സംസ്ഥാനത്ത് ബാങ്കിങ് ഇടപാടുകള്‍ പൂര്‍ണമായും ഡിജിറ്റലായി മാറിയ അഞ്ചാമത്തെ ജില്ലയായി പ്രഖ്യാപിച്ചതിന് പിറകെ മറ്റൊരു നേട്ടവും കൂടി സ്വന്തമാക്കിയിരിക്കുകയാണ് മലപ്പുറം. പൊതുവിതരണ സംവിധാനത്തിൽ മുഴുവൻ റേഷൻ കാർഡുകളും ആധാർ കാർഡുകളുമായി ബന്ധിപ്പിച്ച ആദ്യ ജില്ല എന്ന നേട്ടമാണ് കഴിഞ്ഞ ദിവസം മലപ്പുറത്തെ തേടി എത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റേഷൻ കാർഡുകളും അംഗങ്ങളും ഉള്ള ജില്ലകൂടിയാണ് മലപ്പുറം. ജില്ലയിൽ 10,20,217 റേഷൻ കാർഡുകളിലായി 45,75,520 അംഗങ്ങൾ ഉണ്ടെന്നാണ് പൊതുവിതരണ വകുപ്പിന്റെ കണക്ക്.
ഇവരുടെയെല്ലാം ആധാർ കാർഡുകൾ റേഷൻ കാർഡുകളുമായി കുറഞ്ഞ സമയത്തിനുള്ളിൽ ലിങ്ക് ചെയ്യാനായി എന്നത് ജില്ലയിലെ പൊതുവിതരണ വകുപ്പിനെ സംബന്ധിച്ച് വലിയൊരു നേട്ടമാണ്. പെരിന്തൽമണ്ണ, നിലമ്പൂർ, ഏറനാട്, പൊന്നാനി, തിരൂർ, തിരൂരങ്ങാടി, കൊണ്ടോട്ടി എന്നീ താലൂക്കുകളിലായി 1237 റേഷൻ കടകളാണ് ജില്ലയിലുള്ളത്. ആധാർ കാർഡ് റേഷൻ കാർഡ് സീഡിങ് സമ്പൂർണ്ണമായതോടെ ജില്ലയിലെ തെരഞ്ഞെടുത്ത അഞ്ചു റേഷൻ കടകളെ സ്മാർട്ട് റേഷൻ കടകളാക്കി മാറ്റുന്നതിനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് ജില്ലാ പൊതുവിതരണ വകുപ്പ് അധികൃതർ.
രണ്ടു കിലോമീറ്റർ ചുറ്റളവിൽ ബാങ്കുകൾ, അക്ഷയകേന്ദ്രങ്ങൾ എന്നിവയില്ലാത്ത പ്രദേശത്തെ റേഷൻ കടകളെയാണ് സ്മാർട്ട് റേഷൻ കടകളാക്കുന്നതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ഏറനാട്, പൊന്നാനി, പെരിന്തൽമണ്ണ, കൊണ്ടോട്ടി, നിലമ്പൂർ എന്നീ താലൂക്കുകളിലെ തൃക്കലങ്ങോട്, തവനൂർ, താഴെക്കോട്, പുളിക്കൽ, മൂത്തേടം പഞ്ചായത്തുകളിലെ റേഷൻ കടകളെയാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്മാർട്ട് റേഷൻകടകൾ ആക്കുന്നതിനായി തെരെഞ്ഞെടുത്തിട്ടുള്ളതെന്ന് ജില്ലാ സപ്ലൈ ഓഫീസർ എൽ. മിനി പറഞ്ഞു. ഈ റേഷൻ കടകൾ വഴി പൊതുജനങ്ങൾക്ക് ബാങ്കിങ്, അക്ഷയ സേവനങ്ങൾ, മിൽമയുടെ പാൽ ഒഴികെയുള്ള ഉത്പന്നങ്ങൾ എന്നിവ ലഭ്യമാകുമെന്നും ജില്ലാ സപ്ലൈ ഓഫീസർ വ്യക്തമാക്കി.
Content Highlights: Aadhaar seeding done by all members of ration card; Malappuram with a rare achievement


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !