ചികിത്സയിൽ വീഴ്ച വരുത്തിയതിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. താനാളൂർ സ്വദേശി മാങ്ങാടത്ത് കുഞ്ഞിമുഹമ്മദ് സമർപ്പിച്ച ഹരജിയിലാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. മലദ്വാരത്തിനടുത്ത് വേദനയും പ്രയാസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് പരാതിക്കാരൻ 2017 ഒകക്ടോബർ 17ന് ആശ്യപത്രിയിലെത്തിയത്. പഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ നടത്തി മൂന്നു ദിവസത്തിന് ശേഷം പരാതിക്കാരനെ ഡിസ്ചാർജ് ചെയ്തു. രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും കാണിക്കാനും ആവശ്യമാണെങ്കിൽ അതിനു മുമ്പു കാണിക്കാനും നിർദ്ദേശിച്ചാണ് ഡിസ്ചാർജ് ചെയ്തത്. വീണ്ടും കാണിക്കാൻ നിർദ്ദേശിച്ച തിയ്യതിക്ക് മുമ്പു തന്നെ ബുദ്ധിമുട്ടുകൾ കാരണം പരാതിക്കാരൻ ആശുപത്രിയിലെത്തി. എന്നാൽ
ചികിത്സിച്ച ഡോക്ടർക്ക് അന്ന് ശസ്ത്രക്രിയയുള്ള ദിവസമായതിനാൽ പരാതിക്കാരനെ പരിശോധിച്ചില്ല. തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തി അഡ്മിറ്റായി. അവിടുന്ന് വീണ്ടും ശസ്ത്രക്രിയ നടത്തി പഴുപ്പ് നീക്കം ചെയ്തുവെങ്കിലും പരാതിക്കാരന്റെ ശസ്ത്രക്രിയ ചെയ്ത ഭാഗത്തെ പേശിയുടെ പ്രവർത്തനത്തെ ആദ്യ ശസ്ത്രക്രിയയിൽ ഗുരുതരമായി ബാധിച്ചിരുന്നു. തുടർന്ന് ശാരീരിക പ്രവർത്തനങ്ങൾ സാധാരണ ഗതിയിൽ നടക്കാത്തതിനാൽ കൃത്രിമ സഞ്ചി എല്ലാ കാലത്തേക്കുമായി ഉപയോഗിക്കാൻ നിർബന്ധിതനായി. തുടർന്ന് വെല്ലൂരിലേയും കോഴിക്കോട്ടേയും
മെഡിക്കൽ കോളേജുകളിൽ ചികിത്സ തേടിയെങ്കിലും മറ്റ് പരിഹാരമാർഗങ്ങളില്ലെന്ന് അറിയിക്കുകയായിരുന്നു.
പരാതിക്കാരനെ ചികിത്സിച്ചതിൽ വീഴ്ചയുണ്ടായെന്നും ശസ്ത്രക്രിയയ്ക്ക് ശേഷം വീണ്ടും ഡോക്ടറെ സമീപിച്ചപ്പോൾ പരിശോധിക്കാതിരുന്നതും മതിയായ പരിഗണന നൽകാതിരുന്നതും ഡോക്ടറുടേയും ആശുപത്രിയുടേയും ഭാഗത്ത നിന്നുമുണ്ടായ വീഴ്ചയാണെന്ന് കണ്ടെത്തിയാണ് കമ്മീഷന്റെ വിധി.
32 വയസ്സ് പ്രായമുള്ള നിർമ്മാണ തൊഴിലാളിയായ പരാതിക്കാരന് ചികിത്സയിലെ പിഴവ് കാരണം തൊഴിലെടുക്കാനും ജീവിത സൗകര്യങ്ങൾ ഉപയോഗിക്കാനും കഴിയാതെ വന്നിരിക്കയാണെന്നും ആയതിനാൽ നഷ്ടപരിഹാരമായി നാല് ലക്ഷം രൂപയും ചികിത്സാ ചെലവിലേക്ക് ആറ് ലക്ഷം രൂപയും കോടതി ചെലവിലേക്ക് 25,000 രൂപയും നൽകണമെന്ന് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളായ കമ്മീഷന്റെ വിധിയിൽ പറഞ്ഞു. ഒരു മാസത്തിനകം വിധിസംഖ്യ നൽകാത്ത പക്ഷം ഒമ്പത് ശതമാനം പലിശ വിധിയായ തിയ്യതി മുതൽ നൽകണം. പരാതിക്കാർക്ക് വേണ്ടി അഭിഷാകരായ എം.എ. ഇസ്മായിൽ, പി. പ്രവീൺ, സി.വി ജസീന എന്നിവർ ഹാജരായി.
Content Summary: District Consumer Commission verdict to pay Rs 10 lakh compensation
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !