ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുടെ വിവാഹ ജീവിതം എന്ന സ്വപ്നം സാക്ഷാത്കരിക്കൽ പൊരുത്തം 2019 സംസ്ഥാന തല ഭിന്നശേഷി വിവാഹ കുടിക്കാഴ്ച സംഗമം തിരൂരിൽ നടക്കുന്നു. എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബിൾഡിന്റെയും കേരള മാരേജ് ഡോട്ട് കോ മിന്റെയും ആഭിമുഖ്യത്തിൽ സെപ്തംബർ14, 15 തിയ്യതികളിൽ തിരുർ എം. ഇ. എസ്. സെൻട്രൽ സ്ക്കൂളിൽ വെച്ചാണ് സംസ്ഥാന തല സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ വിഭാഗം ഭിന്നശേഷി വിഭാഗങ്ങളുടെയും സർവ്വതോന്മുഖമായ പുരോഗതി ലക്ഷ്യമാക്കി അവർക്ക് അവസരസമത്വം നൽകിക്കൊണ്ട് മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ പുളിക്കൽ എബിലിറ്റി ക്യാമ്പസ്സിൽ നടന്നുവരുന്ന വിവിധ വിദ്യാഭ്യാസ തൊഴിൽ നൈപുണ്യ വികസന പദ്ധതികളുടെ ഭാഗമായി കൊണ്ടാണ് എബിലിറ്റി ഈ സംരംഭം സംഘടിപ്പിക്കുന്നത്.
രണ്ട് ദിവസങ്ങളായി നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഉൾപ്പെട്ട 3000 ത്തോളം പേർ വിവാഹന്വേഷണ സംഗമത്തിൽ പങ്കെടുക്കും. സൗകര്യത്തിനായി ആദ്യ ദിനത്തിൽ സെപ്തംബർ 14 ന് മുസ്ലിം വിവാഹ കുടിയാലോചനയും 15 ന് ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെട്ടവർക്കായും നിജപ്പെടുത്തിയിട്ടുണ്ട്.

