ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിവാദ പൗരത്വ നിയമ ഭേദഗതിക്കെതിരേ സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ സുപ്രിംകോടതി പരിഗണിക്കുന്നു. മതം അടിസ്ഥാനമാക്കി പൗരത്വം അനുവദിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സംഘടനകളും വ്യക്തികളും നല്‍കിയ 143 ഹരജികളാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. രാജ്യത്തിന്റെ മതേതരത്വത്തെ തകര്‍ക്കുന്ന നിയമം സ്റ്റേ ചെയ്യണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും കോടതി പരിഗണിക്കുന്നുണ്ട്.
ഇടക്കാല ഉത്തരവില്ല; ഹരജികള്‍ പരിഗണിക്കാന്‍ അഞ്ചംഗ ബെഞ്ച്
സി.എ.എക്കെതിരായ ഹരജികളില്‍ ഇടക്കാല ഉത്തരവില്ലെന്ന് സുപ്രിംകോടതി. ഹരജികള്‍ പരിഗണിക്കുന്നതിനായി അഞ്ചംഗ ബെഞ്ചിന് രൂപംനല്‍കി. ഹരജികളില്‍ മറുപടിസത്യവാങ്മൂലം നല്‍കാന്‍ നാലാഴ്ചത്തെ സമയവും സുപ്രിംകോടതി അനുവദിച്ചു.
അസമിന്റെ ഹരജികളില്‍ രണ്ടാഴ്ചക്കകവും മറ്റു ഹരജികളില്‍ നാലാഴ്ചക്കകവും കേന്ദ്രം മറുപടി നല്‍കണം
സി.എ.എക്കെതിരെ പരിഗണിച്ച 143 ഹരജികളില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് നാലാഴ്ച വരെ സമയം അനുവദിച്ച് സുപ്രിംകോടതി. അസമിന്റെ ഹരജികളില്‍ രണ്ടാഴ്ചത്തെ സമയാണ് കോടതി അനുവദിച്ചത്. കേരളം അടക്കമുള്ള മറ്റു ഹരജികളില്‍ നാലാഴ്ചത്തെ സമയവും അനുവദിച്ചു.
അസം അക്കോഡിന്റെ ലംഘനമാണ് സി.എ.എയെന്ന് ഹരജിക്കാരന്‍
ചില സംസ്ഥാനങ്ങള്‍ എന്‍.പി.ആര്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞെന്ന് മുതിര്‍ന്ന അഭിഭാഷകരന്‍ എ.എം സിങ്‌വി പറഞ്ഞു. സി.എ.എ നിയമം അസം അക്കോഡ് (കരാര്‍) ലംഘനമാണെന്നും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും വികാസ് സിങ് വാദിച്ചു. 1971 വരെ ബംഗ്ലാദേശില്‍ നിന്ന് ആളുകള്‍ക്ക് വരെ വരാമായിരുന്നുവെന്നും ഈ കാലപരിധി പുതുക്കിയതോടെ അസം കരാറിന്റെ ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്നും വികാസ് സിങ് വാദിച്ചു.
ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് സുപ്രിംകോടതി
ഒരു തരത്തിലുമുള്ള ഇടക്കാല ഉത്തരവുകളും പുറപ്പെടുവിക്കാനാവില്ലെന്ന് സുപ്രിംകോടതി. ഇന്നു തന്നെ ഇടക്കാല ഉത്തരവ് ഉണ്ടാകണമെന്ന വികാസ് സിങ്ങിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു കോടതി. ഹരജികളുടെ കോപ്പി കേന്ദ്ര സര്‍ക്കാരിന് നല്‍കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്നാണ് സുപ്രിംകോടതി അറിയിച്ചത്.
എന്‍.പി.ആര്‍ നീട്ടിവയ്ക്കണമെന്ന് കപില്‍ സിബല്‍
മുസ്‌ലിം ലീഗിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, എന്‍.പി.ആര്‍ പ്രവര്‍ത്തനം നീട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടു. ഏപ്രിലില്‍ തുടങ്ങാനിരിക്കുന്ന എന്‍.പി.ആര്‍ നടപടി നീട്ടിവയ്ക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
‘ഒന്നും കേള്‍ക്കാനാവുന്നില്ല’; തിങ്ങിനിറഞ്ഞ കോടതിമുറിയെ ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ്
പൗരത്വ നിയമ ഭേദഗതിക്കെതിരായ 143 ഹരജികളാണ് ഒന്നിച്ച് പരിഗണിക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചത്. ഓരോ ഹരജിയുടെയും പ്രതിനിധികളെ കൊണ്ട് കോടതി മുറി നിറഞ്ഞു. ശബ്ദമുണ്ടാവുന്നുവെന്ന് കണ്ടപ്പോള്‍ ചീഫ് ജസ്റ്റിസ് ഇടപെടുകയും ഒന്നും കേള്‍ക്കാനാവുന്നില്ലെന്ന് പറയുകയും ചെയ്തു.
ഹരജികള്‍ കേള്‍ക്കുന്നത് ഏതൊക്കെ ജഡ്ജിമാര്‍?
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികളില്‍ വാദം കേള്‍ക്കുന്നത്. ജസ്റ്റിസ് എസ്. അബ്ദുല്‍ നസീര്‍, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.
പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ അയല്‍ രാജ്യങ്ങളില്‍നിന്നു 2014 ഡിസംബര്‍ 31ന് മുന്‍പ് രാജ്യത്തെത്തിയ മുസ്‌ലിംകളല്ലാത്ത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം അനുവദിക്കുന്നതാണ് നിയമം. പൗരത്വ നിയമ ഭേദഗതി പ്രകാരം ഈ രാജ്യങ്ങളില്‍നിന്നു ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാര്‍സി, ക്രിസ്ത്യന്‍ മത ന്യൂനപക്ഷങ്ങള്‍ക്കാണ് പൗരത്വം അനുവദിക്കുക. ഭേദഗതിക്കു മുന്‍പ് രാജ്യത്ത് 11 വര്‍ഷം താമസിച്ചവര്‍ക്കായിരുന്നു പൗരത്വം അനുവദിച്ചിരുന്നത്. ജനുവരി 10 മുതല്‍ നിയമം പ്രാബല്യത്തില്‍ വരുത്തി കേന്ദ്രം വിജ്ഞാപനം ഇറക്കുകയും ചെയ്തിരുന്നു.
കേരള സര്‍ക്കാര്‍, മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്, ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ, തൃണമൂല്‍ എം.പി മഹുവ മൊയിത്ര, എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി തുടങ്ങിയവരടക്കം 140ല്‍ അധികം ഹരജികളാണ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതില്‍ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഇന്ന് പരിഗണിക്കുന്നവയുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കേസില്‍ ജനുവരി ആദ്യ പകുതിയില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനു നോട്ടിസ് അയച്ചിരുന്നു.

Source: Suprbhatham
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !