മലപ്പുറം: ജില്ലയിൽ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ചികിത്സാകേന്ദ്രങ്ങൾക്കെതിരേ നടപടിയുമായി ആരോഗ്യവകുപ്പ്. അലോപ്പതി, ആയുർവേദം, ഹോമിയോ ക്ലിനിക്കുകൾ കേന്ദ്രീകരിച്ചാണ് പരിശോധന. ചൊവ്വാഴ്ച വകുപ്പിന്റെ നേതൃത്വത്തിൽ കൂട്ടിലങ്ങാടി മർമ്മചികിത്സാ കേന്ദ്രത്തിൽനടന്ന പരിശോധനയിൽ കേന്ദ്രത്തിന് ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തി. തുടർന്ന് ചികിത്സാകേന്ദ്രം പൂട്ടാൻ പഞ്ചായത്തിന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകുകയും അധികൃതർ കേന്ദ്രം പൂട്ടുകയുംചെയ്തു.
കേന്ദ്രത്തെപ്പറ്റി ജില്ലാ മെഡിക്കൽ ഓഫീസർക്ക് ലഭിച്ച പരാതിയെത്തുടർന്നാണ് ആരോഗ്യവകുപ്പിന്റെയും ആയുർവേദ ചികിത്സാവിഭാഗം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പരിശോധനനടത്തിയത്. ഇത്തരത്തിൽ ജില്ലയിലെ 35-ഓളം സ്ഥാപനങ്ങളെപ്പറ്റി ജില്ലാ ആയുർവേദ മെഡിക്കൽ അസോസിയേഷൻ പരാതി നൽകിയിട്ടുള്ളതായി മലപ്പുറം ഡെപ്യൂട്ടി ഡി.എം.ഒ. അഹമ്മദ് അഫ്‌സൽ പറഞ്ഞു. വരുംദിവസങ്ങളിൽ ഈ സ്ഥാപനങ്ങളിലുൾപ്പെടെ പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.


