തൃശൂർ: തിരുവാണിക്കാവിൽ സദാചാര ആക്രമണത്തിനിരയായ യുവാവ് മരിച്ചു. ചിറയ്ക്കല്‍ കോട്ടം മമ്മസ്രയില്ലത്ത് ഷംസുദ്ദീന്റെ മകൻ സഹർ (32) ആണ് മരിച്ചത്. ഫെബ്രുവരി പതിനെട്ടിന് അർദ്ധരാത്രിയാണ് യുവാവിന് ക്രൂരമർദനമേറ്റത്. തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
തൃശ്ശൂർ-തൃപ്രയാർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു സഹർ. പ്രവാസിയുടെ ഭാര്യയായ സുഹൃത്തിന്റെ വീട്ടിൽ നിന്നിറക്കി മർദിക്കുകയായിരുന്നുവെന്നാണ് വിവരം. അർദ്ധ രാത്രി ഫോൺ വന്നതിനെ തുടർന്നാണ് യുവാവ് ഇവരുടെ വീട്ടിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ.
വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയത് ചോദ്യം ചെയ്യാൻ സദാചാര ഗുണ്ടകൾ എത്തുകയും ആക്രമിക്കുകയുമായിരുന്നു.സംഭവത്തിന് ശേഷം സ്വന്തം വീട്ടിലെത്തിയ സഹർ വേദന കൊണ്ട് നിലവിളിച്ചു. മാതാവും ബന്ധുക്കളും ഉടൻ ആശുപത്രിയിലെത്തിച്ചു. ആരോഗ്യ നില വഷളായതിനെത്തുടർന്ന് നേരത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
സഹറിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇതിൽ നിന്ന് ആറ് പേരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, ഇവർ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തും. സഹർ അവിവാഹിതനാണ്.
ക്രൂരമായ ആക്രമണം, നിര്‍ണായകമായി സിസിടിവി ദൃശ്യം:
പരിക്കേറ്റ് ചികിത്സ തേടിയ യുവാവില്‍നിന്ന് പോലീസ് ആദ്യം മൊഴിയെടുത്തെങ്കിലും നടന്നത് സദാചാര ഗുണ്ടാ ആക്രമണമാണെന്ന് യുവാവ് ആദ്യം വെളിപ്പെടുത്തിയിരുന്നില്ല. ബസ് സമയത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരുസംഘം മര്‍ദിച്ചെന്നായിരുന്നു മൊഴി നല്‍കിയത്. എന്നാല്‍ പോലീസിന്റെ അന്വേഷണത്തില്‍ നടന്നത് സദാചാര ഗുണ്ടാ ആക്രമണമാണെന്ന് കണ്ടെത്തി. സുഹൃത്തായ യുവതിയുടെ വീടിനടുത്തുള്ള ക്ഷേത്രത്തിന് സമീപത്തുവെച്ച് യുവാവിനെ ആറംഗസംഘം മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തു. അര്‍ധരാത്രി 12 മണി മുതല്‍ പുലര്‍ച്ചെ നാലുമണിവരെ ആയുധങ്ങളടക്കം ഉപയോഗിച്ചാണ് പ്രതികള്‍ യുവാവിനെ മര്‍ദിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പ്രതികളെല്ലാം പ്രദേശത്തെ താമസക്കാരാണെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
പ്രതികളെല്ലാം ഒളിവില്‍, പിടികൂടാതെ പോലീസ്:
സഹറിനെ ആക്രമിച്ച കേസിലെ പ്രതികളെല്ലാം സംഭവത്തിന് പിന്നാലെ ഒളിവില്‍പ്പോയെന്നാണ് പോലീസിന്റെ വിശദീകരണം. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും ആറുപ്രതികളില്‍ ഒരാളെപ്പോലും പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
Content Highlights: Moral attack: Bus driver dies while undergoing treatment
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !