പെനാൽട്ടി ഷൂട്ടൗട്ടിൽ സ്പെയിൻ യൂറോ കപ്പ് സെമിയിൽ

0
പെനാൽട്ടി ഷൂട്ടൗട്ടിൽ സ്പെയിൻ യൂറോ കപ്പ് സെമിയിൽ | Spain reach Euro Cup semi-finals on penalty shootout

ഇത്തവണ ഭാഗ്യം സ്വിറ്റ്സർലൻഡിനെ തുണച്ചില്ല. പെനാൽട്ടി ഷൂട്ടൗട്ട് വരെ നീണ്ട ആവേശകരമായ മത്സരത്തിൽ സ്വിറ്റ്സർലൻഡിനെ തകർത്ത് സ്പെയിൻ യൂറോ കപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. പെനാൽട്ടി ഷൂട്ടൗട്ടിൽ 3-1 എന്ന സ്കോറിനാണ് സ്പെയിൻ സ്വിസ് പടയെ തകർത്തത്. തകർപ്പൻ സേവുകൾ നടത്തിയ ഗോൾകീപ്പർ ഉനൈ സിമോണിന്റെ പ്രകടന മികവിലാണ് സ്പെയിൻ സെമി ഫൈനലിലേക്ക് പ്രവേശിച്ചത്.


നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് പെനാൽട്ടി ഷൂട്ടൗട്ട് വേണ്ടിവന്നത്. നിശ്ചിത സമയത്ത് സ്വിറ്റ്സർലൻഡിനായി ഷെർദാൻ ഷാക്കിരി ഗോൾ നേടിയപ്പോൾ ഡെന്നിസ് സാക്കറിയയുടെ സെൽഫ് ഗോൾ സ്പെയിനിന് തുണയായി. പെനാൽട്ടി ഷൂട്ടൗട്ടിൽ സ്പെയിനിനായി ഡാനി ഓൽമോ, ജെറാർഡ് മൊറേനോ, മികേൽ ഒയാർസബാൽ എന്നിവർ സ്കോർ ചെയ്തപ്പോൾ സ്വിസ് ടീമിനായി മരിയോ ഗാവ്രനോവിച്ചിന് മാത്രമാണ് ലക്ഷ്യം കാണാനായത്. ഫാബിയാൻ ഷാർ, മാനുവേൽ അകാൻജി, റൂബൻ വർഗാസ് എന്നിവർക്ക് ലക്ഷ്യം കാണാനായില്ല.

പ്രീ ക്വാർട്ടറിൽ ഫ്രാൻസിനെതിരേ പെനാൽട്ടി ഷൂട്ടൗട്ടിൽ അഞ്ച് കിക്കുകളും വലയിലെത്തിച്ച സ്വിസ് പടയ്ക്ക് ഇന്ന് ആ മികവ് പുറത്തെടുക്കാനായില്ല. തോറ്റെങ്കിലും തലയുയർത്തിയാണ് സ്വിസ് പട മടങ്ങുന്നത്. പത്തുപേരായി ചുരുങ്ങിയിട്ടും മികച്ച പ്രകടനമാണ് ടീം കാഴ്ചവെച്ചത്. സൂപ്പർമാൻ സേവുകളുമായി കളം നിറഞ്ഞ സ്വിസ് ഗോൾകീപ്പർ യാൻ സോമർ ആരാധകരുടെ മനം കവർന്നു.


സെമിയിൽ ബെൽജിയം-ഇറ്റലി മത്സരത്തിലെ വിജയിയെയാണ് സ്പെയിൻ നേരിടുക.

സ്പെയിൻ രണ്ട് മാറ്റങ്ങൾ ടീമിൽ വരുത്തിയപ്പോൾ ഒരു മാറ്റമാണ് സ്വിറ്റ്സർലൻഡ് ടീമിലുണ്ടായിരുന്നത്. മത്സരത്തിന്റെ തുടക്കത്തിൽ സ്പെയിൻ കൂടുതൽ സമയം പന്ത് കൈവശം വെച്ചു. മികച്ച പാസിങ് ഗെയിമാണ് സ്പെയിൻ കാഴ്ചവെച്ചത്.

മികച്ച കളി പുറത്തെടുത്ത സ്പെയിൻ മത്സരത്തിന്റെ എട്ടാം മിനിട്ടിൽ തന്നെ സ്വിറ്റ്സർലൻഡിനെതിരേ ലീഡെടുത്തു. സ്വിസ് താരം ഡെന്നിസ് സാക്കറിയയുടെ സെൽഫ് ഗോളാണ് സ്പെയിനിന് തുണയായത്. എട്ടാം മിനിട്ടിൽ സ്പെയിനിന് അനുകൂലമായി ലഭിച്ച മത്സരത്തിലെ ആദ്യ കോർണറാണ് ഗോളിന് വഴിവെച്ചത്. കോക്കെ എടുത്ത കോർണർ കിക്ക് ബോക്സിന് പുറത്തുനിന്ന ജോർഡി ആൽബയുടെ കാലിലേക്കാണെത്തിയത്. ആൽബയെടുത്ത ലോങ്റേഞ്ചർ സ്വിസ് താരം സാക്കറിയയുടെ കാലിൽ തട്ടി തിരിഞ്ഞ് ഗോൾകീപ്പർ സോമറിനെ കാഴ്ചക്കാരനാക്കി വലയിലെത്തി. മത്സരത്തിൽ ലക്ഷ്യത്തിലേക്ക് അടിച്ച ആദ്യ കിക്കിൽ തന്നെ ഗോൾ നേടാൻ സ്പെയിനിന് സാധിച്ചു.

17-ാം മിനിട്ടിൽ സ്വിസ് ബോക്സിന് തൊട്ടുവെളിയിൽ വെച്ച് ആൽവാരോ മൊറാട്ടയെ ഫൗൾ ചെയ്തതിന് സ്പെയിനിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. എന്നാൽ കോക്കെ എടുത്ത ഫ്രീകിക്ക് സ്വിസ് ക്രോസ്ബാറിന് മുകളിലൂടെ പറന്നു.

23-ാം മിനിട്ടിൽ സ്വിസ് മുന്നേറ്റതാരം ബ്രീൽ എംബോളോ പരിക്കേറ്റ് മടങ്ങിയത് ടീമിന് തിരിച്ചടിയായി. താരത്തിന് പകരം റൂബൻ വർഗാസ് ഗ്രൗണ്ടിലെത്തി. 25-ാം മിനിട്ടിൽ സ്പെയിനിന്റെ അസ്പിലിക്യൂട്ടയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഹെഡ്ഡർ സ്വിസ് ഗോൾകീപ്പർ സോമർ അനായാസം കൈയ്യിലൊതുക്കി. ആദ്യ പകുതിയിൽ നിരവധി സെറ്റ്പീസുകളാണ് സ്വിറ്റ്സർലൻഡ് നേടിയെടുത്തത്. പക്ഷേ അതൊന്നും ഗോളാക്കി മാറ്റാൻ ടീമിന് സാധിച്ചില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ, സരാബിയയ്ക്ക് പകരം ഗ്രൗണ്ടിലെത്തിയ ഓൽമോയ്ക്ക് മികച്ച ഗോളവസരം ലഭിച്ചെങ്കിലും താരത്തിന്റെ ദുർബലമായ ഷോട്ട് സ്വിസ് ഗോൾകീപ്പർ സോമർ കൈയ്യിലൊതുക്കി. രണ്ടാം പകുതിയിൽ സമനില ഗോൾ നേടാനായി സ്വിസ് ടീം ആക്രമിച്ചുകളിച്ചു. 56-ാം മിനിട്ടിൽ സാക്കറിയയുടെ ഗോളെന്നുറച്ച ഹെഡ്ഡർ സ്പെയിൻ പോസ്റ്റിലുരുമ്മി കടന്നുപോയി. 59-ാം മിനിട്ടിൽ ഫെറാൻ ടോറസിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല.

64-ാം മിനിട്ടിൽ സ്വിസ്സിന്റെ സ്യൂബറുടെ ഗോൾവലയിലേക്കുള്ള ഷോട്ട് തട്ടിയകറ്റി ഗോൾകീപ്പർ സിമോൺ സ്പെയിനിന്റെ രക്ഷകനായി. ഒടുവിൽ തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ സ്വിറ്റ്സർലൻഡ് സമനില ഗോൾ നേടി.

68-ാം മിനിട്ടിൽ നായകൻ ഷെർദാൻ ഷാക്കിരിയാണ് സ്വിസ് പടയ്ക്കായി ഗോൾ നേടിയത്. സ്പെയിൻ പ്രതിരോധം വരുത്തിയ വലിയ പിഴവിൽ നിന്നുമാണ് ഗോൾ പിറന്നത്. ബോക്സിനുള്ളിലേക്ക് വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ ലാപോർട്ടെയും പോൾ ടോറസ്സും പരാജയപ്പെട്ടു. ഇരുവരും തമ്മിലുണ്ടായ ആശയക്കുഴപ്പമാണ് ഇതിനുകാരണം. ഈ പിഴവിലൂടെ പന്ത് പിടിച്ചെടുത്ത ഫ്ര്യൂലർ നായകൻ ഷാക്കിരിയ്ക്ക് പാസ് നൽകി. കൃത്യമായി പാസ് സ്വീകരിച്ച ഷാക്കിരി അനായാസം പന്ത് വലയിലെത്തിച്ചു. ഇതോടെ മത്സരം ആവേശത്തിലായി. ഗോൾ വഴങ്ങിയതോടെ സ്പെയിൻ ഉണർന്നുകളിച്ചു.

78-ാം മിനിട്ടിൽ സ്വിറ്റ്സർലൻഡിന് മത്സരത്തിൽ തിരിച്ചടി നേരിടുന്നു. സ്വിസ് ഗോളിന് വഴിവെച്ച റെമോ ഫ്ര്യൂലർ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ ടീം പത്തുപേരായി ചുരുങ്ങി. 84-ാം മിനിട്ടിൽ ലഭിച്ച മികച്ച അവസരം സ്പെയിനിന്റെ മൊറേനോ പാഴാക്കി. വൈകാതെ മത്സരത്തിലെ നിശ്ചിത സമയം പൂർത്തിയായി ഇരുടീമുകളും എക്സ്ട്രാ ടൈമിൽ കളിക്കാനാരംഭിച്ചു.

92-ാം മിനിട്ടിൽ മൊറേനോയ്ക്ക് വീണ്ടും സുവർണാവസരം ലഭിച്ചു. ജോർഡി ആൽബയുടെ ക്രോസിൽ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ മൊറേനോയെടുത്ത ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോയി. പത്തുപേരായി ചുരുങ്ങിയതുമൂലം അധികസമയത്ത് സ്വിറ്റ്സർലൻഡ് പ്രതിരോധത്തിൽ മാത്രമാണ് ശ്രദ്ധിച്ചത്. 95-ാം മിനിട്ടിൽ ജോർഡി ആൽബയെടുത്ത ലോങ്റേഞ്ചർ സോമർ തട്ടിയകറ്റി.

100-ാം മിനിട്ടിൽ ഒരു ഓപ്പൺ ഹെഡ്ഡർ ലഭിച്ചിട്ടും അത് ഗോളാക്കി മാറ്റാൻ മൊറേനോയ്ക്ക് സാധിച്ചില്ല. തൊട്ടുപിന്നാലെ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കേ മൊറേനോയ്ക്ക് അവസരം ലഭിച്ചു. ലക്ഷ്യത്തിലേക്ക് കൃത്യമായി ഷൂട്ട് ചെയ്തെങ്കിലും ഗോളെന്നുറച്ച കിക്ക് അത്ഭുതകരമായി സോമർ തട്ടിയകറ്റി. 103-ാം മിനിട്ടിൽ സ്പെയിനിന്റെ ഒയാർസബാലിന്റെ ഗോളെന്നുറച്ച ഷോട്ട് തട്ടിയകറ്റി സോമർ വീണ്ടും സ്വിസ് ടീമിന്റെ രക്ഷകനായി.

എക്സ്ട്രാ ടൈമിൽ തകർപ്പൻ പ്രതിരോധമാണ് സ്വിറ്റ്സർലൻഡ് കാഴ്ചവെച്ചത്. സ്പെയിൻ താരങ്ങൾ ബോക്സിനുള്ളിൽ നിറഞ്ഞിട്ടും സ്വിസ് പ്രതിരോധനിര പാറപോലെ ഉറച്ചുനിന്നു. 111-ാം മിനിട്ടിൽ ഡാനി ഓൽമോയുടെ മികച്ച ഷോട്ട് സോമർ കൈയ്യിലൊതുക്കി. 116-ാം മിനിട്ടിൽ സെർജിയോ ബുസ്കെറ്റ്സിന്റെ ഹെഡ്ഡറും സോമർ കൈപ്പിടിയിലാക്കി. വൈകാതെ എക്സ്ട്രാ ടൈമും അവസാനിച്ചു. മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടിൽ സ്വിറ്റ്സർലൻഡിനെ കീഴടക്കി സ്പെയിൻ സെമി ഫൈനലിൽ പ്രവേശിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !