സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷം മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. എറണാകുളം , കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്.
ജലനിരപ്പ് ഉയര്‍ന്നതോടെ കെഎസ്ഇബിയുടെ പത്ത് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. ഭാരതപ്പുഴ, മുക്കൈ, കല്‍പ്പാത്തി പുഴകളുടെ തീരത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.
എറണാകുളം, കോട്ടയം ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. എന്നാല്‍ നേരത്തെ നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. പ്രളയ ഭീതിയുള്ള കുട്ടനാട് താലൂക്കില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി നല്‍കിയിട്ടുണ്ട്. പത്തനംതിട്ടയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും അവധിയായിരിക്കും.
അടിയന്തര സാഹചര്യം നേരിടുന്നതിനായി എന്‍ഡിആര്‍എഫിന്റെ ഏഴ് സംഘങ്ങളാണ് സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നത്. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും അധികൃതർ നിർദേശിച്ചു.
Content Highlights: Yellow alert in all districts in the state; NDRF team ready to deal with emergency situation


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !