്തിൽ ഒതുങ്ങാത്ത അനുഭവങ്ങളെ,സ്നേഹത്തിൻ്റെ മഹത്വത്തെ,സ്നേഹത്തിൻ്റെ മണത്തെ പകർന്ന മനുഷ്യരെയെല്ലാം ഈ കെട്ട കാലത്തിലേയ്ക്ക് അദ്ദേഹം പകർത്തിവെക്കുകയാണ്.ഒപ്പം, നിലനിൽക്കുന്ന ചില വിശ്വാസപ്രമാണങ്ങളേയും പ്രവണതകളേയും എതിർക്കുന്നുമുണ്ട്.
തൻ്റെ ചെറുപ്പകാലം,തന്നെ ഊട്ടിയവർ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സഹ പ്രവർത്തകർ, നാട്ടിലെ പച്ചയായ മനുഷ്യർ, അവർ പകർന്ന സ്നേഹം, വിവിധ രംഗത്തുളള പ്രശസ്തർ.. ഇങ്ങനെ പോവുന്നു അനുഭവ വഴികളുടെ വിവരണം..
അനുഭവങ്ങളും ഓർമ്മകളും പങ്കുവെക്കുമ്പോൾ ഉടനീളം എഴുത്തുകാരൻ സ്നേഹത്തെക്കുറിച്ച് വാചാലനാവുന്നു. സ്നേഹത്തിൽ നിന്നും തുടങ്ങി സ്നേഹത്തിൽ അവസാനിക്കുന്നു.ജാതിക്കും മതത്തിനും അതീതമായി നാട്ടിലെ മനുഷ്യരുടെ ഒരുമയും പങ്കുവെപ്പും അദ്ദേഹം ഔന്നത്യത്തോടെ പകർത്തുന്നുണ്ട്.
അർഹതപ്പെട്ട പലതും അവന് ലഭിച്ചില്ല, സ്നേഹം പോലും.. ഓർമ്മകൾ നഖം പോലെയാണ്..മുറിയും തോറും അത് വളർന്നുകൊണ്ടേയിരിക്കും. കണ്ണീരും ചിരിയും ഒന്നിച്ച് മുഖത്ത് പ്രത്യക്ഷപ്പെടുന്ന സമയമാണത്രേ, ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷം.. നമ്മൾ പിടിച്ചു കെട്ടിയാൽ നിൽക്കുന്നതല്ല ഓർമ്മകൾ..നിഷേധിച്ചാൽ തടുക്കാവുന്നതുമല്ല.. മറക്കില്ല എന്ന് പറഞ്ഞവരൊക്കെ മറന്നു കളഞ്ഞു.. മാതാപിതാക്കൾ ഉള്ളപ്പോഴാണ് നാം കുട്ടികളാവുന്നത്.. (പുസ്തകത്തിലെ അനുഭവ വിവരണ ഭാഗത്തുനിന്നുള്ള ചില വരികൾ)
മാടായി കാളി, യാഹു എന്ന കസ്റ്റമർ, വാവിടി, പപ്പിനി ,വാപ്പുട്ടി ഡോക്ടർ, ജനകീയ ഡോക്ടർ, വി.ടി,എം.ടി, സുഗതകുമാരി, ചെറുകാട്, ആറ്റൂർ.. തുടങ്ങി ഒട്ടേറെ പേരുമായുള്ള അനുഭവങ്ങൾ, കോളേജ് - അടിയന്തരാവസ്ഥക്കാലം തുടങ്ങിയവ മാനവേന്ദ്രനാഥൻ പുസ്തകത്തിൽ അടയാളപ്പെടുത്തുന്നു.
മണ്ണിൻ്റെ മണമുള്ള നന്മ നിറഞ്ഞ, നിഷ്കളങ്കരായ ഒരു കൂട്ടം മനുഷ്യരെക്കുറിച്ചും, നാടിനെക്കുറിച്ചുമൊക്കെയുള്ള വിവരണത്തിലൂടെ, കഴിഞ്ഞകാലത്തെ മറ്റൊരു രീതിയിൽ അടയാളപ്പെടുത്തുകയാണ് എഴുത്തുകാരൻ.
വർഷങ്ങൾക്കു മുൻപ് നടന്ന ഓരോ സംഭവങ്ങളും അദ്ദേഹം കൃത്യമായ തീയതിയോടു കൂടി രേഖപ്പെടുത്തിയിരിക്കുന്നത് ഏറെ കൗതുകം ഉണർത്തുന്നു. വർഷങ്ങൾക്കു മുൻപ് താനുമായി ബന്ധപ്പെട്ട വ്യക്തികളുടെ പേരും വീട്ടുപേരുംവരെ..!
താൻ കണ്ടുമുട്ടിയ, പരിചയപ്പെട്ട മനുഷ്യരുടെ സ്വഭാവങ്ങളേയും വികാരങ്ങളേയുമെല്ലാം കാപട്യങ്ങളില്ലാതെ അദ്ദേഹം വെട്ടിത്തുറന്ന് എഴുതിയിട്ടുണ്ട്. അത് എത്ര പേരുകേട്ട വ്യക്തിയാണെങ്കിൽ പോലും.
പുതിയ തലമുറയ്ക്ക് ഈ അനുഭവങ്ങളെല്ലാം ചെറുതല്ലാത്ത പാഠങ്ങളാണ് സമ്മാനിക്കുക.
രണ്ടാം ഭാഗത്ത് വരുന്ന യാത്രാവിവരണം എടുത്തു പറയേണ്ടതുതന്നെ.
ഉത്തരേന്ത്യയിലെ വിവിധ ഇടങ്ങൾ, യൂറോപ്പ്, അറേബ്യൻ രാഷ്ട്രങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്ക് നടത്തിയ യാത്രകളാണ് വിവരിക്കുന്നത്.
യാത്ര ചെയ്ത ഓരോ സ്ഥലത്തെക്കുറിച്ചും കൃത്യതയോടെ,അന്വേഷണ ത്വരയോടെ വിശദമായി അദ്ദേഹം പങ്കുവെക്കുന്നുണ്ട്.
എത്തിച്ചേർന്ന സ്ഥലത്തിൻ്റേയും, അവിടുത്തെ പ്രധാന കാഴ്ച ഇടങ്ങളുടേയും, ചരിത്രവും മറ്റു സവിശേഷതകളുമെല്ലാം ഏറെ ഭംഗിയോടെ വാക്കുകളായി പകർത്തുന്നു.
നൂറ്റിയൊൻപതാം പേജ് അവസാനിക്കുന്നത് ഇങ്ങനെയാണ്:
'എന്തിനിതെല്ലാം എഴുതിയെന്ന് ചിലരെങ്കിലും ചോദിക്കും; ചുരുങ്ങിയ പക്ഷം ചിന്തിക്കും.ഒരേ ഒരു ഉത്തരമേ അതിനുള്ളൂ - മറക്കാനാവാത്തതുകൊണ്ട് എന്ന് മാത്രം.'
ഇതുതന്നെയാണ് പുസ്തകത്തിൻ്റെ കാതൽ. 146 പേജുള്ള പുസ്തകം പുറത്തിറക്കിയിരിക്കുന്നത് ലോഗോസ് ബുക്സാണ്.
വി.രാജേഷ്
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !