ഐസിഎല്ലില്‍ കിട്ടിയ തിരിച്ചടിക്ക് ബെംഗളൂരു എഫ്‌സിയോട് പകരം വീട്ടാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് അവസരം. സൂപ്പര്‍ കപ്പ് മൂന്നാം സീസണിലാണ് ഇതിനുള്ള അവസരം വന്നു ചേര്‍ന്നിരിക്കുന്നത്. ടൂര്‍ണമെന്റില്‍ കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും ഒരു ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഏപ്രില്‍ 16ന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടും.
ഏപ്രില്‍ 3ന് ഐ ലീഗിലെ 10 ടീമുകളുടെ നോക്കൗട്ട് മത്സരങ്ങളോടെയാണ് സൂപ്പര്‍ കപ്പ് ആരംഭിക്കുക. അതിനു ശേഷം അതിലെ വിജയികളായ അഞ്ചു ടീമുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് 16 ടീമുകളുടെ ഗ്രൂപ്പായി മഞ്ചേരിയിലും കോഴിക്കോടുമായി ഏപ്രില്‍ 8 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും.
കേരള ബ്ലാസ്റ്റേഴ്‌സ്, ബെംഗളൂരു എഫ്‌സി എന്നീ ടീമുകള്‍ക്കൊപ്പം റൗണ്ട് ഗ്ലാസ് പഞ്ചാബും യോഗ്യതാ റൗണ്ട് കളിച്ചു വരുന്ന ടീമും ഗ്രൂപ്പ് എയിലാണ്. ഗ്രൂപ്പ് ബിയില്‍ ഹൈദരാബാദ് എഫ്‌സി, ഒഡീഷ എഫ്‌സി, ഈസ്റ്റ് ബംഗാള്‍ എന്നീ ടീമുകള്‍ക്കൊപ്പം യോഗ്യതാ ഘട്ടം കളിച്ചെത്തുന്ന ഒരു ടീമും ഉണ്ടാവും.
ഇന്ത്യൻ സൂപ്പർ ലീഗിലെ നോക്കൗട്ട് മത്സരത്തിൽ ബെംഗളൂരു എഫ്സിയോട് ഒരു ഗോളിന് തോറ്റു ബ്ലാസ്റ്റേഴ്സ് പുറത്തായിരുന്നു. എക്സ്ട്രാ ടൈമിലെ സുനിൽ ഛേത്രിയുടെ ഫ്രീകിക്ക് ഗോൾ വൻ വിവാദങ്ങൾക്കും വഴിയൊരുക്കി. മത്സരം നിർത്തി ബ്ലാസ്റ്റേഴ്സ് ഗ്രൗണ്ട് വിട്ടതോടെ ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
മത്സരം വീണ്ടും നടത്തണമെന്ന് ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടെങ്കിലും എഐഎഫ്എഫ് അംഗീകരിച്ചില്ല. കളി നിർത്തി ഗ്രൗണ്ട് വിട്ടതിന് കേരള ബ്ലാസ്റ്റേഴ്സിനെതിരെ ശിക്ഷാനടപടികളുമുണ്ടാകും. ഐഎസ്എല്ലിലെ വിവാദങ്ങൾക്കു ശേഷം ഇരു ടീമുകളും വീണ്ടും നേർക്കുനേർ വരുന്ന മത്സരമാണ് സൂപ്പർ കപ്പിലേത്.
കോഴിക്കോട്, മഞ്ചേരി എന്നിവിടങ്ങളിലാണ് സൂപ്പർ കപ്പിലെ മത്സരങ്ങൾ. ഐ ലീഗിലെ പത്ത് ടീമുകളും ഐഎസ്എല്ലിലെ 11 ടീമുകളുമാണു കളിക്കുന്നത്. യോഗ്യതാ മത്സരങ്ങൾക്കു ശേഷമാണ് ഏപ്രിൽ എട്ടു മുതൽ ഗ്രൂപ്പ് ഘട്ടം ആരംഭിക്കുക.
Content Highlights: Blasters-Bengaluru fight again; The third season of the Super Cup will begin on April 3
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !