സ്വാതന്ത്ര്യ സമരത്തിന്റെ നേരായ പൈതൃകം തിരികെപ്പിടിക്കണം: മന്ത്രി വി അബ്ദുറഹിമാന്‍

0

സ്വാതന്ത്ര്യ ദിനം ജില്ലയില്‍ സമുചിതമായി ആഘോഷിച്ചു

സ്വാതന്ത്ര്യ സമരത്തിന്റെ നേരായ പൈതൃകം തിരികെപ്പിടിച്ച് മനസ്സില്‍ ഉറപ്പിക്കണമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷത്തില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. നാനാത്വത്തില്‍ ഏകത്വമെന്ന കാഴ്ചപ്പാട് അന്വര്‍ത്ഥമാക്കപ്പെടുന്ന ഇന്ത്യ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിന് ഊര്‍ജം പകരുന്നതാവണം സ്വാതന്ത്ര്യ ദിനാഘോഷമെന്നും മന്ത്രി പറഞ്ഞു. 
അമൃത മഹോത്സവമായാണ് സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം നാം ആഘോഷിച്ചത്. രാജ്യമെങ്ങും വളരെ നല്ല നിലയില്‍ ജൂബിലി ആഘോഷം നടന്നു. കേരളവും ആഘോഷത്തില്‍ സജീവ പങ്കാളികളായി. നമ്മുടെ സ്വാതന്ത്ര്യ സമരവും അതില്‍ പങ്കാളികളായ ധീരപോരാളികളെയും പുതിയ തലമുറയ്ക്ക് അടുത്തറിയാനുള്ള അവസരം കൂടിയായിരുന്നു ഈ ആഘോഷ പരിപാടികള്‍.
രാജ്യം ഇവിടെയുള്ള ഓരോ പൗരന്റേതുമാണ്. രാജ്യം ഇവിടെയുള്ള  എല്ലാ പ്രദേശ ങ്ങളുടേതും ഭാഷകളുടേതും മതവിഭാഗങ്ങളുടേതും സംസ്‌കാരങ്ങളുടേതുമാണ്. അവയില്‍ ഏതെങ്കിലും ഒന്നിന് ഇവിടെ സ്ഥാനമില്ലെന്നോ, ഏതെങ്കിലും ഒന്നിന് മറ്റൊന്നിനേക്കാള്‍  പ്രാധാന്യമുണ്ടെന്നോ ആരുംസങ്കല്‍പ്പിക്കുക പോലും ചെയ്യാത്ത ഇന്ത്യയാണ് കെട്ടിപ്പടുക്കാനുള്ളത്. സ്വാതന്ത്ര്യ സമരത്തെ കുറിച്ചും ഇന്നത്തെ ജീവിതത്തില്‍ അതിന്റെ സ്വാധീനത്തെ കുറിച്ചും കൂടുതല്‍ തിരിച്ചറിയപ്പെടേണ്ടതുണ്ട്. എങ്ങനെയാണ് വന്‍കരയേക്കാള്‍ വലുതായ ഒരു ഉപ ഭൂഖണ്ഡത്തെ ഒരു ചെറിയ രാജ്യം അടിമപ്പെടുത്തി ദീര്‍ഘ കാലം ഭരിച്ചത് എന്ന കാര്യം ചിന്തിക്കണം. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്നു പേരുകേട്ട  ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പിന്ന‌ാക്കത്തില്‍ പിന്നാക്കം കിടന്നിരുന്ന ഒരു ജനത ആയുധംപോലും എടുക്കാതെ എങ്ങനെയാണ്  പരാജയപ്പെടുത്തിയത് എന്നും ചിന്തിക്കണം. 
ബ്രിട്ടന് ഇന്ത്യയെ കീഴടക്കാന്‍ കഴിഞ്ഞത് ജാതി, മത, ഭാഷ, വേഷ, ദേശ വ്യത്യാ സങ്ങളുടെ പഴുതുകള്‍ ഉപയോഗിച്ചാണ്. ആ വ്യത്യാസങ്ങളെ പരസ്പരം ചേരിതിരിച്ചുകൊണ്ടാണ്. ആ വൈരുധ്യങ്ങളെ അതിജീവിക്കുന്ന സാമ്രാജ്യത്വവിരുദ്ധ ഐക്യം ദേശീയതയുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്താണ് നമ്മള്‍ സ്വാതന്ത്ര്യം നേടിയത്. വംശീയമായി, വര്‍ഗ്ഗീയമായി ചേരിതിരിയുന്ന ജനതയെ ആര്‍ക്കും കീഴടക്കാമെന്നും അതിന് എതിരായ ഐക്യത്തില്‍ ഒരുമിക്കുന്ന ജനതയ്ക്ക് അതിജീവിക്കാമെന്നും ഉള്ള പാഠമാണ് ഇതില്‍  നിന്നു വ്യക്തമായത്. അനൈക്യമാണ് അടിമത്തമെന്നും ഐക്യമാണ് സ്വാതന്ത്ര്യം എന്നും ഈ ചരിത്രപാഠം നമുക്കു പറഞ്ഞുതരികയാണെന്നും അദ്ദേഹം പറഞ്ഞു. 
സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തില്‍ മന്ത്രി വി. അബ്ദുറഹിമാന്‍ പുഷ്പ ചക്രം അര്‍പ്പിച്ചതോടെയാണ് ജില്ലയില്‍ സ്വാതന്ത്ര്യ ദിനാഘോഷ ചടുങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് എം.എസ്.പി പരേഡ് ഗ്രൗണ്ടിലെത്തിയ മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു.


പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു, എന്‍.സി.സി, എസ്.പി.സി, സകൗട്ട്, ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ്സ് എന്നീ വിഭാഗങ്ങളിലായി 38 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. എം.എസ്.പി അസി. കമാന്‍ഡന്റ് കെ. രാജേഷ് പരേഡ് കമാന്‍ഡറായി. ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ സി.പി സുരേഷ് കുമാര്‍ സെക്കന്‍ഡ് ഇന്‍ കമാന്‍ഡായിരുന്നു. ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസ് എന്നിവരും പരേഡിനെ അഭിവാദ്യം ചെയ്തു.
പരേഡിന് മുന്നോടിയായി നഗരസഭാ പരിധിയിലെ വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുത്ത പ്രഭാതഭേരിയും നടന്നു. മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നും ആരംഭിച്ച് എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ സമാപിച്ചു. പ്രഭാത ഭേരിയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ സ്‌കൂളായി മലപ്പുറം സെന്റ് ജമ്മാസ് എച്ച്.എസ്.എസിനെ തെരഞ്ഞെടുത്തു. പ്രഭാതഭേരിയില്‍ യു.പി വിഭാഗത്തില്‍ എ.യു.പി.എസ് മലപ്പുറം, എ.എം.യു.പി മുണ്ടുപറമ്പ് എന്നീ സ്‌കൂളുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഹൈസ്‌കൂള്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്‍‍ഡറി സ്‌കൂളും മലപ്പുറം ഗവ. ബോയ്സ് എച്ച്.എസ്.എസും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഹൈസ്‌കൂള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂളിനാണ് ഒന്നാം സ്ഥാനം. ഗവ. ഗേള്‍സ് എച്ച്.എസ്.എസ് മലപ്പുറം രണ്ടാം സ്ഥാനവും നേടി. ബാന്റ് ഡിസ്‌പ്ലേയില്‍ സെന്റ് ജമ്മാസ് എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും ഗവ. ഗേള്‍സ് എച്ച്.എസ്.എസ് മലപ്പുറം രണ്ടാം സ്ഥാനവും നേടി.
മാര്‍ച്ച് പാസ്റ്റില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവരെ ചുവടെ കൊടുക്കുന്നു.
സായുധ സേനാ വിഭാഗം: മലബാര്‍ സ്‌പെഷ്യല്‍ പൊലീസ് മലപ്പുറം, വനിതാ പൊലീസ് പ്ലാറ്റൂണ്‍ മലപ്പുറം.
നിരായുധ സേനാ വിഭാഗം: ഫയര്‍ ആന്റ് റസ്‌ക്യു  ഫോഴ്‌സ്, ഫോറസ്റ്റ് വിഭാഗം
സീനിയര്‍ എന്‍.സി.സി വിഭാഗം: ഗവ. കോളേജ് മലപ്പുറം, പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി.
ജൂനിയര്‍ എന്‍.സി.സി (ബോയ്സ്) വിഭാഗം: എം.എസ്.പി എച്ച്.എസ്.എസ് മലപ്പുറം, ഗവ. ബോയ്സ് എച്ച്.എസ്.എസ് മലപ്പുറം.
ജൂനിയര്‍ എന്‍.സി.സി (ഗേള്‍സ്) വിഭാഗം: എം.എസ്.പി എച്ച്.എസ്.എസ് മലപ്പുറം.
എസ്.പി.സി ബോയ്‌സ് : എം.എസ്.പി.എച്ച്.എസ്.എസ് മലപ്പുറം, എം.എസ്.പി ഇ.എച്ച്.എസ് മലപ്പുറം.
എസ്.പി.സി ഗേള്‍സ്: എം.എസ്.പി.എച്ച്.എസ്.എസ് മലപ്പുറം, എം.എസ്.പി ഇ.എച്ച്.എസ് മലപ്പുറം.
സീനിയര്‍ സ്‌കൗട്ട്‌സ്: എം.എം.ഇ.ടി ഹൈസ്‌കൂള്‍ മേല്‍മുറി, എം.എസ്.പി എച്ച്.എസ്.എസ് മലപ്പുറം.
സീനിയര്‍ ഗൈഡ്‌സ്: ഗവ. ഗേള്‍സ് എച്ച്.എസ്.എസ് മലപ്പുറം, സെന്റ് ജമ്മാസ് എച്ച്.എസ്.എസ് മലപ്പുറം.
ജൂനിയര്‍ സ്‌കൗട്ട്‌സ്: എ.യു.പി. സ്‌കൂള്‍ മലപ്പുറം, എ.എം.യു.പി സ്‌കൂള്‍ മുണ്ടുപറമ്പ്.
ജൂനിയര്‍ ഗൈഡ്‌സ്: എ.യു.പി സ്‌കൂള്‍ മലപ്പുറം, എ.എം.യു.പി സ്‌കൂള്‍ മുണ്ടുപറമ്പ്.
സീനിയര്‍ ഗൈ‍ഡ്സ്: എം.എസ്.പി.ഇ.എച്ച്.എസ് മലപ്പുറം, സെന്റ് ജമ്മാസ് എച്ച്.എസ്.എസ് മലപ്പുറം. 
ജൂനിയര്‍ ഗൈഡ്സ് : എ.യു.പി.എസ് മലപ്പുറം, എ.എം.യു.പി.എസ് മുണ്ടുപറമ്പ്.
ജൂനിയര്‍ റെഡ്‌ക്രോസ് ബോയ്‌സ്: ഗവ. ഫിഷറീസ് ടി.എച്ച്.എസ് താനൂര്‍, എം.എസ്.പി.ഇ.എച്ച്.എസ് മലപ്പുറം.
ജൂനിയര്‍ റെഡ്‌ക്രോസ് ഗേള്‍സ്: എം.എസ്.പി. എച്ച്.എസ്.എസ് മലപ്പുറം,  സെന്റ് ജമ്മാസ് എച്ച്.എസ്.എസ് മലപ്പുറം.

പരേഡില്‍ ബാന്റ് വാദ്യം നയിച്ച എം.എസ്.പി ഇംഗ്ലീഷ് മീഡിയം സ്‌കൂളിനും പരേഡില്‍ പങ്കെടുത്ത നിലമ്പൂര്‍ ഐ.ജി.എം.ആര്‍ എച്ച്.എസ്.എസിനും പ്രത്യേകം പുരസ്കാരം നല്‍കി. മലപ്പുറം നഗരസഭാ പരിധിയിലെ സ്ഥാപനങ്ങള്‍ക്കായി നടത്തിയ അലങ്കാര മത്സരത്തില്‍ കോട്ടപ്പടി റോയല്‍ ബിരിയാണി സെന്റര്‍, മലബാര്‍ സൗണ്ട്‌സ് എന്നിവ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. 
പി ഉബൈദുള്ള എം.എല്‍.എ,  ജില്ലാ കളക്ടര്‍ വി ആര്‍ പ്രേംകുമാര്‍, ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ്, എം.എസ്.പി കമാന്‍ഡന്റ് കെ.വി സന്തോഷ്, മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, എ.ഡി.എം എന്‍.എം മെഹറലി, അസി. കളക്ടര്‍ സുമിത് കുമാര്‍ ഠാകൂര്‍ എന്നിവര്‍ പങ്കെടുത്തു.

Content Highlights: Righteous legacy of freedom struggle should be reclaimed: Minister V Abdurrahiman

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !