അട്ടപ്പാടി മധു വധക്കേസ്‌: 14 പേർ കുറ്റക്കാർ; രണ്ട് പേരെ വെറുതെവിട്ടു; ശിക്ഷാവിധി നാളെ

0

പാലക്കാട്:
അട്ടപ്പാടിയില്‍ അരി മോഷ്ടിച്ചെന്ന് ആരോപിച്ച്‌ ആദിവായി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്നു കോടതി കണ്ടെത്തി.

ആള്‍ക്കൂട്ട ആക്രമണത്തില്‍ മധു കൊല്ലപ്പെട്ട് അഞ്ചു വര്‍ഷത്തിനു ശേഷമാണ് മണ്ണാര്‍ക്കാട് എസ്‌സി എസ്ടി കോടതി കേസില്‍ വിധി പറഞ്ഞത്.

ആദ്യ രണ്ടു പ്രതികളായ ഹുസൈന്‍, മരയ്ക്കാര്‍ എന്നിവര്‍ക്കെതിരെ നരഹത്യാ കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ഷംസുദ്ദീന്‍, അനീഷ്, രാധാകൃഷ്ണന്‍, സിദ്ദിഖ്, നജീബ്, ജൈജുമോന്‍, അബ്്ദുല്‍ കരീം, സജീവ്, ഹരീഷ്, ബിജു, മുനീര്‍ എന്നിവരാണ് മറ്റു പ്രതികള്‍.

2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്. മോഷണ കുറ്റമാരോപിച്ച്‌ ഒരു സംഘമാളുകള്‍ മധുവിനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയെന്നാണ് കേസ്. 16 പേരായിരുന്നു പ്രതികള്‍, എല്ലാവര്‍ക്കുമെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരുന്നത്.

പതിനൊന്നു മാസം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് കേസില്‍ വിധി വന്നത്. 3000ത്തിലധികം പേജുകളുളള കുറ്റപത്രത്തില്‍ 127 പേരായിരുന്നു സാക്ഷികള്‍. ഇതില്‍ മധുവിന്റെ ബന്ധുക്കളുള്‍പ്പടെ 24 പേര്‍ വിചാരണക്കിടെ കൂറുമാറിയിരുന്നു. മാര്‍ച്ച്‌ പത്തിനാണ് കേസിന്റെ അന്തിമ വാദം പൂര്‍ത്തിയായത്. വിധി പ്രസ്താവത്തോട് അനുബന്ധിച്ച്‌ കോടതി പരിസരത്ത് കനത്ത സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു.

കൂറുമാറിയ വനം വകുപ്പിലെ താത്കാലിക ജീവനക്കാരായ നാല് പേരെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. ഇതിനിടെ കൂറുമാറിയ ചില സാക്ഷികള്‍ കോടതിയിലെത്തി പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കി. കൂറുമാറിയ സാക്ഷിയുടെ കാഴ്ച പരിശോധിക്കുക എന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവത്തിനും മണ്ണാര്‍ക്കാട്ടെ പ്രത്യേക കോടതി വിസ്താരത്തിനിടെ സാക്ഷിയായി.

1-ാം പ്രതി ഹുസൈൻ മേച്ചേരിയില്‍
സംഘം ചേർന്ന് കാട്ടിലെത്തി മധുവിനെ പിടികൂടി മുക്കാലിയിലെത്തിച്ചു. മധുവിനെ ചവിട്ടിവീഴ്ത്തി. ഈ വീഴ്ചയിലാണ് മധുവിന്റെ തലപൊട്ടിയത്. ഹുസൈൻ ചവിട്ടിവീഴ്ത്തിയെന്ന 13ാം സാക്ഷിയുടെ മൊഴിയാണ് നിർണായകമായത്.

2-ാം പ്രതി കിളയില്‍ മരയ്ക്കാർ
മധു കാട്ടിലുണ്ടെന്നറിഞ്ഞ് സംഘം ചേർന്നെത്തി. മധുവിനെ ക്രൂരമായി മർദിക്കുന്നതില്‍ പങ്കാളിയായി. ആക്രമണത്തിന്റെ ദൃശ്യങ്ങളുടെ ഡിജിറ്റല്‍ തെളിവ് കണക്കിലെടുത്താണ് മരയ്ക്കാർ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

3-ാം പ്രതി ഷംസുദ്ദീൻ
ബാഗിന്റെ സിബ്ബ് ഊരി മധുവിന്റെ കയ്യില്‍ കെട്ടി, വടി വെച്ച് അതിക്രൂരമായി മർദിച്ചു. വാരിയെല്ല് തകർത്തു.

5-ാം പ്രതി രാധാകൃഷ്ണൻ
സംഘത്തിനൊപ്പെ കാട്ടിലെത്തി, മധുവിന്റെ മുണ്ടഴിച്ച് കൈ കെട്ടി, ദൃശ്യങ്ങള്‍ പകർത്തി.

ആറും ഏഴും പ്രതികള്‍ സമാന കുറ്റം ചെയ്തവരാണ്. 
6-ാം പ്രതി അബൂബക്കറും 7-ാം പ്രതി സിദ്ദീഖും കാട്ടിലെത്തി മധുവിനെ പിടികൂടി സംഘം ചേർന്ന് മർദിച്ചു

8-ാം പ്രതി ഉബൈദ്
കാട്ടില്‍ നിന്ന് മധുവിനെ കൊണ്ടുവരാൻ സംഘം ചേർന്നു. ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചു.

9-ാം പ്രതി നജീബ്
മധുവിനെ കാട്ടില്‍ നിന്ന് കൊണ്ടുവരാൻ പോയ ജീപ്പ് ഓടിച്ചു. മധുവിനെ ദേഹോപദ്രവമേല്‍പ്പിച്ചു.

10-ാം പ്രതി ജൈജുമോൻ
സംഘത്തിനൊപ്പം ചേർന്നു കാട്ടിലെത്തി. മധു മോഷ്ടിച്ചെന്ന് ആരോപിക്കപ്പെടുന്ന അരിയും സാധനങ്ങളുമടങ്ങുന്ന ചാക്ക് കെട്ട് ഗുഹയില്‍ നിന്ന് പുറത്തെടുത്തു. മധുവിന്റെ തോളില്‍ വെച്ചുകെട്ടി.

12 ഉം 13 ഉം പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത് സമാനമായ കുറ്റമാണ്. 12-ാം പ്രതി സജീവും 13-ാം പ്രതി സതീഷും സജീവും മറ്റ് പ്രതികള്‍ക്കൊപ്പം കാട്ടിലെത്തി. മധുവിന്റെ മുണ്ടഴിച്ച് കൈ കെട്ടാൻ സഹായിച്ചു. മർദിച്ചു. ദൃശ്യങ്ങള്‍ പകർത്തി.

14-ാം പ്രതി ഹരീഷ്
പിടിച്ചുകൊണ്ടുവന്ന സംഘത്തിനൊപ്പം ചേർന്നു. മധുവിനെ മർദിച്ചു.

15-ാം പ്രതി ബിജു
പിടിച്ചുകൊണ്ടുവന്ന സംഘത്തിനൊപ്പം ചേർന്നു. കയ്യില്‍ കെട്ടിയ ബാഗിന്റെ സിബ്ബില്‍ പിടിച്ച് നടത്തിച്ചു. മധുവിന്റെ മുതുകില്‍ ഇടിച്ചു.

16-ാം പ്രതി മുനീർ
മധുവിനെ മുക്കാലിയിലെത്തിച്ച സംഘത്തിനൊപ്പമുണ്ടായിരുന്നു. കാല്‍മുട്ട് കൊണ്ടിടിച്ചു.

ദൃശ്യങ്ങള്‍ പകർത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന കുറ്റമാണ് കോടതി വെറുതെവിട്ട 4-ാം പ്രതി അനീഷിനെതിരെ ചുമത്തിയിരുന്നത്. 11-ാം പ്രതി അബ്ദുള്‍ കരീമിനെതിരെ സാക്ഷിമൊഴി ഉണ്ടായിരുന്നു. പിന്നീട് സാക്ഷി, മൊഴി മാറ്റി. സാക്ഷിമൊഴിയോ ഡിജിറ്റല്‍ തെളിവോ ഇയാള്‍ക്കെതിരെയില്ല. മുക്കാലിയിലെത്തിച്ച ശേഷമാണ് അബ്ദുള്‍ കരീം രംഗത്തെത്തുന്നത്. മധുവിനെ കള്ളാ എന്ന് വിളിച്ച് അപമാനിച്ചെന്നാണ് അബ്ദുള്‍ കരീമിനെതിരെ കുറ്റം ചുമത്തിയിരുന്നത്.

മധു കൊല്ലപ്പെട്ട് അഞ്ച് വർഷം പിന്നിടുമ്പോഴാണ് കേസിൽ അന്തിമ വിധി വന്നിരിക്കുന്നത്. 2018 ഫെബ്രുവരി 22നാണ് ഇരുപത്തിയേഴുകാരനായ മധുവിനെ ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ട വിചാരണ നടത്തി അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്.
Content Highlights: Attapadi Madhu murder case: Accused guilty
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !