മലപ്പുറം: ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട മലപ്പുറം കോട്ടക്കുന്നിലെ ശരത്തിന് പാണക്കാട് തങ്ങൾ കുടുംബത്തിന്റെ ഓണസമ്മാനം. കിടപ്പാടമടക്കം നഷ്ടപ്പെട്ട ചാത്തക്കുളം ശരത്തിന് ശിഹാബുദ്ദീൻ ഖബീല (പാണക്കാട് തങ്ങൾ കുടുംബം) വീടുവെച്ചുനൽകും.
ഉത്രാടദിനത്തിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ‘മലപ്പുറത്ത് നടന്ന ദുരന്തമായതിനാൽ പുനരധിവാസം പാണക്കാട് കുടുംബത്തിന്റെ ധാർമ്മിക ഉത്തരവാദിത്വമായാണ് കാണുന്നത്. ആറുമാസംകൊണ്ട് വീട് നിർമിച്ചുനൽകും. ദുരിതബാധിതർക്ക് എല്ലാവിധ സഹായങ്ങളും ശിഹാബുദ്ദീൻ ഖബീല ചെയ്യും’- ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.
ഓഗസ്റ്റ് ഒമ്പതിന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ദുരന്തമുണ്ടായത്. കനത്തമഴയിൽ കോട്ടക്കുന്നിന്റെ പടിഞ്ഞാറെ ചെരുവ് തകർന്നാണ് ശരത്തിന്റെ വീട് 200 മീറ്ററോളം താഴേക്ക് പതിച്ചത്. ശരത്തിന്റെ അമ്മ സരോജിനി, ഭാര്യ ഗീതു, മകൻ ധ്രുവൻ എന്നിവരെ കാണാതായി. രണ്ടുദിവസങ്ങൾക്കുശേഷം ഗീതുവിന്റെയും ധ്രുവന്റെയും അടുത്തദിവസം സരോജിനിയുടെയും മൃതദേഹങ്ങൾ കണ്ടെത്തി.
അപകടസമയത്ത് ശരത്, അച്ഛൻ സത്യൻ, സഹോദരൻ സജിൻ, കൂട്ടുകാരൻ ഷക്കീബ് എന്നിവരും സ്ഥലത്തുണ്ടായിരുന്നു. ഇവർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. സത്യനും കുടുംബവും വർഷങ്ങളായി ഇവിടെ വാടകക്ക് താമസിക്കുകയായിരുന്നു.
വ്യവസായി ആരിഫ് കളപ്പാടൻ പട്ടർക്കടവിൽ നൽകിയ ആറ് സെന്റ് സ്ഥലത്താണ് വീട് വെച്ചുനൽകുന്നത്. ഹൈദരലി തങ്ങൾ ചൊവ്വാഴ്ച ഇവിടെയെത്തി വീടിന് കുറ്റിയടിച്ചു.
ഹുസൈൻ ശിഹാബ് തങ്ങൾ അധ്യക്ഷനായി. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, സാദിഖലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ എന്നിവർ പങ്കെടുത്തു.


