ബംഗളൂരു: ഐഎസ്എല്ലിലെ നിർണായക പ്ലേ ഓഫ് മത്സരം പൂർത്തിയാക്കാതെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ മൈതാനം വിട്ടു. ബംഗളൂരു എഫ്സിക്കെതിരായ മത്സരം നിശ്ചിത സമയത്ത് ഗോൾരഹിത സമനിയിൽ പിരിഞ്ഞിരുന്നു. മത്സരം അധിക സമയത്തേക്ക് നീണ്ടു. പിന്നാലെ ബംഗളൂരു എഫ്സി ഒരു ഗോൾ നേടി. ഈ ഗോൾ പക്ഷേ വിവാദമായി. പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് താരങ്ങൾ കോച്ചിന്റെ നിർദ്ദേശത്തിൽ മൈതാനം വിട്ടത്.
ഇതോടെ മത്സരം 1-0ത്തിന് ബംഗളൂരു വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. ജയത്തോടെ ബംഗളൂരു സെമിയിലേക്ക് മുന്നേറുകയും ചെയ്തു.
ഒരിക്കൽ കൂടി ബ്ലാസ്റ്റേഴ്സിന് നിരാശാജനകമായ മടക്കം. പക്ഷേ ഇത്തവണ വിവാദത്തിന്റെ അകമ്പടിയുമുണ്ട്. മാത്രമല്ല മത്സരം പൂർത്തിയാക്കാതെ പ്രതിഷേധിച്ച് ടീം പിൻമാറിയത് വലിയ നടപടികളിലേക്ക് നയിക്കാനും സാധ്യതയുണ്ട്. വിലക്കടക്കമുള്ള കാര്യങ്ങളും ഒരുപക്ഷേ ടീം നേരിടേണ്ടി വന്നേക്കും.
എക്സ്ട്രാ ടൈമിലെ 97ാം മിനിറ്റിലാണ് വിവാദ രംഗങ്ങൾ അരങ്ങേറിയത്. ഈ സമയത്ത് ബംഗളൂരുവിന് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചു.
ലഭിച്ച ഫ്രീകിക്ക് വേഗത്തില്‍ വലയിലാക്കി സുനില്‍ ഛേത്രിയാണ് ഗോളടിച്ചത്. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ പ്രതിഷേധിച്ചു. താരങ്ങള്‍ തയ്യാറാകുന്നതിന് മുന്നേ കിക്കെടുത്തെന്ന് ചൂണ്ടിക്കാൈട്ടിയായിരുന്നു പ്രതിഷേധം. ഗോൾ അനുവദിക്കരുതെന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങൾ വാദിച്ചു.
എന്നാൽ റഫറി വഴങ്ങിയില്ല. ബംഗളൂരുവിന് അനുകൂലമായി റഫറി ഗോള്‍ അനുവദിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് കോച്ച് ഇവാന്‍ വുകാമനോവിച്ച് താരങ്ങളോട് മൈതാനം വിടാന്‍ നിര്‍ദേശിച്ചത്. പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് മത്സരം ബഹിഷ്കരിച്ച് മൈതാനം വിട്ടത്.
നിശ്ചിത സമയത്ത് സ്വന്തം തട്ടകത്തില്‍ ബംഗളൂരുവിന്റെ ആക്രമണങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ പിഴവുകള്‍ മുതലെടുത്ത് ബംഗളൂരു നിരവധി മുന്നേറ്റങ്ങൾ നടത്തി. റോയ് കൃഷ്ണയുടെ മുന്നേറ്റങ്ങൾ പലപ്പോഴും ബ്ലാസ്റ്റേഴ്സ് പകുതിയിൽ ഭീതി വിതച്ചു. എന്നാൽ ഗോൾ മാത്രം നേടാൻ ബംഗളൂരുവിന് സാധിച്ചില്ല.
മറുഭാഗത്ത് ബ്ലാസ്റ്റേഴ്സ് പന്തടക്കത്തിലും പാസിങിലും മുന്നിൽ നിന്നെങ്കിലും ഗോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ കൊമ്പൻമാർക്ക് പിഴച്ചു. കൗണ്ടർ അറ്റാക്കുകളാണ് ബംഗളൂരുവിന്റെ ഭാഗത്തു നിന്നുണ്ടായത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് പിടിപ്പത് പണിയായിരുന്നു കണ്ഠീരവ സ്റ്റേഡിയത്തിൽ. ഒടുവിൽ നിശ്ചിത സമയം ഗോൾരഹിതമായി അവസാനിച്ചു.
എക്‌സ്‌ട്രൈ ടൈമിന്റെ തുടക്കത്തില്‍ തന്നെ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തി. അതിനിടെയാണ് ബംഗളൂരുവിന് അനുകൂലമായുള്ള ഫ്രീ കിക്കും നാടകീയ രംഗങ്ങളും.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Controversial free kick goal; Blasters leaving the field without finishing the game, dramatic scenes
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !