ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ മുംബൈ എഫ്.സിയെ സമനിലയില്‍ തളച്ച് ജംഷേദ്പുര്‍ എഫ്.സി. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.
കളിയുടെ 28-ാം മിനിട്ടില്‍ പത്തുപേരായി ചുരുങ്ങിയിട്ടും മികച്ച പ്രകടനമാണ് ജംഷേദ്പുര്‍ കാഴ്ചവെച്ചത്. ജംഷേദ്പുരിനായി സൂപ്പര്‍ താരം നെരിയസ് വാല്‍സ്‌കിസും മുംബൈയ്ക്ക് വേണ്ടി പരിചയ സമ്പന്നനായ ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെയും സ്‌കോര്‍ ചെയ്തു. ഇരുഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്. മുംബൈ ഇതോടെ തുടര്‍ച്ചയായ അഞ്ചുമത്സരങ്ങളില്‍ പരാജയമറിയാതെ മുന്നേറി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടര്‍ന്നു. ജംഷേദ്പുർ നായകൻ പീറ്റർ ഹാർട്ലി ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി.
കളി തുടങ്ങി ആദ്യ ടച്ചില്‍ തന്നെ മികച്ച ആക്രമണമാണ് അഴിച്ചുവിട്ടത്. ആദ്യ മിനിട്ട് പിന്നിടുന്നതിന് മുന്‍പ് തന്നെ മുംബൈ മുന്നേറ്റനിര ജംഷേദ്പുര്‍ ബോക്‌സില്‍ ഇരച്ചുകയറി. തുടര്‍ച്ചയായി മികച്ച അവസരങ്ങള്‍ സൃഷ്ടിച്ച് മുംബൈ കളം നിറഞ്ഞതോടെ ആദ്യ മിനിട്ടുകളില്‍ ജംഷേദ്പുര്‍ വിയര്‍ത്തു.
എന്നാല്‍ മുംബൈ എഫ്.സിയെ ഞെട്ടിച്ചുകൊണ്ട് ആദ്യ മുന്നേറ്റത്തില്‍ തന്നെ ജംഷേദ്പുര്‍ ഗോള്‍ നേടി. സൂപ്പര്‍ താരം നെരിയസ് വാല്‍സ്‌കിസാണ് ജംഷേദ്പുരിനായി സ്‌കോര്‍ ചെയ്തത്. എട്ടാം മിനിട്ടിലാണ് ഗോള്‍ പിറന്നത്. മുംബൈ പ്രതിരോധത്തിന്റെ പിഴവില്‍ നിന്നാണ് വാല്‍സ്‌കിസ് ഗോള്‍ നേടിയത്. താരത്തിന്റെ ഈ സീസണിലെ ആറാം ഗോളാണിത്.
ഒരു ഗോള്‍ വഴങ്ങിയതോടെ മുംബൈ ഉണര്‍ന്നുകളിച്ചു. അതിന് 15-ാം മിനിട്ടില്‍ ഫലവും ലഭിച്ചു. മികച്ച പാസ്സിങ് ഗെയിമിലൂടെ മുംബൈ സമനില ഗോള്‍ നേടി. സൂപ്പര്‍ താരം ബര്‍ത്തലോമ്യു ഒഗ്‌ബെച്ചെയാണ് ടീമിന് വേണ്ടി സ്‌കോര്‍ ചെയ്തത്. ഗോള്‍കീപ്പര്‍ രഹ്നെഷിനെ നിസ്സഹായനാക്കി ഒഗ്‌ബെച്ചെ മികച്ച ഷോട്ടുതിര്‍ത്ത് വലകുലുക്കി.
28-ാം മിനിട്ടില്‍ ജംഷേദ്പുരിന്റെ ഐടര്‍ മണ്‍റോയ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ ജംഷേദ്പുര്‍ കളിയുടെ തുടക്കത്തില്‍ തന്നെ പത്തുപേരായി ചുരുങ്ങി.
രണ്ടാം പകുതിയില്‍ വളരെ പതുക്കെയാണ് ഇരുടീമുകളും കളിച്ചുതുടങ്ങിയത്. പത്തുപേരായി കളിച്ച ജംഷേദ്പുരിന് വേണ്ട വിധത്തില്‍ കളം നിറഞ്ഞ് കളിക്കാനായില്ല. പതിയെ മുംബൈ കളിയിലേക്ക് തിരിച്ചുവന്നു. ജംഷേദ്പുര്‍ ഗോള്‍ പോസ്റ്റിലേക്ക് നിരന്തരം മുംബൈ ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. 61-ാം മിനിട്ടില്‍ ബോര്‍ജസിന് ഓപ്പണ്‍ ചാന്‍സ് ലഭിച്ചെങ്കിലും അത് വലയിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
പത്തുപേരായി ചുരുങ്ങിയിട്ടും പ്രതിരോധത്തില്‍ മികച്ച പ്രകടനമാണ് ജംഷേദ്പുര്‍ നടത്തിയത്. മുംബൈ മുന്നേറ്റനിരയെ തടയാന്‍ നായകന്‍ പീറ്റര്‍ ഹാര്‍ട്‌ലിയും സംഘവും നന്നായി തന്നെ ശ്രമിച്ചു. 78-ാം മിനിട്ടില്‍ അതിമനോഹരമായി വാല്‍സ്‌കിസ് മുംബൈയുടെ ഗോള്‍വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
82-ാം മിനിട്ടില്‍ മുംബൈയുടെ ഗോളെന്നുറച്ച ഷോട്ട് മലയാളി ഗോള്‍കീപ്പര്‍ രഹ്നേഷ് അതിമനോഹരമായി തട്ടിയകറ്റി. ബോള്‍ വീണ്ടും പോസ്റ്റിലേക്ക് വീഴാന്‍ തുടങ്ങിയപ്പോള്‍ ചാടിയെഴുന്നേറ്റ് രഹ്നേഷ് അത് തട്ടിയൊഴിവാക്കി അപകടത്തില്‍ നിന്നും ജംഷേദ്പുരിനെ രക്ഷിച്ചു. ഈ ഇരട്ട സേവ് അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ്.
41-ാം മിനിട്ടില്‍ ജംഷേദ്പുരിന്റെ ജാക്കിചന്ദ് സിങ്ങിന്റെ ഒരു കിടിലന്‍ ലോങ് റേഞ്ചര്‍ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ തട്ടിയകറ്റി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !