പതിനഞ്ചാം നിയമസഭയുടെ ആറാം സമ്മേളനം പുരോഗമിക്കവെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ഇന്ന് തിരിച്ചടികളുടെ ദിനം. നിയമസഭയില്‍ ആരോഗ്യമന്ത്രിയുടെ നിലപാടുകള്‍ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയനും, താക്കീതുമായി സ്പീക്കര്‍ എംബി രാജേഷും രംഗത്ത് എത്തി. പേ വിഷബാധയേറ്റ് സംസ്ഥാനത്ത് മരണങ്ങള്‍ തുടര്‍ച്ചയായെന്നും ഈ വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം എന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതിന് ആരോഗ്യമന്ത്രി മറുപടി നൽകിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ തിരുത്ത്.
വാക്സിന്‍ ഗുണനിലവാരത്തെ ന്യായീകരിച്ച് കൊണ്ട് രംഗത്തെത്തിയ ആരോഗ്യ മന്ത്രിയുടെ വാദത്തെയാണ് മുഖ്യമന്ത്രി നിയമസഭയില്‍ തിരുത്തിയത്. സംസ്ഥാനത്തെ പേ വിഷബാധ മരണങ്ങളില്‍ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പിന്നാലെ വാക്‌സിന്റെ ഗുണനിലവാരത്തെ കുറിച്ച് പഠിക്കാന്‍ ആരോഗ്യവകുപ്പ് വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആരോഗ്യ വകുപ്പിനോട് നിര്‍ദേശിച്ചു. ഗുണനിലവാരം ഉറപ്പാക്കിയാണ് വാക്സിന്‍ വാങ്ങുന്നത് എന്നായിരുന്നു ആരോഗ്യ മന്ത്രി സഭയില്‍ പറഞ്ഞതിന് പിന്നാലെ ആയിരുന്നു ഈ തിരുത്തല്‍ എന്നതും ശ്രദ്ധേയമായി.
പതിവ് പരിഹാസത്തോടെ പ്രതിപക്ഷത്ത് നിന്നും പികെ ബഷീര്‍ എംഎല്‍എ പേ വിഷബാധയുടെ പ്രതിരോധ വാക്‌സിന്‍ പരാജയമാണെന്ന് ആരോപിച്ചിരുന്നു. പേ വിഷബാധയെ പ്രതിരോധിക്കുന്ന വാക്‌സിന് ഓര്‍ഡര്‍ നല്‍കിയപ്പോള്‍ ഗുണനിലവാരം ശ്രദ്ധിച്ചില്ല. കെഎംസിഎല്‍ ഓർഡർ നൽകിയതിന് പിന്നാലെ കമ്പനി നല്‍കിയ മറുപടിയിയില്‍ ഗുണനിലവാരം ഉറപ്പ് നല്‍കിയിരുന്നില്ല. ഇത്തരത്തില്‍ ലഭിച്ച അരലക്ഷം വാക്‌സിൻ പിന്‍വലിക്കേണ്ടിവന്നു. പിന്നീട് തമിഴ് നാട്ടില്‍ നിന്ന് കൊണ്ടുവന്ന വാക്‌സിന്‍ നല്‍കിയ പേരാമ്പ്രയിലെ രോഗിയും മരിക്കുന്ന നിലയുണ്ടായി എന്നീ കുറ്റപ്പെടുത്തലുകളായിരുന്നു പ്രതിപക്ഷ അംഗം ഉന്നയിച്ചത്.
ഇതിന് മറുപടി പറഞ്ഞായിരുന്നു വാക്‌സിന്റെ ഗുണനിലവാരത്തെ ആരോഗ്യമന്ത്രി ന്യായീകരിച്ചത്. എന്നാല്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ആരോഗ്യ മന്ത്രിയെ തിരുത്തുകയുമായിരുന്നു.
ഈ സംഭവത്തിന് പിന്നാലെയാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഔദ്യോഗികമായി നല്‍കിയ മറുപടികളില്‍ അതൃപ്തി രേഖപ്പെടുത്തി സ്പീക്കര്‍ താക്കീത് നല്‍കിയത്. നിയമസഭാ ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടികള്‍ ആവര്‍ത്തിച്ച് നല്‍കരുതെന്നായിരുന്നു ആരോഗ്യ മന്ത്രിയോട് സ്പീക്കര്‍ എംബി രാജേഷ് നിര്‍ദേശിച്ചത്. പിപിഇ കിറ്റ് അഴിമതി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മന്ത്രി ഒരേ മറുപടി നല്‍കിയെന്ന് ചൂണ്ടിക്കാട്ടി എപി അനില്‍ കുമാര്‍ നല്‍കിയ പരാതിയിലാണ് സ്പീക്കര്‍ എംബി രാജേഷിന്റെ നടപടി. ഇത്തരം ശൈലി ആവര്‍ത്തിക്കരുത് എന്നാണ് നിര്‍ദേശം. സ്പീക്കറുടെ നിര്‍ദേശം നിയമസഭാ സെക്രട്ടേറിയറ്റ് ആരോഗ്യ മന്ത്രിയെ അറിയിക്കുകയും ചെയ്തു.
സംസ്ഥാന മന്ത്രിസഭയില്‍ പുനഃസംഘടന ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സജീവമായിരിക്കെയാണ് ആരോഗ്യമന്ത്രി നിയമസഭയില്‍ തുടര്‍ച്ചയായ തിരിച്ചടി നേരിടുന്നത് എന്നതും ശ്രദ്ധേയമാണ്. തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയതോടെയാണ് മന്ത്രി സഭാ പുനഃസംഘടന വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. പുനഃസംഘടനയില്‍ ആരോഗ്യ മന്ത്രി സ്ഥാനത്ത് നിന്നും വീണാ ജോര്‍ജിനെ മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പശ്ചാത്തലത്തിലാണ് നിയമസഭയില്‍ സ്വന്തം പാളയത്തില്‍ നിന്നു തന്നെ ആരോഗ്യ മന്ത്രിക്ക് തിരിച്ചടികള്‍ ഉണ്ടായിരിക്കുന്നത്.
നേരത്തെ തന്നെ ആരോഗ്യ മന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി തലത്തിലും, മുന്നണി തലത്തിലും വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങിയരുന്നു. മന്ത്രിയെ ഫോണില്‍ ലഭിക്കുന്നില്ലെന്ന് വരെ ആക്ഷേപം ഉയരുകയും ചെയ്തിരുന്നു. സിപിഐ ഉള്‍പ്പെടെയുള്ള ഘടക കക്ഷികളും സമാനമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് പുറമെ മന്ത്രി വീണാ ജോര്‍ജും ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും തമ്മിലുള്ള തര്‍ക്കം വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടുകയും വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്തു. സംസ്ഥാന സര്‍ക്കാറിലെ കാബിനറ്റ് പദവിയുള്ള രണ്ടും പേര്‍ തമ്മിലുണ്ടായ തര്‍ക്കം സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കുന്നതിലേക്ക് നീളുകയും ചെയ്തിരുന്നു.
Content Highlights: Chief Minister's correction, Speaker's warning; A day of setbacks for the health minister



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !