നിലമ്പൂർ: ജാറത്തോട് ചേർന്ന് താൽക്കാലിക പാത നിർമിച്ച് നാടുകാണി ചുരം റോഡ് വഴി യാത്രവാഹനങ്ങൾ കടത്തിവിടാൻ ഉന്നതതല യോഗത്തിൽ തീരുമാനം. പൊതുമരാമത്ത് മന്ത്രി ജി. സുധാകരെൻറ നിർദേശപ്രകാരം റോഡ് വിഭാഗം ചീഫ് എൻജിനിയർ എൽ. ബീനയുടെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് യോഗം ചേർന്നത്. സൂപ്രണ്ടിങ് എൻജിനിയർ വിശ്വനാഥൻ, മലപ്പുറം എക്സിക്യൂട്ടീവ് എൻജിനിയർ ജി. ഗീത തുടങ്ങിയവരും പങ്കെടുത്തു.
ജാറത്തോട് ചേർന്ന ഭാഗത്ത് 70 മീറ്റർ നീളത്തിലാണ് വിള്ളലുണ്ടായിരിക്കുന്നത്. ഇവിടെ താൽക്കാലിക പാത നിർമിക്കുന്നത് സംബന്ധിച്ച് പരിശോധിക്കാൻ എൻജിനിയറിങ് വിഭാഗം അടുത്ത ദിവസമെത്തും. രണ്ട് ദിവസത്തിനകം പാതയുടെ നിർമാണം തുടങ്ങാനാവുമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ ജി. ഗീത ‘മാധ്യമ’ത്തോട് പറഞ്ഞു.
ജാറം വരെ കെ.എസ്.ആർ.ടി.സി സമാന്തര സർവിസും ആലോചിക്കുന്നുണ്ട്. അതേസമയം, ചരക്ക് വാഹനങ്ങൾ തൽക്കാലത്തേക്ക് കടത്തിവിടില്ല. സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.ആർ.ആർ.ഐ) സംഘം അടുത്തയാഴ്ച ചുരം പരിശോധനക്കെത്തും. മണ്ണിടിച്ചിലിനെ തുടർന്ന് ചുരം റോഡടച്ചിട്ട് 55 ദിവസമായി.


