ഫാഷൻ ഡിസൈനിങ് രംഗത്ത് മികച്ച വിജയം നേടി രാജ്യാന്തര വിപണിയിലും ഇടം കണ്ടെത്തുകയാണ് മലപ്പുറം ജില്ലയിലെ എടപ്പാൾ സ്വദേശി അശ്വതി ബാലകൃഷ്ണൻ. ആറ് ലക്ഷം രൂപ മുടക്കുമുതലിൽ, രണ്ട് സഹായികളുമായി ആരംഭിച്ച അവാന ഡിസൈനേഴ്സ് സ്റ്റുഡിയോ ഇന്ന് 1500 സ്ക്വയർ ഫീറ്റ് സ്വന്തം കെട്ടിടവും 12 ജീവനക്കാരുമുള്ള ഒരു വിജയകരമായ സംരംഭമായി വളർന്നു. നിലവിൽ ഓസ്ട്രേലിയ, യുകെ, യുഎസ്എ, അയർലൻഡ്, അബുദാബി എന്നിങ്ങനെ അഞ്ച് രാജ്യങ്ങളിൽ അവാനയ്ക്ക് വിപണിയുണ്ട്.
തൃശൂർ തൈക്കാട്ടുശ്ശേരി സ്വദേശിനിയായ അശ്വതിക്ക് ചെറുപ്പം മുതലേ ചിത്രരചനയോടായിരുന്നു താൽപ്പര്യം. ക്രിയേറ്റീവായ ഒരു മേഖലയിൽ തൊഴിൽ കണ്ടെത്തണമെന്നതായിരുന്നു അവരുടെ ആഗ്രഹം. ജന്തുശാസ്ത്രത്തിൽ ബിരുദവും മലയാളത്തിൽ ബിരുദാനന്തര ബിരുദവും നേടിയത് ആ വിഷയങ്ങളോടുള്ള താൽപ്പര്യം കൊണ്ടു മാത്രമായിരുന്നു. സുവോളജിയിൽ ബിരുദം നേടിയ ശേഷം ഇരിങ്ങാലക്കുട ഡ്രീം സോൺ എന്ന സ്ഥാപനത്തിൽ നിന്ന് ഫാഷൻ ഡിസൈനിങ്ങിൽ ഡിപ്ലോമ നേടി. പിന്നീട് കേരളവർമ്മ കോളജിൽ എം.എക്ക് ചേർന്നു. വിവാഹിതയായി എടപ്പാളിലെത്തിയ ശേഷമാണ് സ്വന്തമായി ഒരു ചെറിയ സ്ഥാപനം തുടങ്ങുന്നത്.
സംരംഭം തുടങ്ങാനുള്ള ആഗ്രഹവുമായി ആദ്യം അശ്വതി സമീപിച്ചത് താലൂക്ക് വ്യവസായകേന്ദ്രത്തെയാണ്. അവിടെനിന്ന് കൃത്യമായ മാർഗനിർദേശങ്ങൾ ലഭിച്ചുവെന്ന് അവർ പറയുന്നു. വ്യവസായകേന്ദ്രത്തിന്റെ സഹായത്തോടെ ലീഡ് ബാങ്കായ കാനറാബാങ്കിനെ സമീപിച്ചു. ദിവസങ്ങൾക്കുള്ളിൽ വായ്പാതുക കയ്യിലെത്തി. "ചുവപ്പുനാടയുടെ വള്ളിക്കെട്ടുകളെക്കുറിച്ച് പലരും പറഞ്ഞ് പേടിപ്പിച്ചിരുന്നു. എന്നാൽ തീർത്തും വ്യവസായ സൗഹൃദമായ അന്തരീക്ഷം ഇവിടെയുണ്ടെന്ന് സ്വന്തം അനുഭവത്തിലൂടെ ബോധ്യപ്പെട്ടു," അശ്വതി പറയുന്നു.
കുടുംബശ്രീയിൽ നിന്ന് ഒരു ലക്ഷം രൂപയുടെ സഹായം ലഭിക്കാനും അവർക്ക് പ്രയാസമുണ്ടായില്ല. വാടകയ്ക്ക് ഒരു ചെറിയ ഷോപ്പ് എടുത്ത് സംരംഭം ആരംഭിച്ചു. സിനിമാ-സീരിയൽ നടിമാർ, ഗായികമാർ തുടങ്ങിയ പ്രമുഖർ അവാനയുടെ ഡിസൈനിങ്ങുകൾ തേടിയെത്തി. ഗായിക സിതാര, മറിമായം താരം സ്നേഹ ശ്രീകുമാർ, റിമി ടോമി, ശ്രുതി രജനീകാന്ത്, മൃദുല വാരിയർ, വീണ നന്ദകുമാർ തുടങ്ങിയവരെല്ലാം തുടക്കത്തിലേ വലിയ പ്രോത്സാഹനം നൽകി.
നിലവിൽ ഉത്തരേന്ത്യയിൽ നിന്നാണ് വസ്ത്രങ്ങൾക്കുള്ള മെറ്റീരിയലുകൾ എത്തിക്കുന്നത്. 10,000 രൂപ മുതൽ 50,000 രൂപ വരെയാണ് വസ്ത്രങ്ങളുടെ വില. ലഹംഗ, ഗൗൺ, സാരി എന്നിവയാണ് പ്രധാനമായും ഡിസൈൻ ചെയ്ത് നൽകുന്നത്. പരമ്പരാഗത ക്രിസ്ത്യൻ വിവാഹവസ്ത്രങ്ങൾക്ക് വിദേശത്തും നല്ല ഡിമാൻഡുണ്ട്.
പുതിയ സംരംഭകർക്കുള്ള സന്ദേശം: കൂട്ടായ സംരംഭങ്ങൾക്കും ചെറുകിട സംരംഭങ്ങൾക്കും മാത്രമാണ് സർക്കാർ ധനസഹായം ലഭിക്കുന്നതെന്ന തെറ്റിദ്ധാരണ തനിക്കുണ്ടായിരുന്നെന്ന് അശ്വതി പറയുന്നു. എന്നാൽ, സ്ത്രീകൾക്ക് സംരംഭം തുടങ്ങുന്നതിന് ആകർഷകമായ നിരവധി സർക്കാർ പദ്ധതികളുണ്ടെന്ന് പിന്നീട് ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്ന് വ്യക്തമായ നിർദേശങ്ങളിലൂടെ മനസ്സിലായി. കേരളത്തിലെ വ്യവസായ സൗഹൃദാന്തരീക്ഷം പ്രയോജനപ്പെടുത്താൻ സംരംഭക തൽപരരായ സ്ത്രീകൾ മുന്നോട്ട് വരണമെന്നാണ് അശ്വതി ബാലകൃഷ്ണൻ്റെ നിർദേശം.
ഈ വാർത്ത കേൾക്കാം
Content Summary: Avana design clothes are gaining attention in foreign markets too; Edappal native makes Kerala proud
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !