ആലപ്പുഴ| കേരള രാഷ്ട്രീയത്തിലെ അതികായനും വിപ്ലവ പ്രസ്ഥാനത്തിന്റെ അമരക്കാരനുമായിരുന്ന സഖാവ് വി.എസ് അച്യുതാനന്ദൻ ഇനി ഓർമ്മകളിൽ മാത്രം. പുന്നപ്ര-വയലാർ രക്തസാക്ഷികൾ നിദ്രകൊള്ളുന്ന വലിയ ചുടുകാട്ടിലെ മണ്ണിൽ, പതിനായിരങ്ങളുടെ സാന്നിധ്യത്തിൽ അദ്ദേഹം നിത്യനിദ്രയിലാണ്ടു. മകൻ അരുൺ കുമാർ ചിതയ്ക്ക് തീകൊളുത്തി. വി.എസിനെ അവസാനമായി യാത്രയാക്കാൻ കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് ജനലക്ഷങ്ങളാണ് ആലപ്പുഴയിലേക്ക് ഒഴുകിയെത്തിയത്. പാതയോരങ്ങളിൽ ജനങ്ങൾ സ്നേഹപ്പൂക്കളർപ്പിച്ച് "കണ്ണേ... കരളേ വി.എസ്സേ.." എന്ന് വിളിച്ച് തേങ്ങി.
തിരുവനന്തപുരത്തുനിന്ന് ഇന്നലെ ഉച്ചയ്ക്ക് 2:30-ന് ആരംഭിച്ച വിലാപയാത്ര, ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചത്. ജില്ലയിലെ ഓരോ കേന്ദ്രത്തിലും പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ വലിയ ജനക്കൂട്ടം തടിച്ചുകൂടി. രമേശ് ചെന്നിത്തല, ജി. സുധാകരൻ അടക്കമുള്ള മുതിർന്ന നേതാക്കൾ വി.എസിനുവേണ്ടി കാത്തുനിന്നു. ഇടയ്ക്ക് പെയ്ത മഴയെ അവഗണിച്ച് വഴിയോരങ്ങൾ ജനസാഗരമായി മാറി.
ഉച്ചയ്ക്ക് 12:15-ഓടെ ഭൗതികശരീരം വേലിക്കകത്തുള്ള വസതിയിലെത്തിച്ചു. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത പത്തുമിനിറ്റ് നേരത്തെ ചടങ്ങുകൾക്ക് ശേഷം പൊതുദർശനം ആരംഭിച്ചു. നാലുകിലോമീറ്ററോളം നീണ്ട നിരയിൽ, കനത്ത മഴയിലും ജനങ്ങൾ സങ്കടത്തോടെ പ്രിയ സഖാവിന് അന്ത്യാഭിവാദ്യമർപ്പിച്ചു. 2:40-ഓടെ വീട്ടിലെ പൊതുദർശനം അവസാനിപ്പിച്ച്, ഭൗതികശരീരം സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാറ്റി. ഏറെക്കാലം വി.എസിന്റെ രണ്ടാംവീടായിരുന്ന ഡി.സി. ഓഫീസിൽ പാർട്ടി നേതാക്കളും സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും ആദരാഞ്ജലികൾ അർപ്പിച്ചു.
നാലേമുക്കാലോടെ ഡി.സി. ഓഫീസിൽനിന്ന് വിലാപയാത്ര റിക്രിയേഷൻ മൈതാനത്തേക്കു നീങ്ങി. അവിടെ പതിനായിരക്കണക്കിന് പ്രവർത്തകരും സാധാരണക്കാരും കാത്തുനിന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, മന്ത്രിമാർ തുടങ്ങിയവർ പൊതുദർശനത്തിന് നേതൃത്വം നൽകി. സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി. ആലപ്പുഴ നിശ്ചലമായ ഈ ദിവസം, പാതയോരങ്ങളിൽ മനുഷ്യക്കോട്ടകൾ തീർത്ത്, ഇടിമുഴക്കത്തോടെയുള്ള മുദ്രാവാക്യങ്ങളുയർത്തി, പൊരുതാനുള്ള ഊർജ്ജം ഉൾക്കൊണ്ട് ജനങ്ങൾ മടങ്ങി.
Content Summary: Farewell to the revolutionary sun: VS Achuthanandan receives his last respects and becomes immortal
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !