മുംബൈ: ഐപിൽ ട്വന്റി 20 ക്രിക്കറ്റിൽ ഡൽഹി ക്യാപ്പിറ്റൽസിന് അനായാസ ജയം. മുംബൈ ഇന്ത്യൻസിനെ ഡൽഹി പത്തു പന്തുകൾ ബാക്കിയിരിക്കേ നാലു വിക്കറ്റിനു കീഴടക്കി. സ്കോർ: മുംബൈ 20 ഓവറിൽ 177/7. ഡൽഹി 18.2 ഓവറിൽ 179/6. പുറത്താകാതെനിന്ന ലളിത് യാദവ് (38 പന്തിൽ 48), അക്ഷർ പട്ടേൽ (17 പന്തിൽ 38) എന്നിവരുടെ പ്രകടനങ്ങളാണ് ഡൽഹിക്കു ജയമൊരുക്കിയത്. മുംബൈയുടെ മൂന്നു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണു മാൻ ഓഫ് ദ മാച്ച്.
ടോസ് നേടിയ ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്ത് മുംബൈയെ ബാറ്റിംഗിനു വിടുകയായിരുന്നു. രോഹിത് ശർമ-ഇഷാൻ കൂട്ടുകെട്ട് പതുക്കെയാണു തുടങ്ങിയത്. 67 റണ്‍സ് നേടിയ ഈ സഖ്യം രോഹിതിന്റെ (32 പന്തിൽ 41) വിക്കറ്റ് നേടിക്കൊണ്ട് കുൽദീപ് യാദവ് പൊളിച്ചു. അധികം വൈകാതെ അൻമോൽപ്രീത് സിംഗിനെയും (എട്ട്) കുൽദീപ് മടക്കി. രണ്ടുവിക്കറ്റിന് 83 എന്ന നിലയിലായി മുംബൈ.
ഇഷാൻ കിഷനൊപ്പം തിലക് വർമ ചേർന്നു. ഈ സഖ്യം ടീമിനെ നൂറു കടത്തി. മികച്ച ഷോട്ടുകളുതിർത്ത് കളിച്ച തിലക് വർമയെ (15 പന്തിൽ 22) ഖലീൽ അഹമ്മദ് പൃഥ്വി ഷായുടെ കൈകളിലെത്തിച്ചു. പിന്നാലെയെത്തിയ കെയ്റോണ്‍ പൊളാർഡിനെ (മൂന്ന്) കുൽദീപ് പുറത്താക്കി. ടീം ഡേവിഡ് (12), ഡാനിയൽ സാംസ് (ഏഴ് നോട്ടൗട്ട്) എന്നിവരെ കൂട്ടുപിടിച്ച് ഇഷാൻ കിഷൻ അവസാന ഓവറുകളിൽ നടത്തിയ ബാറ്റിംഗാണു മുംബൈയെ മികച്ച സ്കോറിലെത്തിച്ചത്. 48 പന്തിൽ പുറത്താകാതെ 81 റണ്‍സ് നേടി കിഷൻ 11 ഫോറും രണ്ടു സിക്സും നേടി.
കുൽദീപ് യാദവ് മൂന്നും ഖലീൽ അഹമ്മദ് രണ്ടും വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ പൃഥ്വി ഷായും ടിം സീഫർട്ടും തകർപ്പൻ തുടക്കമാണിട്ടത്. 3.3 ഓവറിൽ ഡൽഹി സ്കോർ 30 റണ്‍സിലെത്തിയപ്പോൾ സീഫർട്ടിനെ (21) മുരുഗൻ അശ്വൻ ക്ലീൻബൗൾഡാക്കി. ഒരു പന്തിനുശേഷം മന്ദീപ് സിംഗിനെ പൂജ്യത്തിനു പുറത്തായി. അടുത്ത ഓവറിൽ ക്യാപ്റ്റൻ പന്തിനെ (ഒന്ന്) ടൈമൽ മിൽസ് പുറത്താക്കി. ഷായ്ക്കൊപ്പം ലളിത് യാദവെത്തി ഡൽഹിയെ കരകയറ്റുമെന്നു കരുതി. 41 റണ്‍സ് നേടിയ ഈ സഖ്യത്തെ ഷായെ (24 പന്തിൽ 38) വീഴ്ത്തിക്കൊണ്ട് കേരളതാരം ബേസിൽ തന്പി പൊളിച്ചു. ആ ഓവറിൽത്തന്നെ പൂജ്യത്തിനു റോവ്മൻ പവലിന്റെ വിക്കറ്റും വീണു. യാദവിനൊപ്പം ചേർന്ന ഷാർദുൽ ഠാക്കൂർ വേഗത്തിൽ സ്കോർ ചെയ്തതോടെ ഡൽഹി നൂറുകടന്നു. 11 പന്തിൽ 22 റണ്‍സ് നേടിയ ഠാക്കൂറിനെ ബേസിൽ തന്പി പുറത്താക്കി. ഇതോടെ തോൽവിയെന്നു കരുതിയ ഡൽഹിയെ അക്ഷർ പട്ടേലും ലളിത് യാദവ് ചേർന്നു ജയത്തിലെത്തിക്കുകയായിരുന്നു. 30 പന്തിൽ തകർക്കപ്പെടാത്ത 75 റണ്‍സാണ് ഈ ഏഴാം വിക്കറ്റ് സഖ്യം നേടിയത്. 38 പന്ത് നേരിട്ട ലളിത് നാലു ഫോറും രണ്ടു സിക്സും നേടി. 17 പന്തിൽ 38 റണ്‍സ് നേടി പട്ടേൽ രണ്ടു ഫോറും മൂന്നു സിക്സുമാണു പായിച്ചത്.
പ്രധാന ബൗളർ ജസ്പ്രീത് ബുംറ റണ്‍സ് വഴങ്ങുന്നതിൽ പിശുക്കു കാണിക്കാതിരുന്നതു മുംബൈക്കു തിരിച്ചടിയായി. 3.2 ഓവറിൽ വിക്കറ്റൊന്നും നേടാതെ 43 റണ്‍സാണു താരം വഴങ്ങിയത്. ബേസിൽ തന്പി മൂന്നും മുരുഗൻ അശ്വിൻ രണ്ടും വിക്കറ്റ് വീഴ്ത്തി.
Content Highlights: IPL Twenty20: In Delhi Capital Sin is an easy success
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !