ആദ്യം 10 മിനിറ്റ് കുടുംബാംഗങ്ങൾക്ക് മാത്രം അന്തിമോപചാരം അർപ്പിക്കാൻ അനുവദിച്ചു. വി.എസിന്റെ പത്നി വസുമതി, മകൾ ആശ, സഹോദരി ആഴിക്കുട്ടി തുടങ്ങിയ കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നു. വീട്ടുകാരുടെ അന്തിമോപചാരത്തിന് ശേഷം വീടിന് പുറത്തെ പന്തലിൽ പൊതുദർശനം ആരംഭിച്ചു. വീട്ടിലെത്തിയ എല്ലാവരെയും വി.എസിനെ കാണാനും അന്ത്യാഭിവാദ്യം അർപ്പിക്കാനും അനുവദിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
തുടർന്ന് ആലപ്പുഴ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനം ഒരു മണിക്കൂറിൽ നിന്ന് അര മണിക്കൂറായി വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഇതിന് ശേഷം ആലപ്പുഴ പോലീസ് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനമുണ്ടാകും. പോരാളികളുടെ മണ്ണായ ആലപ്പുഴ വലിയചുടുകാട്ടിലാണ് വൈകീട്ട് വി.എസിന്റെ സംസ്കാരം നടക്കുക.
അനന്തപുരിയിൽ നിന്ന് വിപ്ലവമണ്ണായ പുന്നപ്രയിലേക്ക് ഇന്നലെ ഉച്ചയ്ക്ക് 2:25-ഓടെയാണ് വി.എസിന്റെ വിലാപയാത്ര ആരംഭിച്ചത്. മൂന്ന് ജില്ലകളിലായി, 151 കിലോമീറ്റർ ദൂരം നീളുന്ന വിലാപയാത്ര 22 മണിക്കൂർ പിന്നിട്ടാണ് ഇന്നുച്ചയ്ക്ക് 12:22-ഓടെ പുന്നപ്രയിലെ ജന്മനാട്ടിലെത്തിയത്. വേലിക്കകത്ത് വീടിന് സമീപം ആയിരക്കണക്കിന് ആളുകളാണ് പ്രിയ സഖാവിനെ ഒരുനോക്ക് കാണാനായി തടിച്ചുകൂടിയിട്ടുള്ളത്. രാത്രിയും കനത്ത മഴയും വകവെക്കാതെ വഴിയോരങ്ങളിൽ കാത്തുനിന്ന ജനസഹസ്രങ്ങളുടെ ഹൃദയാഞ്ജലി ഏറ്റുവാങ്ങിയാണ് വി.എസിന്റെ അന്ത്യയാത്ര പൂർത്തിയായത്.
സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി, എം.വി. ഗോവിന്ദൻ, മറ്റ് സി.പി.എം. നേതാക്കൾ, മന്ത്രിമാർ, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, എൻ.കെ. പ്രേമചന്ദ്രൻ എം.പി, കോൺഗ്രസ് നേതാവ് എം. ലിജു, മുൻമന്ത്രി ജി. സുധാകരൻ തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കൾ വി.എസിന്റെ വേലിക്കകത്ത് വീട്ടിൽ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.
ഈ വാർത്ത കേൾക്കാം
Content Summary: 22-hour mourning procession; V.S. reaches his home in Punnapra after being greeted by a huge crowd
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !