മുംബൈ|ബോളിവുഡിലെ മുൻനിര നായികയായിരുന്ന തനുശ്രീ ദത്ത സ്വന്തം വീട്ടിൽ കടുത്ത ഉപദ്രവം നേരിടുന്നതായി വെളിപ്പെടുത്തി. വിഡിയോ സന്ദേശത്തിലൂടെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് തനുശ്രീ ഈ ദുരവസ്ഥ തുറന്നുപറഞ്ഞത്. 2018 മുതൽ താൻ ഉപദ്രവിക്കപ്പെടുന്നുണ്ടെന്നും പോലീസിന്റെ സഹായം തേടിയതായും അവർ വ്യക്തമാക്കി.
ചൊവ്വാഴ്ച രാത്രി പങ്കുവെച്ച വിഡിയോയിൽ, മീ ടൂ വിവാദത്തിൽ ശക്തമായ നിലപാടെടുത്തതുമുതൽ തനിക്കെതിരായ ഉപദ്രവം തുടരുകയാണെന്ന് തനുശ്രീ പറയുന്നു. തന്റെ വീട്ടിലെ അനാവശ്യമായ കടന്നുകയറ്റങ്ങളെക്കുറിച്ച് ഔദ്യോഗികമായി പരാതി നൽകാൻ പോലീസ് സ്റ്റേഷനിലേക്ക് പോകുമെന്നും കണ്ണീരോടെ അവർ അറിയിച്ചു.
"സുഹൃത്തുക്കളെ, ഞാൻ എന്റെ സ്വന്തം വീട്ടിൽ ഉപദ്രവിക്കപ്പെടുകയാണ്, പീഡിപ്പിക്കപ്പെടുന്നു. ഞാൻ പോലീസിനെ വിളിച്ചു. സ്റ്റേഷനിലെത്തി കൃത്യമായ പരാതി നൽകാൻ അവർ ആവശ്യപ്പെട്ടിട്ടുണ്ട്. എനിക്ക് ഇന്ന് സുഖമില്ല, നാളെ പോയി പരാതി നൽകും. കഴിഞ്ഞ 4-5 വർഷമായി എന്നെ വളരെയധികം ഉപദ്രവിച്ചു. എന്റെ ആരോഗ്യം മോശമായി. എനിക്കൊന്നും ചെയ്യാൻ കഴിയുന്നില്ല," തനുശ്രീ വിഡിയോയിൽ പറയുന്നു.
വീട്ടിലെ സാഹചര്യങ്ങളെക്കുറിച്ചും അവർ വിശദീകരിച്ചു: "എന്റെ വീട് ആകെ അലങ്കോലമായി കിടക്കുകയാണ്. എനിക്ക് വീട്ടുജോലിക്കാരെ നിയമിക്കാൻ പോലും കഴിയില്ല. കാരണം അവർ എന്റെ വീട്ടിൽ ജോലിക്കാരെ നിയോഗിച്ചു... ജോലിക്കാർ വന്ന് മോഷ്ടിക്കുന്നു. തോന്നുന്നതുപോലെ പ്രവർത്തിക്കുന്നു. വളരെ മോശം അനുഭവങ്ങൾ എനിക്കുണ്ടായി. എന്റെ എല്ലാ ജോലികളും ഞാൻ തന്നെ ചെയ്യണം. എന്റെ സ്വന്തം വീട്ടിൽ ഞാൻ ബുദ്ധിമുട്ടുകയാണ്. ദയവായി ആരെങ്കിലും എന്നെ സഹായിക്കൂ."
പശ്ചാത്തലത്തിൽ ചില ഉച്ചത്തിലുള്ള ശബ്ദങ്ങൾ കേൾക്കുന്ന മറ്റൊരു വിഡിയോയും തനുശ്രീ പങ്കുവെച്ചിട്ടുണ്ട്. "2020 മുതൽ മിക്കവാറും എല്ലാ ദിവസവും അസമയത്ത് ഇതുപോലുള്ള ഉച്ചത്തിലുള്ള ശബ്ദങ്ങളും എന്റെ മേൽക്കൂരയ്ക്ക് മുകളിലും വാതിലിന് പുറത്തും വളരെ ഉച്ചത്തിലുള്ള മുട്ടലുകളും ഞാൻ നേരിട്ടിട്ടുണ്ട്! ബിൽഡിംഗ് മാനേജ്‌മെന്റിനോട് പരാതിപ്പെട്ട് ഞാൻ മടുത്തു, കുറച്ച് വർഷങ്ങൾക്ക് മുൻപ് അത് ഉപേക്ഷിച്ചു," തനുശ്രീ വിഡിയോയ്ക്കൊപ്പം കുറിച്ചു.
ക്രോണിക് ഫെറ്റീഗ് സിൻഡ്രോം എന്ന രോഗാവസ്ഥയിലാണെന്നും, മാനസികാരോഗ്യം നിലനിർത്താൻ മന്ത്രങ്ങൾ ജപിക്കാറുണ്ടെന്നും തനുശ്രീ അവകാശപ്പെട്ടു. "ഇന്ന് എനിക്ക് ഒട്ടും സുഖമില്ലായിരുന്നു, നിങ്ങൾക്കറിയാവുന്നതുപോലെ കഴിഞ്ഞ 5 വർഷമായി നിരന്തരമായ സമ്മർദ്ദവും ഉത്കണ്ഠയും നേരിട്ടതിന്റെ ഫലമായി എനിക്ക് ക്രോണിക് ഫെറ്റീഗ് സിൻഡ്രോം ഉണ്ടായി. ഞാൻ എന്താണ് നേരിടുന്നതെന്ന് എല്ലാവർക്കും മനസ്സിലാകും. എഫ്.ഐ.ആറിൽ ഞാൻ ഇനിയും ഒരുപാട് കാര്യങ്ങൾ വെളിപ്പെടുത്തും," അവർ കൂട്ടിച്ചേർത്തു.
'ആഷിഖ് ബനായ', 'ഡോൾ', 'ഭാഗം ഭാഗ്', 'ഗുഡ് ബോയ് ബാഡ് ബോയ്' തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് തനുശ്രീ ദത്ത ബോളിവുഡിൽ ശ്രദ്ധേയയായത്. കുറച്ചുവർഷങ്ങൾക്ക് മുൻപ് നടൻ നാനാ പട്നേക്കറിനെതിരെ മീ ടൂ ആരോപണവുമായി രംഗത്തെത്തിയതോടെയാണ് അവർ വീണ്ടും വാർത്തകളിൽ നിറഞ്ഞത്.
Source:
ഈ വാർത്ത കേൾക്കാം
Content Summary: 'Please someone help me...' Facing harassment in her own home: Actress Tanushree Dutta bursts into tears
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !