ലണ്ടൻ: അർജന്റീനയുടെ ലോകകപ്പ് ഫുട്ബോൾ കിരീട നേട്ടത്തിൽ മെസിയോളം പങ്കു വഹിച്ച താരമാണ് അവരുടെ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ്. ഫൈനലിലെ നിർണായക സേവടക്കം താരത്തിന്റെ മിന്നും പ്രകടനം ശ്രദ്ധേയമായിരുന്നു. ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരവും ഫിഫ ദ ബെസ്റ്റിലെ മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരവും എമി സ്വന്തമാക്കുകയും ചെയ്തു. ഇപ്പോഴിതാ കാൻസർ ബാധിച്ച കുട്ടികൾക്ക് വലിയ സഹായവുമായി എത്തുകയാണ് അർജന്റൈൻ ഗോൾ കീപ്പർ.
കാൻസർ ബാധിച്ച കുട്ടികളെ ചികിത്സിക്കുന്ന ആശുപത്രിക്കാണ് താരത്തിന്റെ ശ്രദ്ധേയ സംഭാവന. ഫ്രാൻസിനെതിരായ ഫൈനലിൽ താരം ഉപയോഗിച്ച ഗോൾ കീപ്പിങ് ഗ്ലൗസുകൾ താരം ലേലത്തിന് വച്ചു. ഇതിൽ നിന്ന് ലഭിച്ച തുക താരം ആശുപത്രിക്ക് കൈമാറി. ലോക കിരീട സമ്മാനിക്കുന്നിൽ നിർണായകമായി മാറിയ ഗ്ലൗസുകൾ ലേലത്തിൽ പോയത് 45,000 ഡോളറിന് (ഏതാണ്ട് 36 ലക്ഷം രൂപ). ലേലത്തിൽ ലഭിച്ച ഈ മുഴുവൻ തുകയും ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കായി താരം കൈമാറി.
അര്‍ജന്റീന പീഡിയാട്രിക്ക് ഫൗണ്ടേഷനാണ് വാര്‍ത്ത പുറത്തുവിട്ടത്. അര്‍ജന്റീനയിൽ കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ ഗരാഹൻ ഹോസ്പിറ്റലിനാണ് തുക കൈമാറിയത്. ഓങ്കോളജി വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കാണ് തുക വിനിയോഗിക്കുക. കുട്ടികളെ സഹായിക്കുന്നതിനേക്കാള്‍ വലുതല്ല ലോകകപ്പ് നേടിയ ഗ്ലൗസുകളെന്ന് താരം ലേലത്തിന് ശേഷം പ്രതികരിച്ചു.
ഫൈനലില്‍ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ കീഴടക്കിയാണ് അര്‍ജന്റീന കിരീടമുയര്‍ത്തിയത്. മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടുന്നതിലും ഷൗട്ടൗട്ടിൽ ടീമിനെ വിജയിപ്പിക്കുന്നതിലും താരത്തിന്റെ ഗ്ലൗസണിഞ്ഞ കരങ്ങൾ നിർണായകമായി. എക്സ്ട്രാ ടൈമിൽ മത്സരം 3-3 എന്ന സ്കോറിൽ നിൽക്കെ അവസാന നിമിഷങ്ങളിൽ ഫ്രഞ്ച് താരം കോലോ മുവാനിയുടെ ഗോളെന്നുറച്ച ഷോട്ട് താരം അത്ഭുതകരമായി തടഞ്ഞിരുന്നു. ആ ഗോൾ വഴങ്ങിയിരുന്നെങ്കിൽ ഫ്രാൻസ് വിജയിക്കുമായിരുന്നു.
എമിയുടെ ആ ഒരൊറ്റ വണ്ടർ സേവാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടിയത്. ഷൂട്ടൗട്ടില്‍ എമിലിയാനോയുടെ തകര്‍പ്പന്‍ സേവുകൾ കളിയുടെ ഗതി തീരുമാനിച്ചു. ഒപ്പം അർജന്റീനയ്ക്ക് 36 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോക കിരീടമെന്ന നേട്ടവും. ഷൂട്ടൗട്ടില്‍ 4-2 നായിരുന്നു അര്‍ജന്റീനയുടെ വിജയം.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: The gloves given by the World Cup will now 'save' children suffering from cancer; Emiliano Martinez wins hearts
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !