ഫത്തോർഡ (ഗോവ)|എ.എഫ്.സി. ചാംപ്യൻസ് ലീഗിൽ ഫത്തോർഡയിൽ ഇന്ന് ആവേശകരമായ പോരാട്ടം നടക്കും. ഇന്ത്യൻ ക്ലബ്ബായ എഫ്.സി. ഗോവ സൗദി വമ്പൻമാരായ അൽ നസ്‌റിനെ നേരിടും. രാത്രി 7:15-നാണ് മത്സരം. മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തിൻ്റെ സുരക്ഷ ഗോവൻ പോലീസ് വർധിപ്പിച്ചിട്ടുണ്ട്.
ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലെങ്കിലും സൂപ്പർ താരങ്ങളുമായാണ് അൽ നസ്‌ർ ഇന്ത്യയിലെത്തിയിരിക്കുന്നത്. പരിശീലകൻ ഹോർഗെ ജീസസ് ടീമിനെ കളത്തിലിറക്കും. സാദിയോ മാനെ, യാവോ ഫെലിക്സ്, ഇനിഗോ മാർട്ടിനെസ്, കിംഗ്സ്ലി കൂമൻ ഉൾപ്പെടെയുള്ള വമ്പൻ താരനിരയെയാണ് പ്രതീക്ഷിക്കുന്നത്. വരും മത്സരങ്ങളിൽ പൂർണ്ണ ആരോഗ്യവാനായി കളിക്കാൻ വേണ്ടിയാണ് റൊണാൾഡോ ഇന്ത്യയിലേക്ക് വരാത്തതെന്ന് അൽ നസ്‌ർ പരിശീലകൻ വ്യക്തമാക്കി.
മനോലോ മാർക്വേസിൻ്റെ കീഴിലുള്ള ഗോവൻ ടീം പരിശീലനം പൂർത്തിയാക്കി അൽ നസ്‌റിനെ നേരിടാൻ ഒരുങ്ങിക്കഴിഞ്ഞു. സന്ദേശ് ജിങ്കാൻ, ഹാവിയർ സിവേറിയോ, ആയുഷ് ഛേത്രി, മുഹമ്മദ് യാസിർ, ഉദാന്ത സിങ് ഉൾപ്പെടെ ഇന്ത്യൻ യുവനിരയും വിദേശ താരങ്ങളും ടീമിലുണ്ട്. സൗദി ക്ലബ്ബിനെതിരെ വ്യക്തമായ പദ്ധതിയുണ്ടെന്ന് ഗോവ നായകൻ സന്ദേശ് ജിങ്കാൻ പ്രതികരിച്ചു.
ആറ് പോയിന്റുമായി ഗ്രൂപ്പ് ഡി-യിൽ ഒന്നാം സ്ഥാനത്താണ് അൽ നസ്‌ർ. ഗോവ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്. അൽ നസ്‌ർ ടീം ഇന്ത്യയിൽ കളിക്കുന്നത് ഇതാദ്യമായാണ്. ഫുട്‌ബോൾ ആരാധകർക്ക് ഒരു കാർണിവൽ പ്രതീതിയാകും ഈ പോരാട്ടം.
ഫാൻകോഡ് ആപ്പിലും വെബ്‌സൈറ്റിലും മത്സരം സ്ട്രീം ചെയ്യും. ഇന്ത്യൻ ടി.വി. ചാനലുകളിൽ മത്സരത്തിൻ്റെ തത്സമയ സംപ്രേഷണം ഉണ്ടാകില്ല. സൗദി അറേബ്യയിൽ beIN സ്പോർട്സ് നെറ്റ്‌വർക്കിൽ മത്സരം കാണാം.
ഈ വാർത്ത കേൾക്കാം
Content Summary: Mediavisionlive.in
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !