2021-22 വർഷത്തെ സംസ്ഥാനത്തെ ഏറ്റവും മികച്ച യൂത്ത് ക്ലബിനുള്ള കേന്ദ്ര സർക്കാർ യുവജനകാര്യ കായിക മന്ത്രാലയത്തിൻ്റെ നെഹ്റു യുവ കേന്ദ്ര അവാർഡ് വാണിയന്നൂർ ഷൈൻ ആർട്സ് ആൻഡ് സ്പോർ്സ് ക്ലബ്ബിന്. ജില്ലയിലെ മികച്ച ക്ലബ്ബായി തെരെഞ്ഞെടുക്കപ്പെട്ട് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടുകയായിരുന്നു.
കഴിഞ്ഞ വർഷത്തെ കല, കായികം, സാമൂഹിക ബോധവത്കരണം, സ്ത്രീ ശാ ക്തീകരണം, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, ശുചിത്വം, സാക്ഷരത പ്രവർത്തനം, തൊഴിൽ നൈപുണ്യ പരിശീലനം, ദേശീയ അന്തർദ്ദേശീയ ദിനാചരണങ്ങൾ, പരിശീലന ക്യാമ്പുകളിലെ പങ്കാളിത്തം, കോവിഡ് പ്രതിരോധ പ്രവർത്തനം, ഫിറ്റ് ഇന്ത്യ ക്യാമ്പയിൻ എന്നീ മേഖലകളിലെ മികച്ച പ്രവർത്തനം അടിസ്ഥാനമാക്കി പതിനാല് ജില്ലകളിലെയും മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെയും മികച്ച ക്ലബ്ബുകളിൽ നിന്നാണ് സംസ്ഥാന തല സെലക്ഷൻ കമ്മിറ്റി ഏറ്റവും മികച്ച ക്ലബ്ബിനെ തെരഞ്ഞെടുത്തത്.
75,000 രൂപയും സാക്ഷ്യപത്രവും ട്രോഫിയും അടങ്ങുന്നതാണ് അവാർഡ്. മാർച്ച് 27 ന് തിരുവനന്തപുരം ആർ.ടി.ടി.സി. ഓഡിറ്റോറിയത്തിൽ വെച്ച് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങും.
ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബിനുള്ള നെഹ്‌റു യുവ കേന്ദ്ര പുരസ്കാരം രണ്ട് തവണയും സംസ്ഥാന സർക്കാരിന്റെ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്‌കാരം ഒരു തവണയും കരസ്ഥമാക്കിയിട്ടുണ്ട്. സ്വച്ച് ഭാരത് ക്യാമ്പയിനിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. യുവജന ക്ഷേമ ബോർഡിന്റെ യൂത്ത് കേരള എക്സ്പ്രസ്സ് റിയാലിറ്റി ഷോയിൽ സെമിഫൈനൽ റൗണ്ടിലെത്തി. ഫിറ്റ് ഇന്ത്യ ക്യാമ്പയ്‌നിൽ ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. കോവിഡ് സമയത്തെ സന്നദ്ധ സേവനത്തിനു ജില്ലാ പോലീസ് മേധാവിയുടെയും പ്രളയാനന്തര പ്രവർത്തനങ്ങൾക്ക് ജില്ലാ ഭരണകൂടത്തിന്റെയും ശിശുക്ഷേമ പ്രവർത്തനങ്ങൾക്ക് ജില്ലാ ചൈൽഡ് ലൈനിന്റെയും അനുമോദനം ലഭിച്ചിട്ടുണ്ട്. നെഹ്‌റു യുവ കേന്ദ്രയുടെയും യുവജനക്ഷേമ ബോർഡിന്റെയും മികച്ച കർഷക സംഘത്തിനുള്ള അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.
ഭവന നിർമ്മാണം, സമൂഹ വിവാഹം, മാസം തോറുമുള്ള ഭക്ഷണം കിറ്റ്, ഡ്രസ്സ് ബാങ്ക്, വിദ്യാഭ്യാസ - ചികിത്സാ ധന സഹായങ്ങൾ, വീൽ ചെയർ, വാക്കർ സേവനം, ഡയാലിസിസ് മെഷീൻ സമർപ്പണം, റോഹിങ്ക്യൻ അഭയാർത്ഥികൾക്കുള്ള സഹായം, ആദിവാസി കോളനികളിലേക്ക് കിറ്റുകൾ, പ്ലാസ്റ്റിക് ബോട്ടിൽ ബൂത്ത്, തൊഴിൽ പരിശീലനം എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ.
വനിതകളുൾപ്പെടെ ഇരുന്നൂറിലധികം അംഗങ്ങളുള്ള ക്ലബ്ബിന് സി മുഹമ്മദലി പ്രസിഡന്റും കെ പി സൈനുൽ ആബിദ് സെക്രട്ടറിയും പി സാബിത്ത് ട്രഷററുമായുള്ള കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്. ജി.സി.സി. മെമ്പർമാരുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ സഹായം കൊണ്ടാണ് ക്ലബ്ബിന്റെ പതിനേഴ് വർഷത്തെ പ്രവർത്തനം മുന്നോട്ട് പോകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !