മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ കുടുംബം വഴി തെറ്റി എത്തിപ്പെട്ടത് കൊടുംകാട്ടിൽ. ഗൂഗിൽ മാപ്പ് നോക്കി താമസ സ്ഥലത്തേക്ക് പുറപ്പെട്ട യാത്രയാണ് കാട്ടിൽ അവസാനിച്ചത്. തൃശൂർ സ്വദേശിയും മനുഷ്യാവകാശ പ്രവർത്തകനുമായ ഡോ. നവാബ് വാജിദ്, ഭാര്യ ഡോ. മേയ്മ, ബന്ധു ഷാന എന്നിവരാണ് കാട്ടിൽ അകപ്പെട്ടത്.
ദേവികുളത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു ഇവർ താമസിച്ചത്. ടോപ് സ്റ്റേഷനും വട്ടവടയും സന്ദർശിച്ച് തിരിച്ച് റിസോർട്ടിലെത്താനായാണ് ഗൂഗിൾ മാപ്പിന്റെ സഹായം തേടിയത്. എത്തിപ്പെട്ടതാകട്ടെ മാട്ടുപ്പെട്ടിയിലെ കുറ്റ്യാർവാലി വനത്തിലും.
മാട്ടുപ്പെട്ടി എട്ടാം മൈലിൽ എത്തിയപ്പോൾ മൂന്നാർ റൂട്ടിൽ നിന്നു തിരിഞ്ഞ് കുറ്റ്യാർവാലി റൂട്ടിലേക്ക് പ്രവേശിച്ചു. ഇതുവഴിയും ദേവികുളത്തിനു പോകാമെങ്കിലും ഇടയ്ക്കുവച്ചു വീണ്ടും വഴി തെറ്റി. വഴി അറിയാതെ മൂന്നാറിലെ തേയിലത്തോടത്തിലും വനത്തിലും അഞ്ച് മണിക്കൂറോളമാണ് കറങ്ങിയത്.
ഒടുവിൽ അർധരാത്രി കൊടുംകാട്ടിൽ എത്തിപ്പെട്ട കുടുംബത്തിന്റെ കാർ ചെളിയിലും പൂണ്ടു. ആനയും പുലിയും കടുവയും കാട്ടുപോത്തുമൊക്കെ സൈര്യവിഹാരം നടത്തുന്ന കൊടുംകാട്ടിലാണ് കുടുംബം അകടപ്പെട്ടത്. ഒടുവിൽ ഫയർഫോഴ്സ് സംഘം എത്തിയാണ് കുടുംബത്തെ രക്ഷിച്ചത്.
ഫയർഫോഴ്സിന്റെ നമ്പരിലേക്ക് ലൊക്കേഷൻ അയക്കുകയായിരുന്നു. വിവരം അറിഞ്ഞ് മൂന്നാർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാജിഖാന്റെ നേതൃത്വത്തിൽ ഒൻപതംഗ സംഘം കുറ്റ്യാർ വനത്തിൽ എത്തി. പുലർച്ചെ ഒന്നരയോടെ വനത്തിലെത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥർ തിരച്ചിൽ ആരംഭിച്ചെങ്കിലും ലൊക്കേഷൻ മാപ്പിൽ സ്ഥലം കൃത്യമായി കാണിക്കാത്തതിനാൽ കുടുംബത്തെ കണ്ടെത്താനായില്ല.
കറ്റ്യാർവാലിയിലെ ഉയർന്ന പ്രദേശത്തെത്തി വാഹനത്തിന്റെ സെർച്ച് ലൈറ്റ് പ്രകാശിപ്പിച്ചു. ഈ വെളിച്ചം കണ്ട് കാട്ടിൽ കുടുങ്ങിയ സംഘം അവരുടെ കാറിന്റെ ലൈറ്റ് പ്രകാശിപ്പിച്ചു. ഒടുവിൽ പുലർച്ചെ നാല് മണിയോടെയാണ് അഗ്നിശമന സേന കുടുംബത്തിന് അടുത്ത് എത്തുന്നത്. ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ചെളിയിൽ പൂണ്ട കാർ പുറത്തെടുത്തത്.
സീനിയർ ഫയർ ഓഫീസർമാരായ തമ്പിദുരൈ, വികെ ജീവൻകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !