ഇടുക്കി മാങ്കുളത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ വെട്ടിക്കൊന്നു. പുലിയുടെ ആക്രമണത്തിൽ നിന്ന് പ്രദേശവാസിയായ ഗോപാലൻ പ്രതിരോധിക്കുന്നതിന് ഇടയിലായാണ് പുലി ചത്തത്. ഇന്ന് പുലർച്ചെ സഹോദരന്റെ വീട്ടിലേക്ക് പോകാൻ ഇറങ്ങിയ ഗോപാലന്റെ മുകളിലേക്ക് പുലി ചാടിവീഴുകയായിരുന്നു. കൈവശമുണ്ടായിരുന്ന വാക്കത്തിയുപയോഗിച്ച് ഗോപാലൻ പുലിയെ വെട്ടി. പുലി സംഭവ സ്ഥലത്തുതന്നെ ചത്തു. പുലിയുടെ കടിയേറ്റ് ഗോപാലൻ ചികിത്സയിലാണ്.
മാങ്കുളത്ത് പുലി ഇറങ്ങിയിട്ട് ഒരു മാസത്തിലേറെയായി. മുൻപ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രദേശത്ത് പുലി ഇറങ്ങിയതായി വ്യക്തമായിരുന്നു. ഏറെ ജാഗ്രത പുലര്‍ത്തിയിട്ടും പിന്നാലെ രണ്ട് ആടുകളെ പുലി കൊന്നിരുന്നു. എന്നാൽ, പുലിയെ പിടിക്കാനുള്ള കൂടുകൾ സ്ഥാപിക്കുന്നതിന് വനം വകുപ്പിൽ നിന്ന് അനുമതി ലഭിക്കാൻ വൈകിയിരുന്നു. പതിനഞ്ചു ദിവസത്തിന് ശേഷം കൂടുകൾ സ്ഥാപിച്ചെങ്കിലും, പിടികൂടാൻ ആയില്ല. കഴിഞ്ഞ ദിവസം വലയിൽ അകപ്പെട്ടെങ്കിലും വല പൊട്ടിച്ച് പുലി രക്ഷപെട്ടു. ഇതിനു പിന്നാലെയാണ് പ്രദേശവാസിക്ക് നേരെയുള്ള ആക്രമണം. വെട്ടേറ്റ് തന്നെയാണ് പുലി ചത്തതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിരീകരിച്ചു.
ആക്രമിച്ച പുലിയെ യുവാവ് വാക്കത്തികൊണ്ട് വെട്ടിക്കൊന്നത് സ്വയം രക്ഷാർത്ഥമെന്ന് വനംവകുപ്പ്, കേസെടുത്തേക്കില്ല
മാങ്കുളത്ത് ആക്രമിച്ച പുലിയെ യുവാവ് വെട്ടിക്കൊന്നത് സ്വയംരക്ഷാർത്ഥമെന്ന് വനംവകുപ്പിന്റെ വിശദീകരണം. ചിക്കണാംകുടി കോളനി നിവാസി ഗോപാലനാണ് പുലിയെ വാക്കത്തികൊണ്ട് വെട്ടിക്കൊന്നത്. മാങ്കുളത്ത് ഇന്ന് പുലർച്ചെയാണ് സംഭവം.രണ്ട് ആടുകളെ കൊന്ന പുലി ഗോപാലനെ ആക്രമിക്കുകയായിരുന്നു.
രാവിലെ ഗോപാലൻ സഹോദരന്റെ വീട്ടിലേയ്ക്ക് പോകവേയായിരുന്നു ആക്രമണം. പുലി റോഡിൽ കിടക്കുകയായിരുന്നെന്ന് ഗോപാലൻ പറഞ്ഞു. രണ്ട് ആടിനെയും കോഴികളെയും കൊന്ന പുലിയായിരുന്നു അത്. നടന്നുപോവുകയായിരുന്ന തന്റെ ദേഹത്തേയ്ക്ക് ചാടി ആക്രമിച്ചു. തുടർന്ന് കയ്യിലുണ്ടായിരുന്ന വാക്കത്തി വീശിയപ്പോൾ പുലിയ്ക്ക് മുറിവേൽക്കുകയായിരുന്നെന്ന് ഗോപാലൻ പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ ഗോപാലനെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലിയെ കൊന്നത് സ്വയംരക്ഷാർത്ഥമായതിനാൽ കേസെടുക്കേണ്ട ആവശ്യമില്ലെന്ന് വനംവകുപ്പ് അറിയിച്ചു.ഗോപാലനെതിരെ കേസെടുക്കില്ലെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ഒരുമാസമായി മാങ്കുളം മേഖലയിൽ പുലിയുടെ സാന്നിദ്ധ്യമുണ്ട്. പുലിയെ പിടികൂടുന്നതിനായി വനംവകുപ്പ് കൂട് വച്ചിരുന്നെങ്കിലും പുലി കുടുങ്ങിയിരുന്നില്ല.
Content Highlights: A tiger that landed in a residential area was hacked to death



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !