ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്... മലപ്പുറത്തെ ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ

0

കര്‍ക്കിടകത്തിലെ കോരിച്ചൊരിയുന്ന മഴയത്ത് വാടകവീട്ടിലിരുന്ന് മലപ്പുറം സ്പിന്നിങ് മില്‍ സ്വദേശിയായ കളത്തിങ്കല്‍ ഷെരീഫയ്ക്ക് ഒരു സ്വപ്നമേ കാണാനുണ്ടായിരുന്നുള്ളൂ. മക്കള്‍ക്ക് വയറു നിറയെ ഭക്ഷണം കൊടുത്ത്, അടച്ചുറപ്പുള്ള സ്വന്തം വീട്ടില്‍ കിടന്നുറങ്ങുക. ജോലിയില്ലാത്ത ഭര്‍ത്താവും പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി ഷെരീഫയ്ക്ക് കാണാന്‍ കഴിയുന്ന അന്നത്തെ വലിയ സ്വപ്നം. പെയിന്റിംഗ് പണിക്കാരനായ ഭര്‍ത്താവ് സക്കീറിന് മഴക്കാലത്ത് പണിയില്ല. അടുപ്പ് പുകയാന്‍  നിവൃത്തിയില്ല. 

അയല്‍വാസിയോട് കടം വാങ്ങിയ 100 രൂപയുമായി ഷരീഫ 10 പാക്കറ്റ് ഉണ്ണിയപ്പമുണ്ടാക്കി. 2012ലായിരുന്നു അത്. ഒരു കൈയില്‍ കുഞ്ഞുമോളും മറു കൈയില്‍ ഉണ്ണിയപ്പവുമായി അടുത്തുള്ള പലചരക്ക് കടയിലെത്തി. ചെലവായില്ലെങ്കില്‍ തിരിച്ചെടുക്കാം എന്ന ഉറപ്പില്‍.  എന്നാല്‍ ഉണ്ണിയപ്പം  വന്‍ ഹിറ്റായി, ആവശ്യക്കാരേറി. പല കടകളിലേക്കും ഉണ്ണിയപ്പത്തിന്റെ രുചിയെത്തി. ഉണ്ണിയപ്പത്തോടൊപ്പം പത്തിരിയുടെയും ചപ്പാത്തിയുടെയും ഓര്‍ഡറുകള്‍ പിടിച്ചു. 

2018 ആയപ്പോഴേക്കും മുത്തൂസ് കാറ്ററിങ് എന്ന സംരംഭം കുടുംബശ്രീയുടെ ഭാഗമായി. അന്നത്തെ ജില്ലാ മിഷന്‍ കോ-ഓഡിനേറ്ററായിരുന്ന ഹേമലത ധനസഹായ പദ്ധതികള്‍ പരിചയപ്പെടുത്തി. കുടുംബശ്രീ വഴി രണ്ട് ലക്ഷം രൂപ ലോണ്‍ നല്‍കി. അതോടെ കാറ്ററിംഗ് ഒന്നുകൂടി വിപുലമാക്കി. ഹേമലതയുടെ നിര്‍ദ്ദേശപ്രകാരം തന്നെ ഉച്ചഭക്ഷണ പരിപാടിക്കും തുടക്കമിട്ടു. സിവില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് ഉച്ചഭക്ഷണം എത്തിക്കുന്ന ഡബ്ബ വാല പദ്ധതി. ഉച്ചഭക്ഷണം ആവശ്യമുള്ളവര്‍ ഷെരീഫയെ വിളിക്കും. സ്റ്റീല്‍ പാത്രത്തിലാക്കിയ ഉച്ചഭക്ഷണം സമയത്തിന് മേശപ്പുറത്തെത്തും. 

പിന്നാലെ വന്ന കോവിഡ്കാലവും ഷരീഫയെ ബാധിച്ചില്ല. ഹേമലതയുടെ തന്നെ നിര്‍ദ്ദേശപ്രകാരം മഞ്ചേരി മെഡിക്കല്‍ കോളേജിലെ കോവിഡ് രോഗികള്‍ക്ക് ഭക്ഷണം എത്തിക്കുന്ന ദൗത്യം ഏറ്റെടുത്തു. എല്ലാ ദിവസവും 2000 പേര്‍ക്ക് ബ്രേക്ക് ഫാസ്റ്റും കഞ്ഞിയും എത്തിച്ചു. എല്ലാവര്‍ക്കും ജോലി നഷ്ടമായിരുന്ന കോവിഡ് കാലത്ത് പതിനഞ്ചോളം പേര്‍ക്ക് തൊഴില്‍ നല്‍കാനും അതുവഴി സാധിച്ചു. അഞ്ചുവര്‍ഷത്തിന് ഇപ്പുറവും ആ സേവനം ഷരീഫ തുടരുന്നുണ്ട്. എല്ലാദിവസവും പ്രഭാത ഭക്ഷണം മഞ്ചേരി മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് എത്തിക്കുന്നുണ്ട്. 

പിന്നീട് കുടുംബശ്രീയില്‍ നിന്നുള്ള  നിര്‍ദ്ദേശപ്രകാരം  കോട്ടയ്ക്കല്‍ ആയുര്‍വേദ കോളേജിന്റെ കാന്റീന്‍ എടുത്ത്  നടത്തി. പിന്നീട് പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ട പ്രകാരം സെന്‍ട്രല്‍ സ്‌കൂള്‍ കാന്റീനും ഏറ്റെടുത്തു. അപ്പോഴേക്കും കുടുംബശ്രീയുടെ എല്ലാവിധ കാറ്ററിംഗ് ഓര്‍ഡറുകളും കിട്ടിത്തുടങ്ങിയിരുന്നു.
 അതിനിടെയാണ്  കോട്ടയ്ക്കലുള്ള പാലസ് ഹോട്ടല്‍ വില്‍ക്കാന്‍ ഉണ്ടെന്നറിയുന്നത്. അഞ്ച് ലക്ഷത്തിന് പാലസ് ഹോട്ടല്‍ വാങ്ങിച്ച് നടത്താന്‍ തുടങ്ങി. പെയിന്റിങ് ജോലി നിര്‍ത്തി മുഴുവന്‍ സമയവും ഭര്‍ത്താവ് സക്കീറും കൂടെ നിന്നു. 
 സ്വലാത്ത് നഗറില്‍ മന്ത്രിമാര്‍ പങ്കെടുത്ത അദാലത്തില്‍ 1500 പേര്‍ക്ക് ബിരിയാണിയും  50 സ്പെഷ്യല്‍ സദ്യയും ഒരുക്കിയതും ഷരീഫയുടെ നേതൃത്വത്തിലാണ്. ഇത്രയും നന്നായി ഭക്ഷണമുണ്ടാക്കുന്നയാള്‍ക്ക്  ഒരു പ്രീമിയം ഹോട്ടല്‍ തുടങ്ങിക്കൂടെ എന്ന ചോദ്യം ഉയരുന്നത് ആ സദ്യ കഴിച്ചവരില്‍ നിന്നാണ്. അനുയോജ്യമായ സ്ഥലം ലഭിച്ചതോടെ പ്രീമിയം ഹോട്ടല്‍ എന്ന സ്വപ്നവും യാഥാര്‍ഥ്യമായി. 


കോട്ടയ്ക്കല്‍ ബസ്സ്റ്റാന്‍ഡിന്റെ പിറകിലാണ് ഷരീഫയുടെ 'കഫേ കുടുംബശ്രീ'. കാന്റീന്‍, കാറ്ററിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭകര്‍ക്ക് സുസ്ഥിരവരുമാന ലഭ്യത ഉറപ്പാക്കുക, തൊഴില്‍നിലവാരം ഉയര്‍ത്തുക എന്നിവയാണ് പ്രീമിയം കഫേയിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്.
പാഴ്‌സല്‍ സര്‍വീസ്, ടേക്ക് എവേ കൗണ്ടറുകള്‍, കാത്തിരിപ്പുകേന്ദ്രം, കാറ്ററിങ്, ഓണ്‍ലൈന്‍ സേവനങ്ങള്‍, മാലിന്യസംസ്‌കരണ ഉപാധികള്‍, പാര്‍ക്കിങ് സൗകര്യം, ശൗചാലയം, നാപ്കിന്‍ മെഷീന്‍ തുടങ്ങിയ വിപുലമായ സൗകര്യങ്ങള്‍ പ്രീമിയം കഫെയിലുണ്ട്.  

കേരളീയ വിഭവങ്ങളും അറബിക്, ചൈനീസ് വിഭവങ്ങളും ഒപ്പം മലപ്പുറത്തിന്റെ തനതു രുചിക്കൂട്ടുകളും ലഭ്യമാണ്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കഫെയില്‍ ഏത് സമയവും തിരക്കാണ്.


 ഇന്ന് നിരവധി കുടുംബങ്ങളുടെ അത്താണിയാണ് ഷെരീഫ.  പിന്തുണയുമായി ഭര്‍ത്താവും മക്കളുമുണ്ട്. മകന്‍ ഫെബിയാസ്  കാര്‍ഡിയാക് സയന്‍സില്‍ വിദേശ പഠനം പൂര്‍ത്തിയാക്കി ജോലിക്കുള്ള തയ്യാറെടുപ്പിലാണ്. മകള്‍ ഫാത്തിമ ഫെമിനാ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററില്‍ വിദ്യാര്‍ത്ഥിനിയാണ്.

 ജില്ലയിലെ തന്നെ മികച്ച സംരംഭകരില്‍ ഒരാളായി മാറിയിരിക്കുകയാണ്  ഷരീഫ. 30 സ്ഥിരം ജീവനക്കാരും അത്യാവശ്യവും താല്‍ക്കാലിക ജീവനക്കാരും ഉണ്ട്. സ്വന്തമായി വീടായി, മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കി. ഓരോ സ്വപ്നവും യാഥാര്‍ഥ്യമാക്കി ആത്മവിശ്വാസത്തോടെ മുന്നേറുകയാണ് ഷരീഫ.

ചെറിയ കുട്ടിയെയും കൊണ്ട് ഉണ്ണിയപ്പ സഞ്ചിയുമായി പോകുമ്പോള്‍ നിറയെ പരിഹാസങ്ങള്‍ നേരിട്ടിട്ടുണ്ട്. അന്ന് തളര്‍ന്നിരുന്നെങ്കില്‍, വീട്ടില്‍ ഇന്നത്തെ നിലയില്‍ എത്തുമായിരുന്നില്ലെന്ന് ഷരീഫ  ഉറച്ചു പറയുന്നു. പത്ത് ഉണ്ണിയപ്പത്തില്‍ തുടങ്ങി, വമ്പന്‍ പാര്‍ട്ടി ഓര്‍ഡറുകള്‍ വരെ സ്വീകരിക്കുന്ന സംരംഭകയാണ് ഇന്ന് ഷരീഫ. വായ്പയ്ക്ക് അപേക്ഷിച്ചപ്പോള്‍ എങ്ങനെ നിങ്ങള്‍ തിരിച്ചടയ്ക്കും എന്ന് ചോദിച്ച ബാങ്കുകള്‍ ഇന്ന് ഷെരീഫയ്ക്കൊപ്പമാണ്. അതാണ് കുടുംബശ്രീയുടെ കരുത്തെന്നും ഷെരീഫ ഓര്‍ക്കുന്നു.


ഈ വാർത്ത കേൾക്കാം

Content Summary: From Unniappam to Premium Cafe, a Kudumbashree Success Story for Sherifa in Malappuram

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !